Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റവിചാരണ: കേസിനില്ല, ചോദ്യം ബാക്കി

Dipak Misra

ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യാനുള്ള നോട്ടിസ് തള്ളിയതു ചോദ്യംചെയ്തു രണ്ടു കോൺഗ്രസ് എംപിമാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി നാടകീയമായി പിൻവലിച്ചു.

ഹർജി പരിഗണിക്കാൻ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത് ആരാണ്, അതിന്റെ ഉത്തരവ് എവിടെ എന്നീ സംശയങ്ങൾക്കു വിശദീകരണം ലഭിക്കാത്ത പശ്ചാത്തലത്തിലാണിത്. സുപ്രീം കോടതിയിലെത്തുന്ന ഹർജികൾ ഏതെങ്കിലും ബെഞ്ച് പരിഗണിച്ചശേഷം ഭരണഘടനാ ബെഞ്ചിനു വിടുകയെന്ന കീഴ്‌വഴക്കം പാലിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയർന്നു. ഭരണപരമായ ഉത്തരവിലൂടെ ഒരു കേസ് ഭരണഘടനാ ബെഞ്ചിനു വിടുന്നത് ആദ്യമാണെന്നും കോൺഗ്രസ് നേതാവും ഹർജിക്കാരുടെ അഭിഭാഷകനുമായ കപിൽ സിബൽ വാദിച്ചു. ഇതിനിടെ, ഹർജി ഭരണഘടനാ ബെഞ്ചിനു വിട്ട ഉത്തരവിന്റെ പകർപ്പു ലഭിക്കാൻ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. 

ഹർജി അഞ്ചംഗ ബെഞ്ച് ഇന്നലെ പരിഗണിച്ചെങ്കിലും ബെഞ്ചിനു വിട്ട തീരുമാനം തന്നെ ചോദ്യംചെയ്യപ്പെട്ടതോടെ വിശദാംശങ്ങളിലേക്കു കടക്കാതെ നടപടികൾ അവസാനിപ്പിക്കേണ്ടിവന്നു. 

ബെഞ്ച് രൂപീകരിച്ചത് ചീഫ് ജസ്റ്റിസോ? 

ചീഫ് ജസ്റ്റിസിന്റെ കുറ്റവിചാരണയെക്കുറിച്ചുള്ള ഹർജി പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതു ചീഫ് ജസ്റ്റിസ് തന്നെയോ? ഈ ചോദ്യത്തിന് ഊന്നൽനൽകിയുള്ള നിലപാടാണു ഹർജിക്കാർ കോടതിയിൽ സ്വീകരിച്ചത്. ‘ഹർജിക്കാർക്ക് ആരോടും വിദ്വേഷമില്ല, അജൻഡയില്ല. കേസുകൾ ഏതു ബെഞ്ച് പരിഗണിക്കണമെന്നു തീരുമാനിക്കാൻ ചീഫ് ജസ്റ്റിസിനുള്ള അധികാരത്തെ ചോദ്യംചെയ്യുന്നുമില്ല. ഭരണഘടനാ ബെഞ്ചിനു വിട്ട ഉത്തരവ് ആരുടേതാണെന്നറിയാൻ അവകാശമുണ്ട്. ഉത്തരവു ചീഫ് ജസ്റ്റിസിന്റേതാണെങ്കിൽ അതു ചോദ്യംചെയ്യേണ്ടതുണ്ട്’ – കപിൽ സിബൽ വാദിച്ചു. 

മുതിർന്നവർക്ക് ഇടമില്ലാത്ത ബെഞ്ച്

ചീഫ് ജസ്റ്റിസിനെതിരെ സീനിയോറിറ്റിയിൽ അദ്ദേഹത്തിനു തൊട്ടുതാഴെയുള്ള നാലു ജഡ്ജിമാരാണു സമീപകാലത്തു കലാപമുയർത്തിയത്. ഇവരെ മാറ്റിനിർത്തി സീനിയോറിറ്റിയിൽ ആറു മുതൽ 10 വരെയുള്ള ജഡ്ജിമാരെ ഉൾപ്പെടുത്തിയാണു ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയറായ ജസ്തി ചെലമേശ്വർ ഉൾപ്പെടുന്ന ബെഞ്ചിനു മുൻപാകെ ഇന്നലെ രാവിലെ 10.30നു ഹർജി പരാമർശിക്കാൻ ചെലമേശ്വർ തിങ്കളാഴ്ച നിർദേശിച്ചിരുന്നു. 

ഈ തീരുമാനം വന്ന് ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണു ഹർജി സീനിയോറിറ്റിയിൽ ആറാമതുള്ള ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിനു വിട്ട് ഉത്തരവു പുറത്തുവന്നത്. 

ഇതല്ല വ്യവസ്ഥ,  ഇതല്ല ചട്ടം 

അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുൻപാകെ കപിൽ സിബൽ മുന്നോട്ടുവച്ച പ്രധാന വാദങ്ങൾ: 

∙ ഭരണഘടനയുടെ 145(3) വകുപ്പനുസരിച്ച്, ഭരണഘടനാ വ്യാഖ്യാനം ആവശ്യമായ നിയമപ്രശ്നമുണ്ടെന്നു സുപ്രീംകോടതി കരുതുന്നെങ്കിൽ, അഞ്ചു ജഡ്ജിമാരെങ്കിലുമുള്ള ബെഞ്ചാണ് തീരുമാനമെടുക്കേണ്ടതെന്നാണു വ്യവസ്ഥ. 

∙ ജുഡീഷ്യൽ ഉത്തരവിലൂടെ മാത്രമാണ് അഞ്ചു ജഡ്ജിമാർക്ക് വിഷയം കൈമാറാവുന്നത്. ചീഫ് ജസ്റ്റിസിന്റെ ഭരണപരമായ ഉത്തരവിലൂടെ അഞ്ചംഗ ബെഞ്ചിലേക്കു വിടാൻ സുപ്രീംകോടതിയുടെ ചട്ടങ്ങൾ അനുവദിക്കുന്നില്ല. 

∙ ഇപ്പോഴത്തെ കേസിൽ ഭരണഘടനാ ബെഞ്ചിനു വിട്ടുള്ള ജുഡീഷ്യൽ ഉത്തരവില്ല.ഭരണപരമായ തീരുമാനമെടുത്തത് ഏത് അധികാരിയെന്ന് അറിയാൻ ഹർജിക്കാർക്ക് അവകാശമുണ്ട്.