Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണയാതെ പ്രതിഷേധം; അളകാനല്ലൂർ ജെല്ലിക്കെട്ട് ഉപേക്ഷിച്ച് മുഖ്യമന്ത്രി മടങ്ങി

jelli െജല്ലിക്കെട്ട് വിഷയത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ടു മധുര അളകാനെല്ലൂരിലെ ജെല്ലിക്കെട്ട് വേദി ഉപരോധിക്കുന്ന പ്രതിഷേധക്കാർ. ചിത്രം: അരവിന്ദ് ബാല

അളകാനല്ലൂർ (മധുര) / ചെന്നൈ ∙ തമിഴ്നാട് സർക്കാർ തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും സമരക്കാർ വേദി കയ്യേറിയതിനെ തുടർന്നു മുഖ്യമന്ത്രി ഒ.പനീർസെൽവം ഉദ്‌ഘാടനം ചെയ്യാനിരുന്ന അളകാനല്ലൂർ ജെല്ലിക്കെട്ട് ഉപേക്ഷിക്കേണ്ടിവന്നു. തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ ജെല്ലിക്കെട്ടാണിത്.

എന്നാൽ, മറ്റു കേന്ദ്രങ്ങളിൽ ചെറിയ തോതിലുള്ള ജെല്ലിക്കെട്ടുകളും കാളവണ്ടിയോട്ട മൽസരങ്ങളും നടന്നു. പുതുക്കോട്ടയിലെ ജെല്ലിക്കെട്ടിൽ രണ്ടുപേരും മധുരയിൽ പ്രതിഷേധത്തിനിടെ തളർന്നുവീണയാളും മരിച്ചു. അതിനിടെ, ജെല്ലിക്കെട്ടിനു സ്ഥിരമായ നിയമപ്രാബല്യം നൽകാനുള്ള ബിൽ തമിഴ്നാട് നിയമസഭയിൽ ഇന്ന് അവതരിപ്പിച്ചേക്കും. കഴിഞ്ഞ ദിവസം കൊണ്ടുവന്ന ഓർഡിനൻസിനു പകരമാണിത്.

സമരത്തെ അനുകൂലിക്കുന്നവരിൽ ഒരു വിഭാഗം ഇന്നലെ രാത്രി നടത്തിയ വാർത്താ സമ്മേളനം സമരക്കാർക്കിടയിൽ ഭിന്നത ഉടലെടുക്കുന്നുവെന്ന പ്രതീതിയും സൃഷ്ടിച്ചിരിക്കുകയാണ്. സമരം തൽക്കാലത്തേക്ക് അവസാനിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം.

ഇന്നലെ രാവിലെ പത്തിനാണ് അളകാനല്ലൂരിൽ പനീർസെൽവം ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാനിരുന്നത്. എന്നാൽ, ശനിയാഴ്ച രാത്രിതന്നെ വേദി(വാടിവാസൽ)ക്കു സമീപം സമരക്കാർ എതിർപ്പുമായി സംഘടിച്ചു. എങ്ങനെയും മൽസരം സംഘടിപ്പിക്കാൻ ജില്ലാ ഭരണകൂടം ശ്രമിച്ചെങ്കിലും രാവിലെമുതൽ നൂറുകണക്കിനാളുകൾ പ്രതിഷേധവുമായി തുടർന്നതോടെ കാര്യങ്ങൾ കൈവിട്ടു.

മധുരയിലേക്കും അളകാനല്ലൂരിലേക്കുമുള്ള റോഡ് ഗതാഗതം പ്രക്ഷോഭകർ തടഞ്ഞു. മധുരയിൽ ട്രെയിൻ ഗതാഗതവും തടസ്സപ്പെടുത്തി. പലയിടത്തും വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായി. ഉദ്‌ഘാടനം അളകാനല്ലൂരിൽനിന്നു ഡിണ്ടിഗൽ ജില്ലയിലെ നത്തത്തിലേക്കു മാറ്റാൻ ആലോചന നടന്നെങ്കിലും അവിടെയും പ്രതിഷേധമുയർന്നു.

മധുരയിൽ ക്യാംപ് ചെയ്‌ത പനീർസെൽവം, അളകാനല്ലൂരിൽ എത്തിയാൽ സംഘർഷം രൂക്ഷമായേക്കുമെന്ന റിപ്പോർട്ടിനെ തുടർന്നു മടങ്ങുകയായിരുന്നു. ആറുമാസ കാലാവധി മാത്രമുള്ള ഓർഡിനൻസിനു പകരം ജെല്ലിക്കെട്ടിന് അനുമതി നൽകുന്ന സുശക്‌തമായ നിയമനിർമാണവും പ്രശ്നത്തിനു ശാശ്വത പരിഹാരവും ആവശ്യപ്പെട്ടു സംസ്ഥാനത്തുടനീളം പ്രക്ഷോഭം തുടരുകയാണ്. സമരക്കാർ ആരുംതന്നെ തെരുവിൽനിന്നു മടങ്ങിയിട്ടില്ല. ചെന്നൈയിലെ മറീന ഉൾപ്പെടെയുള്ള പ്രതിഷേധ കേന്ദ്രങ്ങളിൽ ഇപ്പോഴും ലക്ഷക്കണക്കിനാളുകൾ തമ്പടിച്ചിട്ടുണ്ട്.

അതിനിടെ, ഓർഡിനൻസിന്റെ നിയമസാധുത ചോദ്യംചെയ്യാനുള്ള സാധ്യത കണക്കിലെടുത്തു തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ കവിയറ്റ് ഹർജി നൽകി. ആരെങ്കിലും ഹർജി നൽകിയാൽ, അതിൽ തീരുമാനമെടുക്കുന്നതിനു മുൻപു തങ്ങളുടെ വാദംകൂടി കേൾക്കണമെന്നാണ് ആവശ്യം.തിരക്കിട്ടു സംഘടിപ്പിച്ച ജെല്ലിക്കെട്ടിനിടയിലാണു പുതുക്കോട്ട ജില്ലയിലെ രാപൂസൽ ഗ്രാമത്തിൽ രണ്ടുപേർ മരിച്ചത്. വാടിവാസലിൽ‌നിന്നു കുതിച്ചെത്തിയ കാള ആളുകൾക്കിടയിലേക്ക് ഇരച്ചുകയറുകയായിരുന്നു. രാജ, മോഹൻ എന്നിവരാണു മരിച്ചത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.മധുരയിലെ സമരത്തിനിടെ ജയ്ഹിന്ദ്‌പുരം സ്വദേശി ചന്ദ്രമോഹനാണ് (48) മരിച്ചത്. നിർജലീകരണമാണു കാരണമെന്നു കരുതുന്നു. തിരുനെൽവേലിയിൽ സമരത്തിനിടെ പെൺകുട്ടികളടക്കം വിദ്യാർഥികൾ തളർന്നുവീണു.

പ്രധാന കേന്ദ്രങ്ങളായ പാലമേട്, ആവണിയാപുരം എന്നിവിടങ്ങളിലും ഇന്നലെ ജെല്ലിക്കെട്ടു നടന്നില്ല. തിരുച്ചിറപ്പള്ളിയിലെ മണപ്പാറ, രാമനാഥപുരത്തെ സേവൂർ, ഇരുവേരി, തിരുപ്പൂർ, ഉടുമലൈ, പുതുക്കോട്ട എന്നിവിടങ്ങളിൽ ചെറിയതോതിലുള്ളവ നടന്നു. കോയമ്പത്തൂർ, ഈറോഡ് ജില്ലകളിൽ കാളവണ്ടിയോട്ട മൽസരം സംഘടിപ്പിച്ചു.

50 ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ ∙ ജെല്ലിക്കെട്ട് സമരത്തെ തുടർന്ന് താളം തെറ്റിയ ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനായില്ല. കേരളത്തിലൂടെയുള്ള ആറെണ്ണമടക്കം ഇന്നലെ സർവീസ് നടത്തേണ്ട അൻപതോളം ട്രെയിനുകൾ പൂർണമായും മുപ്പതോളം ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ചെന്നൈ–തിരുവനന്തപുരം മെയിൽ, ചെന്നൈ–ആലപ്പി എക്സ്പ്രസ് തുടങ്ങിയവ  മണിക്കൂറുകൾ വൈകി.

ഇന്നു പുറപ്പെടേണ്ട, കേരളത്തിലൂടെയുളള നാലെണ്ണമടക്കം  എട്ടു ട്രെയിനുകൾ റദ്ദാക്കി. എഗ്‌മൂർ–കൊച്ചുവേളി സ്പെഷൽ ഫെയർ (06015), പാലക്കാട്–തിരുച്ചിറപ്പള്ളി(56712), പൊളളാച്ചി–പാലക്കാട്് (06712), പാലക്കാട്– പഴനി(06769), കാരക്കുടി–തിരുച്ചിറപ്പളളി(76830), വാഞ്ചിമണിയാഞ്ചി–തൂത്തുക്കുടി (16612), വിരുദുനഗർ–കാരക്കുടി(76838),കാരക്കുടി–തിരുച്ചിറപ്പളളി (76840) എന്നിവയാണു റദ്ദാക്കിയത്.

ഇന്നലെ റദ്ദാക്കിയവയിൽ കേരളത്തിലൂടെ സർ‌വീസ് നടത്തുന്നവ: ഗുരുവായൂർ–എഗ്‌മൂർ എക്സ്പ്രസ് (16128), എഗ്‌മൂർ–തിരുവനന്തപുരം അനന്തപുരി എക്സ്പ്രസ് (16723/16724), ഗുരുവായൂർ–തൃശൂർ (56043/56044)തിരുച്ചിറപ്പളളി–പാലക്കാട് (56713), മധുര–പുനലൂർ(56700), പാലക്കാട്–പൊളളാച്ചി (06713).

ജെല്ലിക്കെട്ട് സമരത്തിൽ ഭിന്നത; നിർത്തണമെന്ന് ഒരുവിഭാഗം

ചെന്നൈ ∙ ജെല്ലിക്കെട്ടു സമരം താൽക്കാലികമായി നിർത്തിവയ്ക്കണമെന്നു സമരത്തെ പിന്തുണയ്ക്കുന്നവരിലൊരു വിഭാഗം. ഈ നിലപാടുള്ളവർ ഇന്നലെ രാത്രി വാർത്താസമ്മേളനം നടത്തി. ഇപ്പോഴത്തെ സാഹചര്യം മുൻനിർത്തി സമരം തൽക്കാലത്തേക്ക് അവസാനിപ്പിക്കണമെന്നതാണ് ആവശ്യം. സമരത്തെ അനുകൂലിക്കുന്നവർക്കിടയിൽ ഭിന്നത രൂപപ്പെടുന്നുവെന്നതിന്റെ സൂചനയാണിത്.

കാങ്കയം റിസർച് ഫൗണ്ടേഷൻ സ്ഥാപകനും ജെല്ലിക്കെട്ടിന്റെ ശക്തനായ വക്താവുമായ കാർത്തികേയ ശിവസേനാപതിയാണു സമരം തൽക്കാലം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. മാർച്ച് 31 വരെയെങ്കിലും മാറ്റിവയ്ക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.

സമരത്തെ ശക്തമായി പിന്തുണച്ചു രംഗത്തുണ്ടായിരുന്ന സംഗീത സംവിധായകൻ ആദിയും സമരം താൽക്കാലികമായി നിർത്തണമെന്ന ആവശ്യമുന്നയിച്ചു. സമരത്തിന്റെ ലക്ഷ്യങ്ങൾ മാറിപ്പോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇപ്പോൾ പോരാടുന്നതുപോലെ നിയമപരമായും പോരാടണമെന്നാണു സംസ്ഥാന ജെല്ലിക്കെട്ടു ഫെഡറേഷൻ പ്രസിഡന്റ് പി.രാജശേഖരന്റെ അഭിപ്രായം.

