Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെല്ലിക്കെട്ട് സമരം മാതൃകാപരമെന്ന് മമ്മൂട്ടി

mammootty-4 മമ്മൂട്ടി (ഫയൽ ചിത്രം)

ഒറ്റപ്പാലം ∙ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ, നേതാവില്ലാതെ മൊട്ടുസൂചികൊണ്ടു പോലും അക്രമം നടത്താതെ തമിഴ്നാട്ടിൽ നടന്ന സമരം കേരളത്തിനു സ്വപ്നം കാണാൻ പോലുമാകാത്തതെന്നു നടൻ മമ്മൂട്ടി. വരിക്കാശ്ശേരി മനയിൽ ‘ഞാറ്റുവേല’ വാട്സാപ് കൂട്ടായ്മ ‘ജനാധിപത്യത്തിന്റെ വർത്തമാനം’ എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരം നടക്കുമ്പോൾ വീട്ടിലിരിക്കുന്നവരും അതിനെ തള്ളിപ്പറയുന്നവരുമാണു മലയാളികൾ. കേരളത്തിൽ ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ടു തൊഴിലാളികൾ നടത്തിയ സമരത്തിനെതിരെ പലരും എതിർത്തു സംസാരിച്ചതു നാം കണ്ടതാണ്. അവർ പിടിക്കുന്ന മൽസ്യം അവർ മാത്രമല്ല കഴിക്കുന്നതെന്ന് ആരും ഓർത്തില്ല. നമ്മുടെ സമര മാർഗങ്ങൾ കെഎസ്ആർടിസി ബസിനു കല്ലെറിയലും കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കലുമാണ്.

തമിഴ്നാട്ടിൽ അഞ്ചു ലക്ഷത്തോളം പേർ ഒരു നേതാവു പോലും ഇല്ലാതെ നടത്തിയ സമരം വല്ലാതെ ആകർഷിച്ചു. കാളയെ ഉപദ്രവിക്കലോ വെട്ടിപ്പിടിക്കലോ അല്ല ജെല്ലിക്കെട്ട്. പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ കുത്തിക്കൊല്ലുന്നുമില്ല. പൗരുഷത്തിന്റെയും ഹീറോയിസത്തിന്റെയും പ്രകടനമാണിത്. മനുഷ്യത്വമില്ലാത്ത മൃഗവും മൃഗത്വമുള്ള മനുഷ്യനും തമ്മിലുള്ള ഇടപെടലാണു ജെല്ലിക്കെട്ട്. ഇതു തമിഴ്നാട്ടുകാരുടെ വികാരമാണ്. ഞങ്ങളുടെ നാട്ടിലുള്ളതു ഞങ്ങൾക്കെന്ന ആഗോളവൽക്കരണത്തിനെതിരായ സമരമായും ഇതിനെ കാണാം. കുത്തക കമ്പനികൾക്കെതിരെയും തമിഴ്നാട്ടിൽ സമരം രൂപപ്പെട്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാർട്ടൂണിസ്റ്റ് സുനിൽ നമ്പുവിന്റെ ഗ്രാഫിക് ചെറുകഥകളുടെ സമാഹാരമായ ‘റോമിങ് ഫയൽസ് അറ്റാച്ഡ്’ മമ്മൂട്ടി പ്രകാശനം ചെയ്തു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ മോഡറേറ്ററായി. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, എം.ബി. രാജേഷ് എംപി, കെ.വി. അബ്ദുൽഖാദർ എംഎൽഎ, സുനിൽ പി. ഇളയിടം, കെ.സി. നാരായണൻ, കവികൾ റഫീക്ക് അഹമ്മദ്, പി.എൻ. ഗോപീകൃഷ്ണൻ, അൻവറലി, ഗിരിജ പാതേക്കര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സൗഹൃദ ചർച്ചയിൽ കവി പി.പി. രാമചന്ദ്രൻ, ഗാനരചയിതാവ് ഹരിനാരായണൻ, ഫാദർ പത്രോസ്, അനു പാപ്പച്ചൻ, എം.വി. നാരായണൻ, ജിജി ജോഗി തുടങ്ങിയവർ പ്രസംഗിച്ചു.

Your Rating: