Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായി

PTI8_28_2017_00027B

ന്യൂഡൽഹി ∙ ജസ്റ്റിസ് ദീപക് മിശ്ര (64) ഇന്ത്യയുടെ 45–ാമത്തെ ചീഫ് ജസ്റ്റിസായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ ഇന്നലെ വിരമിച്ചതിനെ തുടർന്നാണു ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായത്. 2018 ഒക്ടോബർ രണ്ടുവരെ ഇദ്ദേഹത്തിനു ചീഫ് ജസ്റ്റിസായി തുടരാം. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

ഇംഗ്ലിഷിൽ ദൈവനാമത്തിലാണു പുതിയ ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്തത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ദീപക് മിശ്ര 1977ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1996 ജനുവരി 17ന് ഒറീസ ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായി. 1997 ഡിസംബർ 19നു സ്ഥിരം ജഡ്ജിയായി നിയമിതനായി. ദേശീയ ഗാനാലാപനം സിനിമാ തിയറ്ററുകളിൽ നിർബന്ധമാക്കിയ വിധി നൽകിയ സുപ്രീം കോടതി ബെഞ്ചിൽ അധ്യക്ഷനായിരുന്നതു ജസ്റ്റിസ് ദീപക് മിശ്രയാണ്.