Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെലവുചുരുക്കൽ കർശനം; പുതിയ തസ്തികയും വിമാനയാത്രയും വേണ്ട

issac-expenditure

തിരുവനന്തപുരം ∙ സർക്കാർ ഉദ്യോഗസ്ഥർ പണം ചെലവഴിക്കുന്നതിൽ കർശന നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതും വാഹനങ്ങൾ വാങ്ങുന്നതും നിയന്ത്രിച്ചും ഉദ്യോഗസ്ഥരുടെ വിമാന യാത്ര നിരോധിച്ചുമാണ് ധനവകുപ്പിന്റെ ഉത്തരവ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനാണു ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി ‘വ്യയ നിയന്ത്രണ നടപടികൾ ’ എന്ന പേരിൽ കഴിഞ്ഞ ദിവസം ഉത്തരവു പുറത്തിറക്കിയത്.

മുഖ്യമന്ത്രി അറിയാതെ വിദേശയാത്ര വേണ്ട! 

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ ഉദ്യോഗസ്ഥർ വിദേശയാത്ര നടത്താൻ പാടുള്ളൂവെന്ന് ധനവകുപ്പ് പുറത്തിറക്കിയ ചെലവുചുരുക്കൽ ഉത്തരവിൽ നിർദേശം. വിദേശയാത്രയ്ക്കുള്ള അനുമതി അപേക്ഷ നാലാഴ്ചയ്ക്കു മുൻപു സർക്കാരിനു നൽകണം. 

ഉത്തരവിലെ മറ്റു നിർദേശങ്ങൾ: 

ആവശ്യമായ പഠനത്തിനുശേഷം മാത്രം പുതിയ തസ്തിക.  

വകുപ്പു മേധാവികൾ, പൊലീസ്, നിയമ നിർവഹണ ഏജൻസികൾ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപന മേധാവികൾ എന്നിവർ മാത്രമേ വാഹനം വാങ്ങാൻ പാടുള്ളൂ. വാഹനത്തിന്റെ വില 14 ലക്ഷം കവിയാൻ പാടില്ല. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോർപറേഷനുകൾ തുടങ്ങിയവ പുതിയ വാഹനം വാങ്ങുന്നതിനു പകരം അ‍ഞ്ചുവർഷത്തേക്കു വാടകയ്ക്കെടുക്കണം.  

പുതിയ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ അനുവദിക്കാൻ പാടില്ല. 

 സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ബോർഡുകൾ, കോർപറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ വിമാനയാത്ര കുറയ്ക്കണം. വിഡിയോ കോൺഫറൻസിങ് സാധ്യത പ്രയോജനപ്പെടുത്തണം. 

മൊബൈൽ ഫോൺ നിരക്ക് കുറവുവന്ന സാഹചര്യത്തിൽ ലാൻഡ് ഫോൺ കണക്‌ഷനു പകരം ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉപയോഗം വർധിപ്പിക്കണം. പ്രീപെയ്ഡ് കണക്‌ഷൻ ഉള്ള ഉദ്യോഗസ്ഥർക്കു പ്രതിമാസം 440 രൂപ നൽകും. 

വകുപ്പുതലവൻമാർക്കു മൊബൈൽ നിരക്കായി പ്രതിമാസം നൽകിയിരുന്ന 1500 രൂപ 1000 രൂപയായി കുറച്ചു. 

കരാറുകാർക്ക് കുടിശിക 1400 കോടി 

സംസ്ഥാനത്തെ പൊതുമരാമത്തു കരാറുകാർ ചെയ്ത ജോലിയുടെ കൂലി കിട്ടാനായി ട്രഷറി ക്യൂവിൽ. 1400 കോടി രൂപയാണു സർക്കാർ കരാറുകാർക്കു നൽകാനുള്ളത്. 

ചെയ്തു തീർത്ത റോഡ് നിർമാണത്തിന്റെയും കെട്ടിട നിർമാണത്തിന്റെയും ബില്ലുകൾ മാർച്ച് 25നു മുൻപു കരാറുകാർ നൽകിയിരുന്നു. എന്നാൽ ട്രഷറിയിൽ പണം ഇല്ലാത്തതിനാൽ പണം നൽകാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. കഴിഞ്ഞ പത്തുമാസത്തെ ബിൽ കുടിശികയാണ്. പൊതുമരാമത്തു വകുപ്പിനു കീഴിലെ റോഡ് പണി ചെയ്ത വകയിൽ 1200 കോടി രൂപയാണു നൽകാനുള്ളത്. മറ്റു വകുപ്പുകളിലെ കെട്ടിട നിർമാണത്തിനായി ആ വകുപ്പുകൾ ട്രഷറിയിൽ 200 കോടി രൂപ മുൻകൂർ നൽകിയിരുന്നു. എന്നാൽ പണി പൂർത്തിയാക്കി ബില്ല് നൽകിയപ്പോൾ ആ പണവും കാണാനില്ല. 

ക്യൂവിലുള്ള ബില്ലുകൾ പാസാക്കും 

കഴിഞ്ഞ സാമ്പത്തിക വർഷാവസാനം സാമ്പത്തിക ക്രമീകരണങ്ങളുടെ ഭാഗമായി ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ബില്ലുകളും പാസാക്കി നൽകുമെന്നു ധനവകുപ്പ്. ഇതനുസരിച്ചു ക്യൂവിൽ ബില്ലുകൾ മാറ്റപ്പെട്ടിട്ടുള്ള എല്ലാ ഡിഡിഒമാരും അതതു ട്രഷറി ഓഫിസർമാരുമായി ബന്ധപ്പെടണം.

related stories