Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവുനായ കടിച്ചവർക്ക് നഷ്ടപരിഹാരം: കേരളത്തിനു സുപ്രീം കോടതിയുടെ താക്കീത്

Stray Dogs

ന്യൂഡൽഹി ∙ സംസ്ഥാനത്തു തെരുവുനായയുടെ കടിയേറ്റതുമായി ബന്ധപ്പെട്ടു ജസ്റ്റിസ് സിരിജഗൻ സമിതി നിർദേശിച്ച രീതിയിൽ നഷ്ടപരിഹാരം വിതരണം ചെയ്യാത്തതിനു സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ താക്കീത്. സമിതിയുടെ നിർദേശം കർശനമായി പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും തക്ക ശിക്ഷയുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സമിതി നഷ്ടപരിഹാരം നിശ്ചയിച്ചുകഴിഞ്ഞാൽ സർ‍ക്കാർ അതു നൽകണമെന്നും ഉത്തരവാദിത്തം വച്ചൊഴിയാൻ പാടില്ലെന്നും കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു.

തെരുവുനായയുടെ കടിയേറ്റതിനെത്തുടർന്നു മരിച്ച കോട്ടയം മൂഴൂർ മഞ്ഞാമറ്റത്തിൽ ഡോളിയുടെ ഭർത്താവ് ജോസ് സെബാസ്റ്റ്യൻ നൽ‍കിയ കോടതിയലക്ഷ്യ ഹർജിയിലാണു നടപടി. സമിതി പരിഗണിച്ച പട്ടികയിലുള്ള 129 പേർക്കു നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും 92 പേർക്കു പലിശ നൽകിയിട്ടില്ലെന്നുമാണു കോടതി പരിഗണിച്ച റിപ്പോർ‍ട്ടിലുള്ളത്. കേസ് അടുത്തമാസം 13നു വീണ്ടും പരിഗണിക്കും. ഹർജിക്കാർക്കുവേണ്ടി വി.കെ.ബിജുവും സർക്കാരിനുവേണ്ടി വി.ഗിരിയും സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശിയും ഹാജരായി.

related stories