Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരരുടെ ഗ്രനേഡ് ലക്ഷ്യം തെറ്റി; രക്ഷപ്പെടാൻ ഒരുങ്ങിനിന്ന കൂട്ടാളി കൊല്ലപ്പെട്ടു

ശ്രീനഗർ∙ കശ്മീരിൽ ഭീകരർ പൊലീ‌സ് സ്റ്റേഷനു നേർക്കു നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ കൊല്ലപ്പെട്ടു. ബുർഖ ധരിച്ചു പൊലീസ് സ്റ്റേഷനിൽ നിന്നു കടന്നുകളയാൻ ശ്രമിക്കുകയായിരുന്ന മുഷ്താഖ് അഹമ്മദ് ചോപാനാണു കൊല്ലപ്പെട്ടത്. പുൽവാമ ജില്ലയിലെ ട്രാൽ പൊലീസ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്കാണു സംഭവം.

ചോപാൻ പ്രധാന ഗേറ്റിനു സമീപമെത്തിയപ്പോൾ, പൊലീസിന്റെ ശ്രദ്ധ തിരിച്ചുവിടാനായി ഇയാളുടെ കൂട്ടാളികൾ സ്റ്റേഷനു നേർക്കു ഗ്രനേഡ് എറിയുകയായിരുന്നു. എന്നാൽ ഗ്രനേഡ് പൊട്ടിത്തെറിച്ചതു ചോപാൻ നിൽക്കുന്നതിനു സമീപത്തായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇയാൾക്കു രക്ഷപ്പെടാൻ അവസരമൊരുക്കിയത് ആരെന്നതിനെ കുറിച്ചും അന്വേഷണം നടത്തും. കശ്മീരിൽ 24 മണിക്കൂറിനിടെ പൊലീസിനു നേർക്കു നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ബഡ്ഗാം ജില്ലയിലെ ചരാരെ ഷെരീഫ് തീർഥാടന കേന്ദ്രത്തിനു സമീപവും സൂറ മേഖലയിലും ഉണ്ടായ ഭീകരാക്രമണങ്ങളിൽ ഞായറാഴ്ച രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു.

ഇതേസമയം, സാംബ ജില്ലയിൽ അതിർത്തിയിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് തകർത്തു. സേന വെടിവച്ചതിനെ തുടർന്നു ഭീകരർ പിൻവാങ്ങി. കശ്മീരിലേക്ക് നുഴഞ്ഞുകയറാനായി നിയന്ത്രണരേഖയ്ക്കപ്പുറത്ത് ഒട്ടേറെ ഭീകരർ തയാറെടുത്തിരിക്കുന്നതായി ചിനാർ കോറിലെ ലഫ്. ജനറൽ എ.കെ.ഭട്ട് പറഞ്ഞു. മുപ്പതു മുതൽ നാൽപ്പതു വരെ പേരടങ്ങുന്ന സംഘങ്ങൾ അതിർത്തിക്കപ്പുറം പലയിടങ്ങളിലായി തമ്പടിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ വെടിവയ്പു നടത്തുന്നതു നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.