Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാതെ പോകരുത് ഈ ക്രൂരത

Nottam

ജെല്ലിക്കെട്ട് വിവാദം തമിഴ്‌നാട്ടിൽ തിളയ്ക്കുമ്പോൾ മൃഗസ്നേഹികളുടെ ഇരട്ടത്താപ്പിലേക്ക് ഒന്നു കണ്ണോടിക്കാം. ജെല്ലിക്കെട്ടിൽ കാളകളോടു ക്രൂരതയാണു കാട്ടുന്നതെന്നു പറയുന്ന മൃഗസ്നേഹികൾ കാളകളോടുള്ള സ്നേഹം ഒരുനിമിഷം മാറ്റിവച്ചു പണക്കാരന്റെ കുതിരകളെപ്പറ്റി ചിന്തിക്കുക.മൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകളൊന്നും കുതിരപ്പന്തയത്തെക്കുറിച്ചു മിണ്ടുന്നില്ല. പന്തയക്കുതിരകളോടു കാട്ടുന്ന ക്രൂരതകളെക്കുറിച്ച് ഈ സംഘടനകൾക്ക് അറിയാമെങ്കിലും പന്തയക്കുതിരകളുടെ ഉടമകളായ പണക്കാരെ പ്രീതിപ്പെടുത്താൻ സംഘടനകൾ മൗനം പാലിക്കുകയാണ്. വിവിധ മൃഗസ്നേഹി സംഘടനകൾ ജെല്ലിക്കെട്ട്, ഉൽസവങ്ങളിൽ ആനകളെ ഉപയോഗിച്ചുള്ള എഴുന്നള്ളത്ത്, തെരുവുനായ്ക്കളെ കൊല്ലുന്നത് തുടങ്ങിയവ നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ കുതിരപ്പന്തയത്തിൽ നടക്കുന്നതൊന്നും അറിയുന്നില്ലെന്നു നടിക്കുകയാണ്.

കുതിരപ്പന്തയം വൻ പണക്കാരുടെ വ്യവസായവിനോദമാണ്. ശക്തരായ ഇവർ പലപ്പോഴും നിയമത്തിന് അതീതരായി നിൽക്കുകയും ചെയ്യുന്നു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഏറ്റവും നല്ല ഉദാഹരണം കുതിരയോട്ടമാണ്. പന്തയക്കുതിരയാക്കാൻ കുതിരകളെ വന്ധ്യംകരിക്കുന്നു. കുതിരകളെ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ‘സ്റ്റാലിയൻ’ കുതിരകളെ മാത്രമാണു വന്ധ്യംകരിക്കാത്തത്. കുതിരകൾക്കു രണ്ടു വയസ്സുള്ളപ്പോഴാണു വന്ധ്യംകരണം നടത്തുന്നത്.

വൃഷണങ്ങൾ നീക്കം ചെയ്യുന്ന വന്ധ്യംകരണം വളരെ ക്രൂരമായ രീതിയിലാണു നടത്തുക. അതോടെ കുതിരയ്ക്കു ലൈംഗികമായ കഴിവുകൾ ഇല്ലാതാവുന്നു. ഇതു മൃഗങ്ങളോടുള്ള ക്രൂരതയാണെന്നു ചൂണ്ടിക്കാണിക്കുന്ന യഥാർഥ മൃഗസ്നേഹികളുണ്ട്. വന്ധ്യംകരിക്കപ്പെട്ട കുതിര എളുപ്പത്തിൽ ഇണങ്ങുമെന്നും ഇവയെ കുതിരയോട്ടത്തിനായി പരിശീലിപ്പിക്കാൻ എളുപ്പമാണെന്നും മറുവാദമുയർത്തിയാണു കുതിരപ്പന്തയക്കാർ ഈ വാദത്തെ നേരിടുന്നത്. ഏറെ വേദന സഹിച്ചശേഷവും യജമാനനുവേണ്ടി ഓടാനും അയാളെ കൂടുതൽ പണക്കാരനാക്കാനുംവേണ്ടി കുതിര ജീവിക്കുന്നു.കുതിരകളോടുള്ള ക്രൂരത വന്ധ്യംകരണത്തിൽ അവസാനിക്കുന്നില്ല. ഓട്ടത്തിനിടെ പരുക്കേൽക്കുകയും കാലൊടിയുകയുമൊക്കെ ചെയ്യുന്ന കുതിരകളെ ദയാവധത്തിനു വിധേയരാക്കാറുമുണ്ട്. ഇനി ഇവയെ കുതിരയോട്ടത്തിന് ഉപയോഗിക്കാനാവില്ല എന്നറിയുമ്പോഴാണിത്. ചില മരുന്നുകൾ കുത്തിവച്ചോ വെടിവച്ചോ ആണ് ഇത്തരം കുതിരകളെ കൊല്ലുക.


