Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു കൊലപാതകം: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന

Abhimanyu Murder

മഞ്ചേരി∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപനങ്ങളായ മഞ്ചേരി കാരാപറമ്പ് ഗ്രീൻവാലി, ചെരണി സത്യസരണി, പുത്തനത്താണി അതിരുമട ഗ്രീൻ മലബാർ ഹൗസ് എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. രേഖകൾ പരിശോധിക്കുകയും ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. 

എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. മൂന്നിടത്തും ഒരേ സമയമാണ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സംശയാസ്‌പദമായ ഒന്നും കണ്ടെടുത്തില്ലെന്നു പൊലീസ് അറിയിച്ചു. രാവിലെ 11നു തുടങ്ങിയ പരിശോധന ഉച്ചയ്‌ക്ക് ഒരു മണിവരെ തുടർന്നു.

ഗ്രീൻവാലിയിൽ ഓഫിസ് ജീവനക്കാർ, വിദ്യാർഥികൾ, വൊളന്റിയർമാർ എന്നിവർ ഉണ്ടായിരുന്നു. ഗ്രീൻവാലിയിൽ മലപ്പുറം ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലും സത്യസരണിയിൽ പെരിന്തൽമണ്ണ ഡിഐഎസ്‌പി എം.പി.മോഹനചന്ദ്രനും മലബാർ ഹൗസിൽ തിരൂർ ഡിവൈസ്‌പി ബിജു ഭാസ്‌കറും നേതൃത്വം നൽകി. സിഐമാരായ എ.പ്രേംജിത്, എൻ.ബി.ഷൈജു, വി.ബാബുരാജ്, അഹമ്മദ് ബഷീർ, എസ്ഐ കെ.സുധീർ തുടങ്ങിയവരും പങ്കെടുത്തു. 

മഞ്ചേരിയിലും തിരൂരിലുമായി കഴിഞ്ഞ ദിവസം അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് നാനൂറോളം എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഏപ്രിൽ 16ലെ അപ്രഖ്യാപിത ഹർത്താലുമായി ബന്ധപ്പെട്ട കേസുകളിൽ എസ്ഡിപിഐ പ്രവർത്തകരുൾപ്പെടെ ഒൻപതു പേരെക്കൂടി കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അറസ്റ്റ് ചെയ്തിട്ടുണ്ട്.