Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്ക് റഷ്യൻ സൗഹൃദമുദ്ര

വ്യോമപ്രതിരോധ മേഖലയിലെ ഏറ്റവും കരുത്തുറ്റ മിസൈൽ സംവിധാനമായ എസ് 400 ട്രയംഫ് റഷ്യയിൽനിന്നു വാങ്ങാനുള്ള കരാറിലേർപ്പെട്ടതിലൂടെ, രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ ഉറച്ച ചുവടു സ്വീകരിച്ചിരിക്കുന്നു. അയൽരാജ്യങ്ങളിൽനിന്നു വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ, എസ് 400ന്റെ വരവ് ഇന്ത്യയ്ക്കു പിഴവറ്റ ആകാശക്കാവൽ ഒരുക്കും. എങ്കിലും, റഷ്യയുമായുള്ള നമ്മുടെ കരാർ യുഎസ് എതിർപ്പിന്റെ പശ്ചാത്തലത്തിൽ ദൂരവ്യാപക ഫലങ്ങളുണ്ടാക്കിയേക്കാം എന്ന ആശങ്കയുമുണ്ട്.

കഴിഞ്ഞദിവസങ്ങളിൽ ഇന്ത്യ സന്ദർശിച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മേഖലകളിൽ ഒരുപിടി കരാറുകൾക്കു കൈകോർത്തെങ്കിലും അക്കൂട്ടത്തിൽ എസ് 400 തലയുയർത്തിനിൽക്കുന്നു. ലോകത്തെ മികച്ച മിസൈൽ സംവിധാനങ്ങളിലൊന്നു രണ്ടു വർഷത്തിനകം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നതു വലിയ നേട്ടംതന്നെ. 39,000 കോടി രൂപയ്ക്ക് എസ് 400ന്റെ അഞ്ചു യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ രണ്ടു വർഷത്തെ നിരന്തര സമ്പർക്കങ്ങൾക്കൊടുവിലാണു കരാർ യാഥാർഥ്യമായത്. റഷ്യയിൽനിന്ന് എസ് 400 ചൈന സ്വന്തമാക്കിയതിനു പിന്നാലെ 2016ൽ ഇന്ത്യയും മിസൈലിനായി രംഗത്തിറങ്ങുകയായിരുന്നു. മോദിയും പുടിനും തമ്മിലുള്ള ഊഷ്മള ബന്ധം ഇടപാടു സംബന്ധിച്ച ആശയവിനിമയങ്ങൾ സുഗമമാക്കി. 

എസ് 400ന്റെ വരവ് വ്യോമസേനയ്ക്ക് ഊർജം പകരുമെന്നാണു സേനാമേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ പ്രതികരിച്ചത്. രാജ്യം യുദ്ധവിമാനക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, മിസൈൽ പ്രതിരോധകവചം സേനയ്ക്ക് ആത്മവിശ്വാസവും കരുത്തും പകരുമെന്ന കാര്യത്തിൽ സംശയമില്ല. ശത്രുവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ മിസൈൽ ഉപയോഗിച്ചു തകർക്കാൻ കെൽപുള്ള എസ് 400 ട്രയംഫ്, 400 കിലോമീറ്റർ പരിധിയിൽ വ്യോമപ്രതിരോധം ഉറപ്പാക്കുന്നതാണ്. ദീർഘ – മധ്യദൂര 

മിസൈലുകൾ, അത്യാധുനിക റഡാറുകൾ, വിക്ഷേപണത്തറ എന്നിവയുൾപ്പെട്ട മിസൈൽ യൂണിറ്റ് അതിർത്തിമേഖലകളിലും തന്ത്രപ്രധാന ഇടങ്ങളിലും ആകാശക്കോട്ട തീർക്കും. 

പ്രതിരോധ സഹകരണത്തിനു കൈകൊടുത്തും ഭീകരതയ്ക്കെതിരെ പൊരുതാൻ പ്രതിജ്ഞ ചെയ്തും സമാപിച്ച ഇന്ത്യ–റഷ്യ ഉച്ചകോടി പ്രതീക്ഷകളേറെ തരുന്നുണ്ട്. അതേസമയം, ഇന്ത്യ– യുഎസ് ബന്ധത്തിൽ ഈ റഷ്യൻ കരാർ വിള്ളലേൽപിക്കുമെന്ന ആശങ്കയും ഇതോടൊപ്പമുണ്ട്. തങ്ങളുടെ എതിരാളികളുമായി പ്രതിരോധക്കരാറിൽ ഏർപ്പെടുന്നവർക്കെതിരെ ഉപരോധം ചുമത്തുമെന്ന ചട്ടം കഴിഞ്ഞ ജനുവരിയിലാണു യുഎസ് പ്രഖ്യാപിച്ചത്. മിസൈൽ വാങ്ങുന്നതു സംബന്ധിച്ച ചർച്ച 2016ൽ ആരംഭിച്ചതാണെന്നും പതിറ്റാണ്ടുകളായി ഉറച്ച കൂട്ടാളിയായ റഷ്യയെ കൈവിടാനാവില്ലെന്നും നിലപാടെടുത്ത ഇന്ത്യ, കരാറുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ, തങ്ങളുമായി സൗഹൃദം നിലനിർത്തുന്ന ഇന്ത്യയ്ക്കുമേൽ ഉപരോധം ചുമത്തിയേക്കില്ലെന്ന സൂചനയും യുഎസ് നൽകുന്നുണ്ട്.

യുഎസ് ചട്ടം മറികടക്കാനുള്ള നയതന്ത്ര ഇടപെടലുകൾ ഇന്ത്യ ഉടൻ ആരംഭിക്കേണ്ടതുണ്ട്; ആ രാജ്യവുമായി ബഹുതലങ്ങളിൽ സഹകരണം നിലനിൽക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.  പ്രതിരോധമേഖലയിലും രാജ്യാന്തര തലത്തിലും നിർണായകമായ കരാറിനു പച്ചക്കൊടി കാട്ടിയതിലൂടെ രാജ്യസുരക്ഷ ആരുടെയും മുന്നിൽ അടിയറവയ്ക്കാനുള്ളതല്ലെന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത ഉറച്ച നിലപാടുകൾ സ്വീകരിക്കേണ്ടതു ഭരണകൂടത്തിന്റെ കടമതന്നെയാണ്; സുരക്ഷാവെല്ലുവിളികൾ വർധിക്കുന്ന ഇക്കാലത്ത് ഈ ഉത്തരവാദിത്തത്തിന്റെ മൂല്യമേറെയാണുതാനും.