Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപതിരഞ്ഞെടുപ്പ് സ്കോർ: ബിജെപി സഖ്യം 3, പ്രതിപക്ഷം 11

cartoon

നാലു ലോക്സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലുമായി നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കും സഖ്യകക്ഷികൾക്കുമായി ലഭിച്ചതു മൂന്ന്; പ്രതിപക്ഷ കക്ഷികൾക്കു 11. ഭരണാനുകൂലവിധിയാണ് ഉത്തരാഖണ്ഡ്, പഞ്ചാബ്, ബംഗാൾ, കേരളം നിയമസഭാ മണ്ഡലങ്ങളിലുണ്ടായത്. കർണാടകയിൽ മാറ്റിവച്ച തിരഞ്ഞെടുപ്പാണു നടന്നത്. 

യുപി

കയ്റാന (ലോക്സഭ): ഗോരഖ്പുർ, ഫുൽപുർ ലോക്സഭാ മണ്ഡലങ്ങളിൽ തുടക്കമിട്ട സംയുക്ത പ്രതിപക്ഷ സഖ്യം ഹാട്രിക് തികച്ചു. തബസും ഹസൻ (ആർഎൽഡി) ഈ ലോക്സഭയിൽ യുപിയിൽനിന്നുള്ള ഏക മുസ്‌ലിം അംഗമായി. 

നൂർപുർ (നിയമസഭ): ബിജെപി സീറ്റ് സമാജ്‌വാദി പാർട്ടിയുടെ നയീമുൽ ഹസൻ പിടിച്ചെടുത്തു. 

മഹാരാഷ്ട്ര

പാൽഘർ (ലോക്സഭ): തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു കോൺഗ്രസ് വിട്ടെത്തിയ രാജേന്ദ്ര ഗാവിത് വഴി ബിജെപി സീറ്റ് നിലനിർത്തി. ബിജെപിയുടെ ചിന്താമൻ വൻഗയുടെ മരണത്തോടെയാണ് തിരഞ്ഞെടുപ്പു വേണ്ടിവന്നത്. വൻഗയുടെ മകൻ ശ്രീനിവാസ് ശിവസേനാ സ്ഥാനാർഥിയായതോടെ മൽസരം എൻഡിഎ കക്ഷികൾ തമ്മിലായി. ബിജെപിയുടെ പ്രാദേശിക സഖ്യകക്ഷി ബഹുജൻ വികാസ് അഘാഡി മൂന്നാമതും സിപിഎം നാലാമതുമെത്തി. എൻസിപി പിന്തുണയോടെ മൽസരിച്ച കോൺഗ്രസിന് അഞ്ചാം സ്ഥാനം.

ഭണ്ഡാര ഗോണ്ടിയ (ലോക്സഭ): കോൺഗ്രസ് പിന്തുണയോടെ എൻസിപി ബിജെപിയുടെ സീറ്റ് പിടിച്ചെടുത്തു. 2014ൽ കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയ നാനാ പഠോളെ അന്ന് എൻസിപി കരുത്തൻ പ്രഫുൽ പട്ടേലിൽനിന്നു പിടിച്ചെടുത്ത മണ്ഡലം. പഠോളെ കോൺഗ്രസിൽ ചേർന്നതോടെയാണ് തിരഞ്ഞെടുപ്പു നടന്നത്. 

പാലുസ് കഡേഗാവ് (നിയമസഭ): കോൺഗ്രസിന്റെ വിശ്വജീത് കദം എതിരില്ലാതെ ജയിച്ചു. പതംഗ്‌റാവു കദത്തിന്റെ നിര്യാണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ മകനു ശിവസേന പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിയും പിന്മാറി. 

ബിഹാർ

ജോകിഹത് (നിയമസഭ): ജെഡിയുവിന്റെ മണ്ഡലം ആർജെഡിയുടെ ഷാനവാസ് ആലം പിടിച്ചെടുത്തു. 

