Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എസ്എൽസി പരീക്ഷ മാർച്ച് 13 മുതൽ 27 വരെ

sslc exam

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷ മാർച്ച് 13 മുതൽ 27 വരെ നടത്തുന്നതിനു ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോനിട്ടറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. നേരത്തേ മാർച്ച് ആറു മുതൽ 25 വരെയാണു നിശ്ചയിച്ചിരുന്നത്. എസ്എസ്എൽസി പരീക്ഷ മാറ്റിയ സാഹചര്യത്തിൽ അതിനൊപ്പം നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷയുടെ തീയതികളിലും മാറ്റം വരുമെങ്കിലും ഇക്കാര്യത്തിൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് തീരുമാനം എടുത്തിട്ടില്ല.

സംസ്ഥാന സ്കൂൾ കലോത്സവം, കായികമേള തുടങ്ങിയവയുടെ നേരത്തേ നിശ്ചയിച്ച വേദികളിലും തീയതികളിലും മാറ്റമില്ല. ഓണപ്പരീക്ഷ ഓഗസ്റ്റ് 31നു തുടങ്ങി സെപ്റ്റംബർ 10ന് അവസാനിക്കും. ഓണം അവധി കഴിഞ്ഞ് 30നു ക്ലാസ് തുടങ്ങുമെങ്കിലും അന്ന് ഓണം വാരാഘോഷ സമാപനമായതു കൊണ്ടാണ് പരീക്ഷ പിറ്റേന്നാക്കിയത്. മുസ്‌ലിം കലണ്ടർ അനുസരിച്ചു പ്രവർത്തിക്കുന്ന സ്കൂളുകളിലും 31നു തന്നെയാണു പരീക്ഷ.

മഴക്കെടുതിമൂലം ക്ലാസ് നഷ്ടപ്പെട്ടതിനാൽ എസ്എസ്എൽസി പരീക്ഷ മാർച്ച് 25 മുതൽ ഏപ്രിൽ 10 വരെ നടത്തണമെന്ന നിർദേശമാണു സർക്കാർ മുന്നോട്ടുവച്ചത്. എന്നാൽ, ഏപ്രിലിൽ ലോക്സഭാ തിരഞ്ഞെടുപ്പു വരുന്നതും ജനുവരിയിൽ തന്നെ എസ്എസ്എൽസി വിദ്യാർഥികളുടെ പാഠഭാഗങ്ങൾ പഠിപ്പിച്ചു കഴിയുമെന്നതും ചൂണ്ടിക്കാട്ടി അധ്യാപക സംഘടനാ പ്രതിനിധികൾ എതിർത്തു. ഓരോ ജില്ലയിലും മഴക്കെടുതിമൂലം നഷ്ടപ്പെട്ട അധ്യയന ദിവസങ്ങൾ പരിശോധിച്ച് അവിടെ ശനിയാഴ്ച ഉൾപ്പെടെ ക്ലാസ് നിശ്ചയിക്കാൻ ജില്ലാ ക്യുഐപി മോനിട്ടറിങ് കമ്മിറ്റികളെ ചുമതലപ്പെടുത്തി.

മാർച്ച് 13 മുതൽ 27 വരെയുള്ള എസ്എസ്എൽസി പരീക്ഷയ്ക്കിടെ മാർച്ച് 15, 16, 17, 22, 23, 24 തീയതികളിൽ പരീക്ഷയില്ല. ഈ ദിവസങ്ങളിൽ മറ്റു ക്ലാസുകാരുടെ വാർഷിക പരീക്ഷ നടത്തും. എസ്എസ്എൽസി പരീക്ഷ രാവിലെ ആക്കണമെന്നു സർക്കാരിനോട് അഭ്യർഥിക്കാനും തീരുമാനിച്ചു.

അധ്യയന ദിവസങ്ങളിൽ മതപരമായ ചടങ്ങുകൾ വിദ്യാർഥികളെ സഹകരിപ്പിച്ചു സ്കൂളിൽ നടത്തരുതെന്നു തീരുമാനിച്ചു. ഇതു സംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിപിഐ) സർക്കുലർ ഇറക്കും. ഡിപിഐ: കെ.വി.മോഹൻകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അധ്യാപക നേതാക്കളായ കെ.സി.ഹരികൃഷ്ണൻ, പി.ഹരിഗോവിന്ദൻ, എൻ.ശ്രീകുമാർ, എ.കെ.സൈനുദീൻ, പി.എസ്.ഗോപകുമാർ, ജയിംസ് കുര്യൻ, എം.തമീമുദീൻ, ടി.വി.വിജയൻ എന്നിവർ പങ്കെടുത്തു.