Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിക്കൂറുകളോളം മുൾമുനയിൽ ചെന്നൈ; ബില്ലിന് അംഗീകാരം നൽകിയതോടെ ശുഭപര്യവസാനം

PTI1_23_2017_000282A

ചെന്നൈ ∙ മണിക്കൂറുകളോളം മുൾമുനയിലായിരുന്നു ‌ചെന്നൈ ഇന്നലെ. ജെല്ലിക്കെട്ട് സമരക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതിനെ തുടർന്ന് എവിടെയും ഭീതി പരത്തുന്ന അന്തരീക്ഷം. പൊലീസും സമരക്കാരുമായി ഏറ്റുമുട്ടൽ. ഏഴു ദിവസം സമാധാനപരമായി തുടർന്ന വിദ്യാർഥി– യുവജന സമരത്തിന് ആന്റി ക്ലൈമാക്സ്. ഒടുവിൽ, പ്രത്യേക നിയമസഭാ സമ്മേളനം ചേർന്നു ബില്ലിന് അംഗീകാരം നൽകിയതോടെ സമരത്തിനു ശുഭപര്യവസാനം. പുലർച്ചെ മുതൽ മറീന ബീച്ചിൽനിന്നു സമരക്കാരെ ഒഴിപ്പിക്കാൻ തുടങ്ങിയതോടെയാണു സംഘർഷാവസ്ഥ ഉടലെടുത്തത്.

ജെല്ലിക്കെട്ട് നടത്താനായി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്റെ കോപ്പികൾ വിതരണം ചെയ്ത പൊലീസ്, പിരിഞ്ഞുപോകാൻ നിർദേശിച്ചു. വിസമ്മതിച്ചവരെ ബലംപ്രയോഗിച്ചു നീക്കാൻ തുടങ്ങി. അതിനിടെ, ഒരു കൂട്ടം കടലിന്റെ ഭാഗത്തേക്കു നീങ്ങി. ജെല്ലിക്കെട്ട് എല്ലാവർഷവും ഉറപ്പു വരുത്താൻ സ്ഥിരം നിയമം കൊണ്ടുവരണമെന്ന് ആവശ്യമുന്നയിച്ച ഇവർ കൂടുതൽ ബലം പ്രയോഗിച്ചാൽ കടലിൽ ചാടുമെന്നു ഭീഷണി മുഴക്കി.പൊലീസ് നടപടിയോടെ, മറീനയിൽ വിദ്യാർഥികൾ തമ്പടിച്ചിരുന്ന കാമരാജർ ശാല വിജനമായി. പിന്നാലെ ബീച്ചിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു.

ഇവിടെനിന്നു മടങ്ങിയ വിദ്യർഥികളാകട്ടെ സമീപത്തെ റോഡുകൾ ഉപരോധിച്ചു. ഇതോടെ, നഗരത്തിലെ പ്രധാന റോഡായ അണ്ണാശാലയിലുൾപ്പെടെ ഗതാഗതം പൂർണമായി സ്തംഭിച്ചു. ചിലയിടത്തു ബസുകൾക്കു നേരെ കല്ലേറുണ്ടായി. ചെന്നൈ കോർപറേഷൻ ബസ് സർവീസ് താൽക്കാലികമായി നിർത്തിവച്ചു. വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി.

മറീനയോടു ചേർന്ന ട്രിപ്ലിക്കൻ, റോയപ്പേട്ട, ഐസ് ഹൗസ്, നടുക്കുപ്പം എന്നിവിടങ്ങളിലും സംഘർഷാന്തരീക്ഷമായി. നടുക്കുപ്പത്തു കാറിനു തീവച്ചു. പ്രസിഡൻസി കോളജിനു നേരെ പെട്രോൾ ബോംബെറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

കുട്ടികളെ സ്കൂളിൽനിന്നു കൂട്ടിക്കൊണ്ടു പോകാൻ സന്ദേശം ലഭിച്ചതോടെ രക്ഷിതാക്കളും പരിഭ്രമിച്ചു നെട്ടോട്ടമായി. കടകളെല്ലാം അടച്ചു. ആളുകൾ വീടിനു പുറത്തിറങ്ങാൻ മടിച്ചു. വാഹനങ്ങൾക്കു തീയിടുന്ന വാർത്തകൾ വന്നതോടെ ആരും പുറത്തിറങ്ങരുതെന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അതിനിടെ, പൊലീസ് നടപടി സിറ്റിങ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സംഘം ഗവർണർ സി.വിദ്യാസാഗർ റാവുവിനെ കണ്ടു.

ജെല്ലിക്കെട്ട്: യുഎസിൽ ‘പെറ്റ’ ആസ്ഥാനത്തേക്ക് പ്രതിഷേധ റാലി

വാഷിങ്ടൺ ∙ ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന ആവശ്യവുമായി അമേരിക്കയിലും പ്രതിഷേധ പ്രകടനങ്ങൾ. കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് തമിഴ് വംശജർ വാഷിങ്ടൺ ഇന്ത്യൻ എംബസിക്കു മുൻപിലെ ഗാന്ധിപ്രതിമയ്ക്കു സമീപം പോസ്റ്ററുകളും ബാനറുകളുമുയർത്തി പ്രകടനം നടത്തി. ഗ്രേറ്റർ വാഷിങ്ടൺ തമിഴ് ഡയസ്പോറ എന്ന സംഘടന നേതൃത്വം നൽകി. സമീപകാലത്ത് ഇന്ത്യൻ എംബസിക്കു മുൻപിൽ നടന്ന ഏറ്റവും വലിയ പ്രകടനമായിരുന്നു ഇത്.

പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‍മെന്റ് ഓഫ് ആനിമൽസ് (പെറ്റ) സംഘടനയുടെ വെർജീനിയയിലെ ആസ്ഥാനത്തേക്കു തമിഴിൽ മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധ റാലിയും നടന്നു. മൃഗങ്ങളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നവരാണെന്നും എന്നാൽ ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. സംസ്കാരത്തിനുമേലുള്ള കടന്നുകയറ്റം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

Your Rating: