Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴി കിട്ടാൻ വഴിയുണ്ടോ

path-way-fence Representative image

കൃഷിയും നിയമവുംഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

ഞങ്ങൾ താമസിക്കുന്ന വീടു കൂടാതെ എന്റെ അച്ഛന് പാടത്തിൻകരയിൽ പത്തു സെന്റ് സ്ഥലമുണ്ട്. പക്ഷേ, അവിടേക്ക് വഴിയില്ല. മുൻപ് ഈ പത്തു സെന്റിൽ വീടുണ്ടായിരുന്നു. അന്ന് വരമ്പായിരുന്നു വഴി. വീട് കാലപ്പഴക്കം വന്നു നശിച്ചുപോയി. ഞങ്ങൾക്ക് ഈ സ്ഥലം വിൽക്കണമെന്നുണ്ട്. പക്ഷേ വഴി ഇല്ലാത്തതു കാരണം എല്ലാവരും പിൻവാങ്ങുന്നു. ഈ പാടത്തു കൂടി വഴി കിട്ടാൻ നിയമപരമായി സാധ്യതയുണ്ടോ.

മനു, കോതച്ചിറ

പാടങ്ങളുടെ വരമ്പിൽകൂടി ആളുകൾ നടന്നുപോകുന്നത് അവകാശമായി സാധാരണഗതിയിൽ പരിഗണിക്കാനാവില്ല. എന്നാൽ ഈ വരമ്പാണ് നിങ്ങളുടെ സ്ഥലത്തെത്താനുള്ള ഏകവഴിയെന്നും 20 വർഷത്തിലേറെയായി പരസ്യമായും തടസ്സം കൂടാതെയും അവകാശമെന്ന നിലയിൽ ഉപയോഗിച്ചുവരികയാണെന്നും ഈ വഴിയില്ലെങ്കിൽ പത്തു സെന്റ് സ്ഥലം ഉപയോഗശൂന്യമാകുമെന്നും തെളിയിച്ചാൽ വഴിയവകാശം സ്ഥാപിച്ചെടുക്കാനായേക്കും. വസ്തുതകൾ മുഴുവൻ ഒരു വക്കീലുമായി ആലോചിച്ച് അദ്ദേഹത്തിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുക. നടവരമ്പിന്റെ മീതെയുള്ള വഴി പൊതുവഴിയല്ലെന്നു പഞ്ചായത്ത് നിയമത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

റോഡിന്റെ ഉടമസ്ഥാവകാശം

എന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിലവിലുണ്ടായിരുന്ന മൺറോഡിൽ 2016 മാർച്ചില്‍ ഞങ്ങളുടെ ഗ്രാമപഞ്ചായത്ത് കോൺക്രീറ്റ് ഇട്ടു. ഈ റോഡ് നാട്ടുകാർ വെട്ടിയതും വളരെ വർഷങ്ങളായി ആളുകൾ ഉപയോഗിക്കുന്നതുമാണ്. ഇതിപ്പോള്‍ പഞ്ചായത്ത് റോഡ് ആണോ എന്ന് എനിക്കറിയില്ല. ഏതായാലും ഈ റോഡിൽ ഒരു നിർമാണപ്രവൃത്തിയും നടത്താൻ ഞാനോ ഈ പ്രദേശത്ത് റോഡിന്റെ ഇരുവശത്തും താമസിക്കുന്നവരോ പഞ്ചായത്തിനു സമ്മതപത്രം നൽകിയിട്ടില്ല.

way-path-road Representative image

സ്ഥലമുടമസ്ഥന്റെ സമ്മതപത്രമില്ലാതെ പഞ്ചായത്ത് സെക്രട്ടറി സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിർമാണപ്രവൃത്തി നടത്തുന്നത് നിയമാനുസൃതമാണോ? പഞ്ചായത്തിന് ഉടമസ്ഥാവകാശമില്ലാത്ത സ്ഥലത്ത് പഞ്ചായത്ത് ഫണ്ട് ചെലവഴിച്ചു നിർമാണപ്രവൃത്തി നടത്താൻ സെക്രട്ടറിക്ക് അധികാരമുണ്ടോ? ഈ റോഡിനു മേൽ പഞ്ചായത്തിനുള്ള അവകാശം സംബന്ധിച്ച രേഖ ആവശ്യപ്പെട്ടപ്പോൾ സെക്രട്ടറി നൽകിയ മറുപടിയിൽ ഈ റോഡ് പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉണ്ട് എന്നതല്ലാതെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള മറ്റൊരു രേഖയും പഞ്ചായത്തിൽ ഇല്ലെന്നാണു പറയുന്നത്. പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന ഒറ്റക്കാരണത്താൽ ഒരു സ്വത്തിന്മേൽ പഞ്ചായത്തിന് ഉടമസ്ഥാവകാശം ലഭിക്കുമോ.

ജോസഫ് കുട്ടി, മടിയത്ത് വീട്, കൊളക്കാട് പി.ഒ., കണ്ണൂർ

ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലും കൈവശത്തിലും ഇരിക്കുന്ന സ്ഥലത്ത് ബലമായി പ്രവേശിക്കുന്നതിനോ എന്തെങ്കിലും അനധികൃത നിര്‍മാണം നടത്തുന്നതിനോ പഞ്ചായത്തിന് അധികാരമില്ല. അങ്ങനെ ചെയ്താൽ അത് നഗ്നമായ കയ്യേറ്റമാകും.