ജാർഖണ്ഡ്

കോൺഗ്രസ്, ജാർഖണ്ഡ് വികാസ് മോർച്ച പിന്തുണയോടെ ജെഎംഎം രണ്ടു സിറ്റിങ് സീറ്റുകൾ നിലനിർത്തി. സില്ലി (നിയമസഭ): ജെഎംഎമ്മിലെ സീമാ മഹതോ ബിജെപിയുടെ സഖ്യകക്ഷിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെ (എജെഎസ്‌യു) സുദേശ് മഹതോയെ തോൽപിച്ചു.

ഗോമിയ (നിയമസഭ): ജെഎംഎമ്മിലെ ബബിത ദേവി എജെഎസ്‌യുവിലെ ലംബോധര മഹാതോയെ തോൽപിച്ചു. ഒറ്റയ്ക്കു മൽസരിച്ച ബിജെപി മൂന്നാമത്. 

ഉത്തരാഖണ്ഡ്

തരളി (നിയമസഭ): ബിജെപിയുടെ മഗൻലാൽ ഷാ മരിച്ചതിനെത്തുടർന്നുള്ള ഒഴിവിൽ ഭാര്യ മുന്നിദേവി കോൺഗ്രസിനെ തോൽപിച്ചു.

പ‍ഞ്ചാബ്

ഷാകോട്ട് (നിയമസഭ): അഞ്ചുതവണ എംഎൽഎയായിരുന്ന അജിത് സിങ് കൊഹാർ (അകാലിദൾ) മരിച്ചതിനെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ മകൻ നയിബ് സിങ് കൊഹാറിനെ കോൺഗ്രസിന്റെ ഹർദേവ് സിങ് ലാഡി തോൽപിച്ചു. 117 അംഗ സഭയിൽ 78 സീറ്റുമായി കോൺഗ്രസിന് മൂന്നിൽ രണ്ടു ഭൂരിപക്ഷമായി.

ബംഗാൾ

മഹേഷ്സ്ഥല (നിയമസഭ): തൃണമൂലിന്റെ കസ്തൂരി ദാസ് മരിച്ചതിനെത്തുടർന്നുള്ള ഒഴിവിൽ ഭർത്താവ് ദുലാസ് ദാസിന് 62,827 വോട്ടിന്റെ ഭൂരിപക്ഷം. തൃണമൂലിന് 1,04,814 വോട്ടും ബിജെപിക്കു 41,987 വോട്ടും കോൺഗ്രസ് പിന്തുണയോടെ മൽസരിച്ച സിപിഎമ്മിനു 30,316 വോട്ടും.  

നാഗാലാൻഡ്

നാഗാലാൻഡ് (ലോക്സഭ): ബിജെപി സഖ്യകക്ഷിയായ എൻഡിപിപിയുടെ തോഖിഹോ യെപ്തോമി കോൺഗ്രസ് പിന്തുണയുള്ള എൻപിഎഫ് സ്ഥാനാർഥി സി. അപോക് ജാമിറിനെ തോൽപിച്ചു. എൻഡിപിപി സീറ്റ് നിലനിർത്തി.

മേഘാലയ

അമ്പാട്ടി (നിയമസഭ): മുൻ കോൺഗ്രസ് മുഖ്യമന്ത്രി മുകുൾ സങ്മയുടെ മകൾ മിയാനി ഡി ഷിറ എൻപിപിയുടെ ക്ലെന്റ് ജി മോമിനെ തോൽപിച്ചു. രണ്ടു സീറ്റിൽ ജയിച്ച മുകുൾ സങ്മ അമ്പാട്ടി ഒഴിയുകയായിരുന്നു. കോൺഗ്രസിന് 21 സീറ്റായി; ബിജെപി സഖ്യ സർക്കാരി‌നെ നയിക്കുന്ന എൻപിപിയെക്കാൾ ഒരു സീറ്റ് കൂടുതൽ.

related stories