Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റമസാൻ, തിരിച്ചറിവിന്റെ മാസം

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, (പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ)
ramasan-boy-prayer-

പുണ്യം നിറഞ്ഞൊഴുകുന്ന നാളുകൾ സമാഗതമായിരിക്കുന്നു. വിശ്വാസികൾ സ്വന്തം താൽപര്യങ്ങൾ മാറ്റിവച്ച് സ്രഷ്ടാവിന്റെ താൽപര്യം മാത്രം കാംക്ഷിച്ച് പ്രഭാതം മുതൽ പ്രദോഷം വരെ ശരീരാസക്തികൾ മറക്കേണ്ട ദിനങ്ങളാണു വന്നെത്തിയിരിക്കുന്നത്. ഉണ്ണാനില്ലാത്തവന്റെ നിലവിളികളും വിഹ്വലതകളും ആർത്തനാദങ്ങൾ സൃഷ്ടിക്കുമ്പോൾ, വിശക്കുന്നവന്റെ ദീനവിലാപങ്ങളുടെ കാരണമറിയാൻ മനുഷ്യർക്കു നിർണയിച്ചതാണ് വ്രതാനുഷ്ഠാനം. വിശുദ്ധ ഖുർആൻ പറയുന്നു: മനുഷ്യവർഗത്തിന് സന്മാർഗമായും മാർഗദർശനത്തിന്റെയും സത്യാസത്യ വിവേചനത്തിന്റെയും വ്യക്തമായ ദൃഷ്ടാന്തമായും ഖുർആൻ ഇറക്കപ്പെട്ട മാസമത്രേ റമസാൻ. അതിനാൽ നിങ്ങൾ ആ മാസത്തിനു സാക്ഷികളായാൽ വ്രതമനുഷ്ഠിക്കുക (വിശുദ്ധ ഖുർആൻ – 2:185). വ്രതം ഒരേസമയം വിശ്വാസിയെ ശുദ്ധീകരിക്കാനും സഹജീവികളുടെ നിലവിളികൾക്കു നേരെ ശ്രദ്ധ ക്ഷണിക്കാനുമുള്ള അനുഷ്ഠാനമാണ്. 

റമസാൻ തിരിച്ചറിവിന്റെ മാസമാണ്. തിരിച്ചറിവുകൾ നഷ്ടപ്പെടുമ്പോഴാണ് ധാർമിക മൂല്യങ്ങൾക്ക് അപചയം ബാധിക്കുന്നത്. ഇവിടെ ഓരോ റമസാനും തിരിച്ചറിവും തിരിച്ചുവരവും ഓർമിപ്പിക്കുകയാണ്. ദൈവത്തിന്റെ ഉത്കൃഷ്ടനായ സൃഷ്ടിക്ക് ജീവിതതാളം വീണ്ടെടുക്കാനുള്ള മാസമാണിത്. നന്മകളിലൂടെയുള്ള ജീവിതം സ്വായത്തമാക്കാൻ മനുഷ്യനെ പ്രാപ്തമാക്കുകയാണ്, ഒരുമാസക്കാലത്തെ റമസാൻ പരിശീലനം. പാപികൾക്കു നന്മയിലേക്കുള്ള, പ്രതീക്ഷയുടെ വാതിൽ തുറന്നാണ് ഓരോ റമസാനും കടന്നുവരുന്നത്. 

സഹജീവി അനുഭവിക്കുന്ന പട്ടിണിയുടെ നോവ്, റമസാൻ വ്രതത്തിലൂടെ ഓരോ വിശ്വാസിയും അനുഭവിച്ചറിയുന്നു. കേട്ടറിവിനെക്കാളും കണ്ടറിവിനെക്കാളും തീവ്രമാണല്ലോ അനുഭവജ്ഞാനം. വേദനകളനുഭവിച്ചറിയുന്ന വിശ്വാസിയുടെ ഹൃദയം നിർമലമാവുന്നു. ദാനധർമങ്ങൾ പതിന്മടങ്ങായി വർധിക്കുന്നു. ഇത് റമസാന്റെ മാത്രം പ്രത്യേകതയാണ്. വേദനകൾ അനുഭവിച്ചറിഞ്ഞ്, അതു നിർമാർജനം ചെയ്യാനുള്ള പ്രവൃത്തികളിലേക്കു സ്വയം സമർപ്പിക്കാനുള്ള സമയമാണിത്. എല്ലാ മേഖലയിലും മിതവ്യയവും മിതമായ ഉപഭോഗവുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആർഭാടത്തിൽ ജീവിച്ച്, അനിയന്ത്രിതമായി ഭക്ഷണം കഴിക്കുക മാത്രമല്ല പാഴാക്കുകയും ചെയ്ത്, ഭക്ഷണം ദൈവത്തിന്റെ മഹത്തായ അനുഗ്രഹമാണെന്നു തിരിച്ചറിയാതെ പോകുന്നവർക്ക് വ്രതത്തിലൂടെ ഒരു പരിവർത്തനം സാധ്യമാകണം. പകൽ മുഴുവൻ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ ശരീരത്തെ കഠിനപരിശീലനത്തിനു വിധേയമാക്കുന്നു. യഥേഷ്ടം വിഭവങ്ങളുടെ സാന്നിധ്യത്തിലും വിഭവനിഷേധം പരിശീലിക്കുന്നു.  ധാരാളിത്തത്തിലും ഇല്ലായ്മയുടെ കാഠിന്യം അറിയുന്നു. വിജ്ഞാനത്തിന്റെ മാസമാണ് റമസാൻ. പഠനത്തിനും മനനത്തിനും പ്രത്യേകം സമർപ്പിക്കേണ്ട കാലം. വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണിത്. മതത്തെക്കുറിച്ചും ഖുർആനെക്കുറിച്ചും പഠിക്കേണ്ട കാലം. 

