Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കുറ്റവിചാരണ' ബെഞ്ച് മാറ്റി; ഭരണഘടനാ ബെ‍ഞ്ചിനു വിട്ട് ചീഫ് ജസ്റ്റിസ്

dipak-misra

ന്യൂഡൽഹി∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നോട്ടിസ് തള്ളിയ രാജ്യസഭാധ്യക്ഷന്റെ നടപടിക്കെതിരെ കോൺഗ്രസിന്റെ രണ്ടു രാജ്യസഭാംഗങ്ങൾ നൽകിയ ഹർജിയിൽ ന‌ാടകീയ വഴിത്തിരിവ്. ഇന്നു 10.30നു തങ്ങളുടെ ബെഞ്ചിൽ പരാമർശിക്കാൻ ജഡ്ജിമാരായ ജസ്തി ജെ.ചെലമേശ്വർ, സഞ്ജയ് കിഷൻ കൗൾ എന്നിവരുടെ െബഞ്ച‌് നിർദേശിച്ചതിനു പിന്നാലെ, ഹർജി അഞ്ചംഗ ഭരണഘടനാ ബെ‍ഞ്ച് അതേസമയത്തു പരിഗണിക്കുമെന്നു വൈകിട്ട് ഏഴു മണിയോടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ തീരുമാനം വന്നു.

ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്ഡെ, എൻ.വി.രമണ, അരുൺ മിശ്ര, ആദർശ് കുമാർ ഗോയൽ എന്നിവരുൾപ്പെട്ടതാണു ഭരണഘടനാ ബെഞ്ച്. ചീഫ് ജസ്റ്റിസിനെതിരെ അധികാര ദുർവിനിയോഗം ആരോപിച്ചു ജനുവരിയിൽ വാർത്താസമ്മേളനം നടത്താൻ മുൻകയ്യെടുത്ത ജസ്റ്റിസ് ചെലമേശ്വർ ചീഫ് ജസ്റ്റിസിനെതിരായ കേസ് പരിഗണിക്കേണ്ടെന്ന തീരുമാനം സുപ്രീം കോടതിക്കുള്ളിലെ തർക്കത്തിനു പുതിയ മാനം നൽകും.

ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തിൽ എന്തു നിലപാടെടുക്കും എന്നതും ശ്രദ്ധേയം. ചീഫ് ജസ്റ്റിസിനെതിരെ വാർത്താസമ്മേളനം നടത്തിയ നാലു മുതിർന്ന ജഡ്ജിമാരിൽ ആരെയും ഉൾപ്പെടുത്താതെ, അവർക്കു താഴെയുള്ള അഞ്ചു പേരുൾപ്പെടുന്ന ബെഞ്ചാണ് ഇന്നലെ രൂപീകരിച്ചത്. ഫയൽ ചെയ്തെങ്കിലും കോടതിയുടെ റജിസ്ട്രിയിൽനിന്നു നമ്പർ ലഭിക്കാതിരുന്ന ഹർജിയാണു ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ച് മുൻപാകെ ഇന്നലെ കപിൽ സിബൽ പരാമർശിച്ചത്. രണ്ടു ജഡ്ജിമാരും ചർച്ച നടത്തിയശേഷം, ഇന്നു വീണ്ടും പരാമർശിക്കാൻ സിബലിനോടു നിർദേശിച്ചു.

എന്നാൽ, ഉച്ചയ്ക്കുതന്നെ ഹർജിക്കു റജിസ്ട്രി നമ്പർ നൽകിയെന്നാണു സൂചന. അതോടെ ഹർജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിൽ ഇന്നു വീണ്ടും പരാമർശിക്കപ്പെടുകയെന്ന സാഹചര്യം ഒഴിവായി. കേസിൽ തുടർനടപടി നിർദേശിച്ചാൽ ഒരേസമയം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും രാജ്യസഭാധ്യക്ഷനായ ഉപരാഷ്ട്രപതിയും പ്രതിസന്ധിയിലാകാം. രാജ്യസഭാധ്യക്ഷനെയാണു ഹർജിയിൽ എതിർകക്ഷിയാക്കിയിരിക്കുന്നത്.