പതിവുകൾ തെറ്റി; തമിഴക സമരചരിത്രം മാറ്റി ജെല്ലിക്കെട്ടു പ്രക്ഷോഭം


ചെന്നൈ ∙ ജെല്ലിക്കെട്ടു നിരോധനത്തിനെതിരെ പോരാടാൻ ലക്ഷക്കണക്കിനു യുവതീയുവാക്കളെ മറീന ബീച്ചിലേക്ക് ആകർഷിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ചെന്നൈ പ്രളയകാലത്തു രൂപപ്പെട്ട 136 പേരുടെ കൂട്ടായ്മ. സമൂഹ മാധ്യമങ്ങളിലെ സജീവ ഇടപെടലിലൂടെയാണു സംഘം ലക്ഷ്യം നേടിയത്. ഫെയ്സ്ബുക്, ട്വിറ്റർ, വാട്സാപ് തുടങ്ങിയവയിലൂടെ പ്രചരിച്ച സന്ദശങ്ങൾ യുവതീയുവാക്കൾ ഏറ്റെടുക്കുകയും സ്വമേധയാ സമരരംഗത്തേക്ക് എത്തുകയുമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ മറ്റു ചില തമിഴ് ഗ്രൂപ്പുകളും ഇക്കാര്യത്തിൽ വലിയ പങ്കു വഹിച്ചു.

മറീന ബീച്ചിൽ സമരം ആരംഭിച്ചതോടെ ഏകോപനത്തിനു 12 സംഘങ്ങൾ പ്രവർത്തനം തുടങ്ങി. ഓരോ സംഘത്തിലും 200 പേർവീതം. നഗരത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകൾ ഇവരുമായി കൈകോർത്തു കാര്യങ്ങൾ ഏകോപിപ്പിക്കുന്നു. ഭക്ഷണം, വെള്ളം തുടങ്ങിയവയെല്ലാം വിവിധ മേഖലകളിൽനിന്നു സംഭരിച്ചു മറീനയിൽ എത്തിക്കുന്നത് ഇവരാണ്.

സമൂഹ മാധ്യമങ്ങളിലെ തൽസമയ സംപ്രേഷണ സൗകര്യവും സമരക്കാർ പ്രയോജനപ്പെടുത്തുന്നു. വിവിധ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങൾ വളരെ വേഗത്തിലാണു പ്രചരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മറീനയിലേക്കു ലക്ഷക്കണക്കിന് ആളുകളെ എത്തിക്കുന്നതിൽ ഇതു നിർണായകമായി. അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാവാതിരുന്നതും ആളുകളെ ആകർഷിച്ചു. സ്ത്രീകളും കുട്ടികളും രാത്രിയിൽപോലും ധൈര്യപൂർവം മറീനയിലേക്ക് എത്താൻ ഇതു കാരണമായി.

തങ്ങൾതന്നെയാണു സമര നായകർ എന്ന തോന്നൽ ഓരോരുത്തർക്കുമുണ്ടാവുന്ന തരത്തിലായിരുന്നു പ്രവർത്തനങ്ങൾ. രാഷ്ട്രീയക്കാരെയും സിനിമക്കാരെയും മുൻനിരയിൽനിന്നു പൂർണമായും മാറ്റിനിർത്തി. ആദ്യദിവസംമുതൽ രംഗത്തുണ്ടായിരുന്ന ചലച്ചിത്രതാരം രാഘവേന്ദ്ര ലോറൻസ് മാത്രമാണു മറീനയിൽ സജീവമായത്. നേതാക്കൾ പ്രസംഗിക്കുകയും സമരക്കാർ വെയിൽകൊണ്ടിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ രീതി മാറി.‌ സമരക്കാർതന്നെയാണു പ്രസംഗിച്ചത്.

തമിഴകം കണ്ട സമരങ്ങളുടെ പതിവുരീതി വിട്ട് അവർ പാട്ടു പാടുകയും നാടകം അഭിനയിക്കുകയും നൃത്തംവയ്ക്കുകയും ചെയ്യുന്നു. ഇത്രയേറെ ആളുകളെത്തിയിട്ടും മറീന ബീച്ച് വൃത്തികേടായിട്ടില്ല. ബീച്ച് വൃത്തിയാക്കുന്ന ഉത്തരവാദിത്തംകൂടി സമരക്കാർ ഏറ്റെടുത്തിട്ടുണ്ട്.അവധി ദിവസമായ ഇന്നലെ കുടുംബങ്ങൾ പുറത്തു കറങ്ങാൻ പോകുന്നതുപോലെയാണു മറീനയിലെ സമരകേന്ദ്രത്തിലെത്തിയത്. മിക്കവരും പരമാവധി കറുത്ത വസ്ത്രങ്ങളണിഞ്ഞു. കറുപ്പണിഞ്ഞ ആളുകൾ നഗരത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായിരുന്നു.

Your Rating: