Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരത്ത് ആശങ്ക തിരയടിക്കുന്നു

അറുനൂറു കിലോമീറ്ററോളം തീരദേശവും തീരത്തെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹവുമുള്ള കേരളം, കടൽക്ഷോഭത്തിന്റെ കെടുതികളിലും ആശങ്കകളിലും വലയുകയാണിപ്പോൾ. കാലവർഷം ശക്തിപ്രാപിക്കുന്നതിനു മുൻപേ പലയിടത്തും കടൽക്കലി ഉയർന്നുകഴിഞ്ഞു. കഴിഞ്ഞമാസങ്ങളിൽ തന്നെ കടൽക്ഷോഭംകൊണ്ട് സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഒട്ടേറെ നഷ്ടമുണ്ടായ സാഹചര്യത്തിൽ, വരുന്ന കൊടുംമഴക്കാലത്തെ നേരിടാൻ കടലോരകേരളം എത്രത്തോളം സജ്ജമാണെന്ന ചോദ്യം പ്രസക്തമാണ്.

കഴിഞ്ഞ ഏപ്രിലിലും മേയിലുംതന്നെ ശക്തമായ കടൽത്തിരകൾ പലഭാഗങ്ങളിലും കടൽഭിത്തിയും കടന്നു കരയിലേക്ക് അടിച്ചുകയറിയിരുന്നു. കടൽഭിത്തി തകർന്നുകിടക്കുന്ന ഭാഗങ്ങളിൽ ശക്തമായ തിര കരയെ അടർത്തിയെടുത്തു കൊണ്ടുപോയിട്ടുമുണ്ട്. കഴിഞ്ഞ രണ്ടുമാസങ്ങളിലായി നൂറുകണക്കിനു വീടുകളാണു നമ്മുടെ തീരങ്ങളിൽ തകർന്നത്. ഒരുവർഷം കഷ്ടപ്പെട്ടു സമ്പാദിച്ചതെല്ലാം ഒറ്റത്തിരയ്ക്കുതന്നെ തകർന്നടിയുന്നതു നോക്കിനിൽക്കേണ്ട ഗതികേടിലാണു പല മേഖലകളിലും കടലിന്റെ മക്കൾ. കടൽകയറി ചിലയിടത്തു തീരദേശ റോഡുകൾ തകർന്നിട്ടുമുണ്ട്.

വേനലിൽ അപ്രതീക്ഷിതമായി ഉണ്ടായ കടൽക്ഷോഭത്തിന്റെ കെടുതി അവസാനിക്കുമ്പോഴേക്കും കാലവർഷം കലിതുള്ളി വരുന്നതിന്റെ ആശങ്കയിലാണു മത്സ്യത്തൊഴിലാളികൾ. പല തീരമേഖലയിലും കടലാക്രമണം ശക്തമായി തുടരുന്നതോടെ, മൽസ്യബന്ധനത്തിനു പോകാനാകാതെ തീരങ്ങൾ പട്ടിണിയിലേക്കു നീങ്ങുകയാണ്. വരുന്ന ഞായറാഴ്ച ട്രോളിങ് നിരോധനം തുടങ്ങുന്നതോടെ വറുതി വലവിരിക്കുകയും ചെയ്യും. 

കടലാക്രമണം ചെറുക്കുന്നതിന് അധികൃതർ സ്വീകരിച്ച നടപടികൾ മിക്കതും പൂർണവിജയമായിട്ടില്ലെന്നതാണു യാഥാർഥ്യം. ഓരോ വർഷവും ശതകോടികളുടെ നഷ്ടം സംഭവിക്കുന്നുണ്ടെങ്കിലും കടലാക്രമണത്തെ നേരിടാൻ ശാശ്വതമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തിന്റെ തീരദേശത്തിന്റെ 63% ഭാഗവും കടലാക്രമണ ഭീഷണിയിലാണെന്നു കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം നേരത്തേ മുന്നറിയിപ്പു നൽകിയത് ഇതോടുചേർത്ത് ഓർമിക്കുകയും ചെയ്യാം. 

കടൽഭിത്തി ഇല്ലാത്തിടത്തു ഭിത്തി പണിയുകയും കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തുകയും ചെയ്താൽ കടൽക്ഷോഭത്തെ ചെറുക്കുന്നതിന് ഒരുപരിധിവരെ സഹായമാവുമെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നുണ്ട്. പലയിടത്തും ജനങ്ങൾ മണൽചാക്കുകളും മറ്റും അടുക്കി സ്വയം പ്രതിരോധം തീർക്കുകയാണു ചെയ്യുന്നത്. ഒന്നുകിൽ കടൽഭിത്തി കെട്ടുക, അല്ലെങ്കിൽ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കുക എന്നതാണ് ഓരോ കടൽക്ഷോഭവേളയിലും തീരവാസികളുടെ ആവശ്യം. പുലിമുട്ടു നിർമാണം പൂർത്തിയാക്കാത്തതാണു കടലാക്രമണം തടയാൻ സാധിക്കാത്തതിന്റെ കാരണമെന്ന നിലപാടിലാണു പലയിടത്തും തീരവാസികൾ. അധികൃതർ കടലാക്രമണ സമയങ്ങളിൽ ഏതാനും പാറകൾ നിരത്തി തടിതപ്പുന്നതാണ് അവരെ ദുരിതത്തിലാക്കുന്നത്. 

കടലാക്രമണ മേഖലകളിൽ തീരസുരക്ഷയ്ക്കായി ശാസ്ത്രീയമായ പുലിമുട്ട്, കടൽഭിത്തി എന്നിവയുടെ നിർമാണം വേഗത്തിലാക്കുമെന്നു മുൻപു സർക്കാർ പ്രഖ്യാപിച്ചത് ഇപ്പോഴും കടലാസിൽത്തന്നെയാണ്. ഓരോ പ്രദേശത്തിനും അനുയോജ്യരീതിയിൽ ശാസ്ത്രീയമായി പുലിമുട്ടുകളും കടൽഭിത്തികളും നിർമിച്ചു കടൽത്തീരം സംരക്ഷിക്കാൻ സമഗ്ര പദ്ധതി തയാറാക്കണമെന്ന് ഓഖി ദുരന്തത്തിനുശേഷം, മലയാള മനോരമ സംഘടിപ്പിച്ച വിദഗ്ധരുടെ ആശയക്കൂട്ടം നിർദേശിച്ചിരുന്നു. ഓഖി ചുഴലിക്കാറ്റുദുരന്തം നൽകിയ പ്രതിരോധപാഠങ്ങൾ ഈ കാലവർഷത്തിലെ കടൽക്കെടുതിക്കു മുൻപെങ്കിലും പ്രായോഗികമാക്കാൻ നമുക്കു കഴിയണം. 

സംസ്ഥാനത്തു കടൽക്ഷോഭത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ടവർക്കു 10 ലക്ഷം രൂപ വീതം നൽകാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചതു നല്ലതുതന്നെ. ആവശ്യമായ സ്ഥലങ്ങളിൽ കടൽഭിത്തി നിർമിച്ചു തീരം സംരക്ഷിക്കാനും  സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതു പൂർണമായി നടപ്പിൽവരുത്താനും ശാസ്ത്രീയമായി ഭിത്തി നിർമിക്കാനും കൂടി ഉന്നതതലശ്രദ്ധ ഉണ്ടാവണം. കടൽത്തീര സംരക്ഷണം സർക്കാരിന്റെ ഗൗരവവിഷയമാകുമ്പോഴേ, നമ്മുടെ തീരദേശത്തുള്ളവരുടെ നെഞ്ചിലെ ആശങ്കക്കടലിന് തെല്ലു ശമനമാകൂ.