ഇത്തരം ക്രൂരതകൾ അരങ്ങേറുന്നത് അടച്ചിട്ട കവാടങ്ങൾക്കകത്തു കോടീശ്വരന്മാരുടെ കുതിരപ്പന്തിയിലാണ്. മൃഗസ്നേഹം പറഞ്ഞുനടക്കുന്നവർ ഇത്തരം സ്ഥലങ്ങളിൽ എന്തു നടക്കുന്നു എന്നു ശ്രദ്ധിക്കാറില്ല. പകരം കുതിരയോട്ടം കാണാൻ ടിക്കറ്റെടുക്കുകയും പണക്കാരോടൊപ്പമിരുന്ന് അതു കണ്ട് ആസ്വദിക്കുകയും ചെയ്യും. കുതിരയോട്ടത്തിൽ പന്തയംവച്ചു പണമുണ്ടാക്കിയശേഷം പുറത്തുവന്നു മൃഗസ്നേഹത്തെപ്പറ്റി പ്രസംഗിക്കും. ഇതു തന്നെയാണ് ഒരു മൃഗസ്നേഹി സംഘടന ചെയ്തത്. കുതിരപ്പന്തയങ്ങൾക്കെതിരെ കേസ് കൊടുക്കാനല്ല, മുംബൈയിലെ തെരുവുകളിൽ കുതിരവണ്ടിയോടിച്ചു ജീവിക്കുന്ന പാവപ്പെട്ടയാൾക്കെതിരെ കേസ് കൊടുക്കാനായിരുന്നു അവർ മുന്നിട്ടിറങ്ങിയത്.

ഇവർ നൽകിയ ഹർജിയെത്തുടർന്നു മുംബൈയിലെ തെരുവുകളിൽനിന്ന് ഒരു വർഷത്തിനകം കുതിരവണ്ടികൾ പൂർണമായി ഇല്ലാതാക്കണമെന്നു 2015 ജൂൺ എട്ടിനു ബോംബെ ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചു. എന്നാൽ, 2016 ഏപ്രിലിൽ സുപ്രീം കോടതി, ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു.കുതിരപ്പന്തയത്തിനെതിരെ കണ്ണടയ്ക്കുന്ന ഒരു രാജ്യത്തിനു ജെല്ലിക്കെട്ടുപോലെ പാരമ്പര്യത്തിന്റെ ഭാഗമായ ആഘോഷങ്ങളിൽ ഇടപെടാൻ അവകാശമില്ല. മൃഗങ്ങളുടെ അവകാശത്തിന്റെ പേരു പറഞ്ഞു പാവപ്പെട്ടവരുടെ ആഘോഷമായ ജെല്ലിക്കെട്ടിനെ സംഘടനകൾ ഉന്നംവയ്ക്കേണ്ടതില്ല. യഥാർഥ മൃഗസ്നേഹികളാണെങ്കിൽ കുതിരയോട്ടം അവസാനിപ്പിക്കാനാണു മുന്നോട്ടുവരേണ്ടത്.

(ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്പോർട്‌സ് മെഡിസിൻ പ്രസിഡന്റാണു ലേഖകൻ)