എന്നാൽ ദേശീയപാതയോ സംസ്ഥാനപാതയോ മേജർ ജില്ലാ റോഡോ ആയി തരംതിരിച്ചിട്ടുള്ള റോഡുകൾ ഒഴികെ പഞ്ചായത്ത് പ്രദേശത്തുള്ള എല്ലാ പൊതുവഴികളും മറ്റു വില്ലേജ് റോഡുകളും പാതകളും വഴിയും പൂർണമായി കൈമാറ്റം ചെയ്തതായും പഞ്ചായത്തിൽ നിക്ഷിപ്തമായതായും കണക്കാക്കണമെന്നാണ് പഞ്ചായത്ത് നിയമം 169–ാം വകുപ്പിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെ പഞ്ചായത്തിൽ നിക്ഷിപ്തമായ വഴികളാണ് ആസ്തി റജിസ്റ്ററിൽ ചേർക്കുക. പൊതുവഴി പഞ്ചായത്ത് നിയമത്തിൽ നിർവചിച്ചിട്ടുണ്ട്. ‘‘ഒരു പൊതുനിരത്തിലായിരുന്നാലും അല്ലെങ്കിലും പൊതുജനങ്ങൾക്ക് വഴിയായി ഉപയോഗിക്കുവാൻ അവകാശമുള്ളതായ ഏതെങ്കിലും തെരുവ്, റോ‍ഡ്, ചത്വരം, മുറ്റം, ഇടവഴി, വണ്ടിപ്പാത, നടപ്പാത അഥവാ സവാരിപ്പാത എന്നർഥമാകുന്നു’’ എന്നാണ് നിർവചനം.

അതായത്, പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ 169–ാം വകുപ്പനുസരിച്ച് അവകാശമുള്ള പൊതുവഴിയാണോ എന്നുള്ളതാണ് പ്രധാന പ്രശ്നം. പൊതുവഴികളെല്ലാം പഞ്ചായത്ത് നിയമം അനുസരിച്ച് പഞ്ചായത്തിൽ നിക്ഷിപ്തമാകുന്നതുകൊണ്ടാണ് പഞ്ചായത്തിന്റെ സ്വത്തുവിവരം കാണിക്കുന്ന റജിസ്റ്ററിൽ ചേർക്കുന്നത്. ആസ്തി റജിസ്റ്ററിൽ ചേർത്തിട്ടുള്ള വഴി പഞ്ചായത്തിൽ നിക്ഷിപ്തമായ പൊതുവഴിയല്ലെന്നും വ്യക്തികൾ മാത്രം ഉപയോഗിക്കുന്ന സ്വകാര്യവഴിയാണെന്നും തർക്കമുണ്ടായാൽ അത് തീരുമാനിക്കുന്നത് പ്രസക്തമായ തെളിവുകളും സാഹചര്യവും കണക്കിലെടുത്താണ്. അല്ലാതെ ആസ്തി റജിസ്റ്ററിനെ മാത്രം ആശ്രയിച്ചല്ല. പൊതുജനങ്ങളുടെ ആവശ്യത്തിനാണെങ്കിൽതന്നെ ഒരു സ്വകാര്യവസ്തുവിൽകൂടി വഴി വെട്ടാന്‍ ആർക്കും അവകാശമില്ല. അതിന് ഉടമസ്ഥന്‍ പൂർണമായി സമ്മതിച്ച് സ്ഥലം നിരുപാധികം വിട്ടുകൊടുക്കണം. ഈ വിഷയത്തിൽ  പ്രസക്തമായ ഒരു ഹൈക്കോടതി വിധിയുമുണ്ട്.

വായിക്കാം ഇ - കർഷകശ്രീ

മറിയം ബീവിയും അതിരമ്പുഴ ഗ്രാമപഞ്ചായത്തും തമ്മിലുള്ള കേസിലെ ഈ വിധിന്യായം 2015 കേരള ലോ ടൈംസ് രണ്ടാം വാല്യം 768–ാം പേജിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഞ്ചായത്തു പ്രദേശത്തുള്ള ഏതുതരത്തിൽപെടുന്ന വഴിയും 169–ാം വകുപ്പനുസരിച്ച് പഞ്ചായത്തിൽ നിക്ഷിപ്തമാണെന്നാണ് ആ വിധിയിൽ പറഞ്ഞിരിക്കുന്നത്. പിന്നീട് മറിച്ചൊരു വിധി ഉണ്ടായതായി അറിവില്ല. പഞ്ചായത്ത് പ്രദേശത്തുള്ള മറ്റ് വില്ലേജ് റോഡുകൾ, പാത, തെരുവ് അഥവാ ഇടവഴി എന്നിവയെപ്പറ്റി ആ കേസിലെ വിധിയിൽ പരാമർശിക്കുന്നുണ്ട്. തർക്കം ഉണ്ടെങ്കിൽ പഞ്ചായത്തിന് നിയമാനുസരണം നോട്ടീസ് നല്‍കിയ ശേഷം കോടതിയില്‍ കേസ് കൊടുക്കേണ്ടിവരും.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in