Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്‌സുമാരുടെ വേതന വർധന: വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തില്ല

Law | Justice | Court

കൊച്ചി∙ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുൾപ്പെടെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്കരിച്ച സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തില്ല. വിശദമായ വാദം കേൾക്കാതെ ഈയാവശ്യം പരിഗണിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

എതിർകക്ഷികൾക്കു നോട്ടിസ് പുറപ്പെടുവിച്ച കോടതി, കേസ് പിന്നീടു പരിഗണിക്കാൻ മാറ്റി. ഹർജിക്കാർക്കു വേണമെങ്കിൽ വിജ്ഞാപനം സംബന്ധിച്ചുള്ള വിയോജിപ്പ് സർക്കാരിനെ അറിയിക്കാനും സർക്കാരിനതു പരിഗണിക്കാനും കഴിയുമെന്നു കോടതി വ്യക്തമാക്കി.

ഏപ്രിൽ 23നു സർക്കാർ ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും അസോസിയേഷൻ ഓഫ് അഡ്വാൻസ്ഡ് സ്‌പെഷ്യൽറ്റി ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസും വണ്ടൂർ നിംസ് ആശുപത്രി ചെയർമാനും സമർപ്പിച്ച ഹർജികളാണു കോടതിയിൽ. സർക്കാർ വിജ്ഞാപനം നടപടിക്രമങ്ങൾ ലംഘിച്ചാണെന്നു ഹർജിക്കാർ വാദിച്ചു.

സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ 75% കൈകാര്യം ചെയ്യുന്നത് തങ്ങളാണ്. സർക്കാർ വിജ്ഞാപനമനുസരിച്ചു ശമ്പളം നൽകിയാൽ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകും. നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ചു സർക്കാർ തിടുക്കത്തിൽ വിജ്ഞാപനം ഇറക്കിയതായി ഹർജിയിൽ പറയുന്നു. മിനിമം വേതന നിയമത്തിലെ അഞ്ചാം വകുപ്പ് പാലിച്ചില്ല. കിടക്കകളുടെ എണ്ണത്തിന് അനുസരിച്ച് ആശുപത്രികളെ ഇനം തിരിക്കാൻ മിനിമം വേതന നിയമപ്രകാരം സാധ്യമല്ല.

2009ലെ മിനിമം വേതന നിർണയം ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി ഇപ്പോഴും കോടതിയുടെ പരിഗണനയിലുള്ളതിനാൽ പുതിയ വിജ്ഞാപനമിറക്കാൻ തടസ്സമുണ്ട്. മറ്റൊരു ഹർജിയിൽ ഡോ. ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് മരവിപ്പിച്ചിരുന്നെങ്കിലും ആ റിപ്പോർട്ടിൽ ശുപാർശ ചെയ്ത പോലെയാണു നിലവിലെ വേതനനിർണയം. പുതിയ വിജ്ഞാപന പ്രകാരമുള്ള ശമ്പളം 2017 ഒക്ടോബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നൽകണമെന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

related stories