ഒക്ടോബർ രണ്ടുവരെയാണു ചീഫ് ജസ്റ്റിസ് മിശ്രയുടെ കാലാവധി. വിശദമായി വാദം കേൾക്കാമെന്നു ബെഞ്ച് നിർദേശിക്കുകയും നടപടികൾ ഒക്ടോബർ രണ്ടിനപ്പുറത്തേക്കു നീളുകയും ചെയ്താൽ ഹർജി, നിയമം എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നുവെന്ന താൽപര്യം മാത്രമുള്ളതായി മാറും. പ്രതാപ് സിങ് ബാജ്‌വ, അമി ഹർഷദ്രയ യജ്നിക് എന്നിവരാണു രാജ്യസഭാധ്യക്ഷൻ എം.വെങ്കയ്യ നായിഡുവിന്റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്നാരോപിച്ചു സുപ്രീം കോടതിയെ സമീപിച്ചത്.

നോട്ടിസിൽ ഉന്നയിച്ച ആരോപണങ്ങൾ‍ നിയമപരമായി നിലനിൽക്കുമോ എന്നു പരിശോധിക്കാൻ രാജ്യസഭാധ്യക്ഷന് അർധ–ജുഡീഷ്യൽ അധികാരങ്ങളില്ലെന്നും അദ്ദേഹത്തിന്റെ ഉത്തരവു റദ്ദാക്കണമെന്നുമാണ് ആവശ്യം. കുറ്റവിചാരണയുടെ ഭാഗമായി മൂന്നംഗ അന്വേഷണ സമിതിയുണ്ടാക്കാൻ രാജ്യസഭാധ്യക്ഷനോടു നിർദേശിക്കണമെന്നും ഹർജിയിൽ അപേക്ഷിക്കുന്നു.

ചീഫ് ജസ്റ്റിസിനെതിരെ പരോക്ഷ ആരോപണമുണ്ടായ പ്രസാദ് എജ്യുക്കേഷൻ ട്രസ്റ്റ് കേസിൽ താൻ ഉത്തരവു നൽകിയതു വിവാദമായ കാര്യം ജസ്റ്റിസ് ചെലമേശ്വർ പരാമർശിച്ചു. എന്നാൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന വിഷയമായതിനാൽ അദ്ദേഹത്തിന്റെ ബെഞ്ചിൽ പരാമർശിക്കാനാവില്ലെന്ന് അഭിഭാഷകർ കർശന നിലപാടെടുത്തപ്പോഴാണു കേസ് വീണ്ടും ഇന്നു പരാമർശിക്കാൻ ചെലമേശ്വറിന്റെ ബെഞ്ച് നിർദേശിച്ചത്. 

എംപിമാർ സൂക്ഷിക്കുക

പാർലമെന്റിൽ കുറ്റവിചാരണ പ്രമേയത്തിനു നോട്ടിസ് നൽകാത്തിടത്തോളം, ജഡ്ജിയെ പുറത്താക്കണമെന്ന് പരസ്യപ്രസ്താവന നടത്താൻ എംപിമാർക്ക് അവകാശമില്ലെന്നു സുപ്രീം കോടതി വാക്കാൽ പറഞ്ഞു. 

ജഡ്ജിമാരെ മാറ്റുന്നതു സംബന്ധിച്ച നടപടികളിൽ എംപിമാർ പാലിക്കേണ്ട മാർഗരേഖ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഒരു സാമൂഹിക സംഘടന നൽകിയ ഹർജിയാണ് ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. വിഷയം അടിയന്തര സ്വഭാവമുള്ളതല്ലെന്നും കേസ് ജൂലൈ മൂന്നാം വാരം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.