Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെല്ലിക്കെട്ട് ബിൽ പാസാക്കി; കത്തിപ്പടർന്ന് കെട്ടടങ്ങി

PTI1_23_2017_000246B സമരത്തീപ്പൊരി: ചെന്നൈയിലെ മറീനയിൽ ജെല്ലിക്കെട്ട് സമരത്തിനിടെ പൊലീസിനു നേരെ കുപ്പിച്ചില്ലുകൾ വലിച്ചെറിയുന്ന യുവാവ്. കത്തിയമരുന്ന കാർ പിന്നിൽ.

ചെന്നൈ ∙ ജെല്ലിക്കെട്ടിന് അ നുമതി നൽകുന്ന ബിൽ തമിഴ്നാട് നിയമസഭ പാസാക്കിയതിനെ തുടർന്ന്, ഒരാഴ്ചയിലേറെയായി കൊടുമ്പിരിക്കൊണ്ട വിദ്യാർഥി–യുവജന സമരം പിൻവലിച്ചു. സമരകാലത്തെ ഏറ്റവും സ്ഫോടനാത്മക മണിക്കൂറുകൾക്കാണ് ഇന്നലെ രാവിലെ മുതൽ ചെന്നൈയും മധുര ഉൾപ്പെടെ തമിഴ്നാടിന്റെ മറ്റു ഭാഗങ്ങളും സാക്ഷ്യംവഹിച്ചത്.

പുലർച്ചെ ആറിനു മറീന ബീച്ചിൽ നിന്നു സമരക്കാരെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചതിനെ തുടർന്നു വ്യാപക സംഘർഷമുണ്ടായി. കടലിൽ ചാടുമെന്നു പറഞ്ഞ് ആയിരക്കണക്കിനാളുകൾ തീരത്തേക്കു നീങ്ങിയതോടെയാണു പൊലീസ് താൽക്കാലികമായി പിന്മാറിയത്. ഇതിനിടെ ഒരു സംഘം മറീനയ്ക്കടുത്തുള്ള ഐസ് ഹൗസ് പൊലീസ് സ്റ്റേഷനു തീയിട്ടു.

ഒട്ടേറെ വാഹനങ്ങൾ കത്തിനശിച്ചു. സമീപമേഖലകളിലും വ്യാപക അക്രമമുണ്ടായി. കല്ലേറിലും ലാത്തിച്ചാർജിലും 22 പൊലീസുകാർ ഉൾപ്പെടെ അറുപതിലേറെ പേർക്കു പരുക്കേറ്റു‌. മധുര അളങ്കാനല്ലൂർ ഉൾപ്പെടെ മറ്റു ഭാഗങ്ങളിലും ഏറ്റുമുട്ടലുണ്ടായി. അളങ്കാനല്ലൂരിൽ ട്രെയിൻ തടയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തതിനെ തുടർന്നു പൊലീസ് ലാത്തിച്ചാർജ് നടത്തി. 93 പേരെ അറസ്റ്റ് ചെയ്തു നീക്കി.

വൈകിട്ടു പ്രത്യേക നിയമസഭാ സമ്മേളനമാണു ജെല്ലിക്കെട്ടിന് അനുമതി നൽകുന്ന ബിൽ ഏകകണ്ഠമായി പാസാക്കിയത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത ചെറുക്കാനുള്ള കേന്ദ്ര നിയമത്തിലാണു ഭേദഗതി. ബിൽ പാസാക്കിയതിനു പിന്നാലെ സമരം അവസാനിപ്പിച്ചു. തങ്ങൾക്കിടയിൽ കടന്നുകൂടിയ ദേശവിരുദ്ധ ശക്തികളാണു പ്രശ്നങ്ങളുണ്ടാക്കിയതെന്നു സമരക്കാരിൽ ഒരുവിഭാഗം പറഞ്ഞു. പൊലീസ് നടപടിയിൽ ഇടപെടാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ചലച്ചിത്ര താരങ്ങളായ രജനീകാന്തും കമൽഹാസനും ഒഴിപ്പിക്കലിനെ വിമർശിച്ചു.

