Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.എസ്.ജയ സപ്ലൈകോ സിഎംഡി; സൂരജിന്റെ വകുപ്പുകൾ അശോകിന്

MS Jaya

തിരുവനന്തപുരം∙ കോളജ് വിദ്യാഭ്യാസ ഡയറക്ടർ എം.എസ്.ജയയെ മുഹമ്മദ് ഹനീഷിനു പകരം സപ്ലൈകോ സിഎംഡി ആയി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മൂന്നാഴ്ച പരിശീലനത്തിനായി അവധിയിൽ പോകുന്ന തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു പകരം ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പ് സ്പെഷൽ സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ടിനു തദ്ദേശഭരണ വകുപ്പിന്റെ അധിക ചുമതല നൽകി. ടി.ഒ.സൂരജ് ഇന്നു വിരമിക്കുന്നതിനാൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന സ്പോർട്സ്, യുവജനക്ഷേമ വകുപ്പുകളുടെ അധിക ചുമതല പാർലമെന്ററികാര്യ സെക്രട്ടറി ബി.അശോകിനു നൽകി.

ലൈഫ് മിഷൻ പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അദീല അബ്ദുള്ളയെ ഐഎംജിയുടെ കോഴിക്കോട് റീജനൽ ഡയറക്ടറാക്കി. പകരം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോറിനു ലൈഫ് മിഷന്റെ അധിക ചുമതല നൽകി. കേരള ഹൗസ് അഡീഷനൽ റസിഡന്റ് കമ്മിഷണർ പുനീത് കുമാറിനെ കേരള ഹൗസ് റസിഡന്റ് കമ്മിഷണറായി നിയമിച്ചു. അമൃത് മിഷൻ പ്രോജക്ട് ഡയറക്ടർ പി.എസ്.മുഹമ്മദ് സാഗിറിനെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കി. തദ്ദേശഭരണ (നഗരകാര്യ) അഡീഷനൽ സെക്രട്ടറി ഗിരിജയ്ക്ക് അമൃത് മിഷൻ പ്രോജക്ട് ഡയറക്ടറുടെ അധിക ചുമതല നൽകി.

അസാപ് സിഇഒ ഹരിത വി.കുമാറിനു കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ അധിക ചുമതല നൽകി. മെഡിക്കൽ സർവീസ് കോർപറേഷൻ എംഡി വീണ എൻ.മാധവനെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറാക്കി. മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയുടെ അധിക ചുമതലയുമുണ്ട്. ഹൗസിങ് കമ്മിഷണർ ബി.അബ്ദുൽ നാസറിനു നിർമിതി കേന്ദ്രം ഡയറക്ടറുടെയും നാഷനൽ സൈക്ലോൺ റിസ്‌ക് മിറ്റിഗേഷൻ പ്രോജക്ടിന്റെ സംസ്ഥാന ഡയറക്ടറുടെയും അധിക ചുമതല നൽകി. പ്രവേശന പരീക്ഷാ കമ്മിഷണറുടെ അധിക ചുമതല വഹിച്ചിരുന്ന ഹയർ സെക്കൻഡറി ഡയറക്ടർ പി.കെ.സുധീർ ബാബുവിന് ആ തസ്തികയിൽ സ്ഥിരം നിയമനം നൽകി.

Mohammed Hanish

ഹനീഷിന്റെ നിയമനം: മന്ത്രിയുടെ നിർദേശം തള്ളി

തിരുവനന്തപുരം∙ എ.പി.എം.മുഹമ്മദ് ഹനീഷിനെ സപ്ലൈകോ സിഎംഡി സ്ഥാനത്തു പൂർണ ചുമതലയോടെ നിലനിർത്തണമെന്ന മന്ത്രി പി.തിലോത്തമന്റെ ആവശ്യം തള്ളി ഹനീഷിനെ സപ്ലൈകോയിൽനിന്നു മുഖ്യമന്ത്രി പൂർണമായി ഒഴിവാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ ഹനീഷിനെ സപ്ലൈകോയുടെ പൂർണ ചുമതലയിൽനിന്നു മാറ്റി കൊച്ചി മെട്രോ റെയിൽ കോർപറേഷന്റെ എംഡിയായി നിയമിച്ചിരുന്നു.

ഭക്ഷ്യവകുപ്പിൽ ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പാക്കുന്ന സാഹചര്യത്തിൽ ഹനീഷിനു മറ്റൊരു ചുമതലകൂടി നൽകിയതിനെ ഭക്ഷ്യമന്ത്രി അന്ന് എതിർത്തിരുന്നു. പൂർണ ചുമതല നൽകി സപ്ലൈകോയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ടു മന്ത്രി കഴിഞ്ഞമാസം മുഖ്യമന്ത്രിക്കു കത്തും നൽകി. എന്നാൽ ഇന്നലെ മന്ത്രിസഭാ യോഗം എം.എസ്.ജയയെ സപ്ലൈകോ സിഎംഡിയായി നിയമിച്ചു. മുഖ്യമന്ത്രിയുടെ കീഴിലുള്ള മെട്രോ റെയിൽ കോർപറേഷനിൽ ഹനീഷ് തുടരും.

related stories