Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റീസ് സ്ഥാനമേറ്റു

Justice Ranjan Gogoi with President Ram Nath Kovind രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസറ്റിസ് രഞ്ജൻ ഗൊഗോയെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അഭിന്ദിക്കുന്നു.

 ന്യൂഡൽഹി ∙ ഇന്ത്യയുടെ 46–ാം  ചീഫ് ജസ്റ്റിസായി രഞ്ജൻ ഗൊഗോയ് സത്യപ്രതി‍ജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. അടുത്ത വർഷം നവംബർ 17 വരെയാണ് ഗൊഗോയിയുടെ കാലാവധി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ് അസംകാരനായ ഇദ്ദേഹം.

ജഡ്ജിമാരായ എസ്.കെ. കൗൾ, കെ.എം.ജോസഫ് എന്നിവരാണ് ഒന്നാം നമ്പർ കോടതിയിൽ‍ ചീഫ് ജസ്റ്റിസിനൊപ്പം ഇന്നലെ ബെഞ്ച് പങ്കിട്ടത്. അടിയന്തരമായി പരിഗണിക്കേണ്ട കേസുകൾ സംബന്ധിച്ച് ഉടനെ വ്യവസ്ഥകൾ തയാറാക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

ജഡ്ജിമാരുടെ ജോലിവിഭജനം സംബന്ധിച്ച് ഇന്നലെ തന്നെ ചീഫ് ജസ്റ്റിസ് ചില തീരുമാനങ്ങൾ നടപ്പിലാക്കി. പൊതു താൽപര്യ ഹർജികൾ ചീഫ് ജസ്റ്റിസിനു പുറമേ സീനിയോറിറ്റിയിൽ രണ്ടാമതുള്ള ജസ്റ്റിസ് മദൻ ബി. ലൊക്കൂർ അധ്യക്ഷനായ ബെഞ്ചും പരിഗണിക്കും. സാമൂഹിക നീതി വിഷയങ്ങളും ഒന്നും രണ്ടും ബെഞ്ചുകളിൽ പരിഗണിക്കും. 

ഭരണഘടനാ പദവികൾ, സർക്കാരിലെ ഉന്നത നിയമനങ്ങൾ, അന്വേഷണ കമ്മിഷനുകൾ തുടങ്ങിയവയുടെ കേസുകൾ ചീഫ് ജസ്റ്റിസാണ് പരിഗണിക്കുക. സീനിയോറിറ്റിയിൽ മൂന്നാമതുള്ള ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ ബെഞ്ച് തൊഴിൽ, വാടക, സർവീസ് വിഷയങ്ങൾ, കുടുംബ കേസുകൾ, ക്രിമിനൽ കേസുകൾ തുടങ്ങിയവ പരിഗണിക്കും. കോടതിയലക്ഷ്യ കേസുകൾ ചീഫ് ജസ്റ്റിസും ജസ്റ്റിസ് കുര്യൻ ജോസഫും അധ്യക്ഷനായ ബെഞ്ചുകൾ പരിഗണിക്കും.

related stories