Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർ കോഴ: മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നു കോടതിയിൽ വിഎസ്

K.M. Mani, V.S. Achuthanandan

തിരുവനന്തപുരം∙ ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് നൽകിയ റിപ്പോർട്ട് തള്ളണമെന്നു വി.എസ്.അച്യുതാനന്ദൻ. ഈ റിപ്പോർട്ട് പരിഗണിക്കരുതെന്നു വിഎസ് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. മാണിക്കെതിരെ തെളിവുണ്ടായിട്ടും വിജിലൻസ് പരിഗണിച്ചില്ലെന്നു വിഎസ് ആരോപിച്ചു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നാണു അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. മൂന്നു തവണ കേസ് അന്വേഷിച്ചപ്പോഴും സമാനമായ റിപ്പോർട്ടാണു വിജിലൻസ് സമർപ്പിച്ചത്.

വിചാരണ സമയത്തു കോടതി നടപ്പിലാക്കേണ്ട വിധി അന്വേഷണ ഉദ്യോഗസ്ഥർ സ്വയം ചെയ്‌തിരിക്കുകയാണെന്നു വിഎസിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ശരിയായി അന്വേഷണം പൂർത്തിയാക്കിയാൽ മാണിയെ പ്രതി ആക്കാവുന്ന നിരവധി തെളിവുകൾ അന്വേഷണ റിപ്പോർട്ടിൽ തന്നെ ഉണ്ട്. ബാർ അസോസിയേഷൻ ഭാരവാഹികൾ ഒന്നര കോടി രൂപ മൂന്നു തവണയായി ശേഖരിച്ചു എന്നു റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആദ്യം നൽകിയ 50 കോടി രൂപയുടെ അന്വേഷണമാണ് ഇവർ നടത്തിയത്. ഇതിനു തെളിവില്ലെന്നാണു കണ്ടെത്തൽ. എന്നാൽ മറ്റു രണ്ടു ഘട്ടങ്ങളുടെ കാര്യം വ്യക്തമാക്കുന്നില്ല.

ബിജു രമേശ് അന്വേഷണ ഉദ്യോഗസ്ഥരെ ഏൽപിച്ച മൊബൈൽ ഫോണിനെക്കുറിച്ചു നടത്തിയ ശാസ്‌ത്രീയ അന്വേഷണ രീതിയും സംശയം ഉളവാക്കുന്നതാണ്. കോടതി വീണ്ടുമൊരു അന്വേഷണത്തിന് ഉത്തരവിട്ടാൽ അതിനു കോടതിയുടെ മേൽനോട്ടം വേണമെന്നും വിഎസിന്റെ ആക്ഷേപ ഹർജിയിൽ പറയുന്നു.

വിഎസിന്റേതു കൂടാതെ ബിജെപി നേതാവ് വി.മുരളീധരൻ, സിപിഐ നേതാവ് പി.കെ.രാജു എന്നിവരുടെ ഹർജികളിലും വാദം പൂർത്തിയായി. മന്ത്രി വി.എസ്.സുനിൽകുമാർ പിൻമാറിയതിനെ തുടർന്നാണു രാജു കക്ഷി ചേർന്നത്. ഇന്നലെയും ആക്ഷേപം ഫയൽ ചെയ്യാതെ വീണ്ടും സമയം ആവശ്യപ്പെട്ട എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വൻ, ബിജു രമേശ്, സണ്ണി മാത്യു, വി.ആർ.വിജു എന്നിവർക്കു കോടതി ഒരാഴ്ച കൂടി അനുവദിച്ചു. 31നു കേസ് പരിഗണിക്കുമ്പോൾ ഹർജി നൽകിയ എല്ലാവരും വാദം പൂർത്തിയാക്കണമെന്ന താക്കീതും നൽകി.

ഈ സർക്കാർ വന്നപ്പോഴാണു ബാർ കേസിൽ മൂന്നാമതും അന്വേഷണത്തിന് ഉത്തരവു നൽകിയത്. 2017 ഓഗസ്റ്റിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി. ശ്യാം കുമാറിന്റെ നേതൃത്വത്തിൽ തുടങ്ങിയ പുതിയ അന്വേഷണത്തിലും തെളിവു കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണു റിപ്പോർട്ട്. പൂട്ടിയ 48 ബാറുകൾ തുറക്കാൻ അഞ്ചു കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നായിരുന്നു ബാർ ഉടമ ബിജു രമേശിന്റെ ആരോപണം.

related stories