മിതവാദത്തിന്റെ മതമാണ് ഇസ്‌ലാം. ആരാധനാകാര്യങ്ങളിൽപോലും  തീവ്രത പാടില്ലെന്നാണ് പ്രവാചകൻ മുഹമ്മദ് നബി (സ) പഠിപ്പിച്ചത്. ചരിത്രങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി ചർച്ചചെയ്യുന്നതാണ് തെറ്റിദ്ധാരണകൾ പരത്തുന്നത്. ഇസ്‌ലാമിനെക്കുറിച്ച് അതിന്റെ മൂലസ്രോതസ്സുകളിൽ നിന്നു പഠിക്കാത്തവരാണ് മതത്തെ തീവ്രവാദവുമായി ചേർത്തു സംസാരിക്കുന്നത്. അവർ മതവിരുദ്ധ ശക്തികളുടെ കയ്യിലെ പാവകളാണ്. സഹജീവികളെ സ്നേഹിക്കാനും അവരുടെ വേദന അറിയാനും കരുണയോടെ പ്രവർത്തിക്കാനുമാണ് മതം പഠിപ്പിക്കുന്നത്. അത്തരം പാഠങ്ങൾ സജീവമായി പ്രാവർത്തികമാക്കാനുള്ള കാലമാണ് റമസാൻ. ജീവകാരുണ്യപ്രവർത്തനങ്ങൾ ഈ മാസത്തിൽ അധികരിപ്പിക്കുന്നതിന്റെ കാരണവും ഇതുതന്നെ. 

മാനവസമൂഹത്തിനു റമസാൻ ഒരോർമപ്പെടുത്തലാണ്. ഇരുളിലാണ്ടവർക്കു വെളിച്ചത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ. ഉയർന്ന ജീവിത നിലവാരത്തിലുള്ളവർക്ക് അതു കിട്ടാത്തവരെ മനസ്സിലാക്കാനുള്ള വഴി. ഉന്നത സാമ്പത്തികസ്ഥിതിയും ഉയർന്ന ജീവിതസൗകര്യവും അനുഭവിക്കുന്ന ഒരാൾ തന്റെ സഹജീവികളെക്കുറിച്ചു ചിന്തിക്കാൻ പലപ്പോഴും തുനിയാറില്ല. മനസ്സിൽ പ്രതിഷ്ഠിച്ച അഹന്തയാണിതിനു ഹേതു. 

മനസ്സിൽ പണത്തെക്കാളും അതിന്റെ ആർത്തികളെക്കാളും ഉയരത്തിൽ ദൈവബോധം പ്രതിഷ്ഠിച്ചവർ വിനീതരായിത്തീരും. മറ്റുള്ളവരെ ഇകഴ്ത്തുന്ന വികാരങ്ങളെ വ്രതാനുഷ്ഠാനത്തിലൂടെ അറുത്തുമാറ്റാനാകുന്നു. ‘‘നീ ജനങ്ങളെ പുച്ഛിക്കരുത്. പൊങ്ങച്ചംകാട്ടി ഭൂമിയിലൂടെ നടക്കുകയുമരുത്. അഹങ്കരിച്ചും ഊറ്റംകൊണ്ടും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല’’ (ഖുർആൻ). മനുഷ്യമനസ്സുകളെ സമൂലമായി പരിവർത്തിപ്പിക്കുകയാണ് വ്രതാനുഷ്ഠാനവും റമസാനും ചെയ്യുന്നത്.