അളങ്കാനല്ലൂരിൽ ഫെബ്രുവരി ഒന്നിനും പാലമേടിൽ രണ്ടിനും ജെല്ലിക്കെട്ട് നടത്തുമെന്നു സംഘാടക സമിതി അറിയിച്ചു.
ട്രെയിൻ യാത്രാപ്രശ്നം ഇന്നലെയും തുടർന്നു. എഗ്‌മൂർ–കൊച്ചുവേളി സ്പെഷൽ, മധുര–പുനലൂർ, പാലക്കാട് പൊള്ളാച്ചി, തിരുച്ചിറപ്പള്ളി–പാലക്കാട് പാസഞ്ചറുകൾ ഉൾപ്പെടെ 26 ട്രെയിനുകൾ പൂർണമായും 21 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.

ചെന്നൈയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. സമരക്കാരെ ഒഴിപ്പിച്ചശേഷം മറീന ബീച്ചിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചിരുന്നു. നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ സമരക്കാർ റോഡ് ഉപരോധിച്ചു. ജനം മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. സ്കൂളുകളും കോളജുകളും നേരത്തേ അടച്ചു. ചില ഭാഗങ്ങളിൽ കേബിൾ സംപ്രേഷണം നിർത്തിവച്ചതായി പരാതി ഉയർന്നു.

ജെല്ലിക്കെട്ട് സമരം: പാലക്കാട്ടേക്കുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ ∙ ജെല്ലിക്കെട്ട് സമരത്തെ തുടർന്നു സമയക്രമം അവതാളത്തിലായതോടെ ഇന്നു പുറപ്പെടേണ്ട പാലക്കാട്–തിരുച്ചിറപ്പളളി (56712), പൊളളാച്ചി–പാലക്കാട് (06712), പാലക്കാട്–ടൗൺ–തിരുച്ചെന്തൂർ ( 06769) പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.കേരളത്തിലൂടെ സർവീസ് നടത്തേണ്ടിയിരുന്ന എഗ്‌മൂർ–കൊച്ചുവേളി സ്പെഷൽ ഉൾപ്പെടെ നാലു ട്രെയിനുകൾ അടക്കം ഇന്നലെ പുറപ്പെടേണ്ട 26 ട്രെയിനുകൾ പൂർണമായും 21 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയതിനു പുറമെയാണിത്.

അതേ സമയം, കഴിഞ്ഞ കുറേ ദിവസങ്ങളായി വഴി തിരിച്ചു വിട്ടു കൊണ്ടിരുന്ന തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലൂടെയുളള ട്രെയിൻ സർവീസ് പഴയ റൂട്ടിൽ പുനഃസ്ഥാപിച്ചു. മധുര സെല്ലൂരിൽ നാലു ദിവസമായി പ്രതിഷേധക്കാർ തടഞ്ഞു വച്ചിരുന്ന കോയമ്പത്തൂർ–നാഗർകോവിൽ പാസഞ്ചർ ട്രെയിൻ വിട്ടു നൽകി. പൊലീസും റയിൽവേ അധികൃതരും സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണു നടപടി.

ജെല്ലിക്കെട്ട്: യുഎസിൽ ‘പെറ്റ’ ആസ്ഥാനത്തേക്ക് പ്രതിഷേധ റാലി

വാഷിങ്ടൺ ∙ ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന ആവശ്യവുമായി അമേരിക്കയിലും പ്രതിഷേധ പ്രകടനങ്ങൾ. കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് തമിഴ് വംശജർ വാഷിങ്ടൺ ഇന്ത്യൻ എംബസിക്കു മുൻപിലെ ഗാന്ധിപ്രതിമയ്ക്കു സമീപം പോസ്റ്ററുകളും ബാനറുകളുമുയർത്തി പ്രകടനം നടത്തി. ഗ്രേറ്റർ വാഷിങ്ടൺ തമിഴ് ഡയസ്പോറ എന്ന സംഘടന നേതൃത്വം നൽകി.

സമീപകാലത്ത് ഇന്ത്യൻ എംബസിക്കു മുൻപിൽ നടന്ന ഏറ്റവും വലിയ പ്രകടനമായിരുന്നു ഇത്. പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‍മെന്റ് ഓഫ് ആനിമൽസ് (പെറ്റ) സംഘടനയുടെ വെർജീനിയയിലെ ആസ്ഥാനത്തേക്കു തമിഴിൽ മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധ റാലിയും നടന്നു.മൃഗങ്ങളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നവരാണെന്നും എന്നാൽ ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. സംസ്കാരത്തിനുമേലുള്ള കടന്നുകയറ്റം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.