Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതനിരപേക്ഷത ഇല്ലാതായാൽ ഇന്ത്യ ഇല്ലാതാകും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ മതനിരപേക്ഷത ഇല്ലാതായാൽ ഇന്ത്യയും ഇന്ത്യയിലെ ജനാധിപത്യവും ഇല്ലാതാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ വജ്രജൂബിലിയുടെ ഭാഗമായി നടത്തുന്ന ‘ജനാധിപത്യത്തിന്റെ ഉൽസവ’ത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയ്ക്കും സോഷ്യലിസത്തിനും വലിയ വെല്ലുവിളി ഉയർന്നപ്പോൾ ആ മൂല്യങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽത്തന്നെ ഉൾപ്പെടുത്തുകയാണു നമ്മൾ ചെയ്തത്.

ലോകത്തിലെ വിവിധ ഭാഷകളും സംസ്കാരങ്ങളും സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യയുടേത്. എല്ലാ ചിന്താധാരകളെയും നമ്മൾ സ്വീകരിച്ചിട്ടുണ്ട്. നാനാത്വത്തിൽ ഏകത്വമെന്ന ആശയം രൂപപ്പെട്ടത് അങ്ങനെയാണ്. ഇന്ത്യൻ ജനാധിപത്യത്തെ പുഷ്കലമാക്കുന്നത് ഈ ആശയമാണ്. ജനാധിപത്യത്തെ ദുർബലമാക്കാൻ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്. സമൂഹ മാധ്യങ്ങളിലൂടെ അസത്യങ്ങൾ പ്രചരിപ്പിച്ചു വിദ്വേഷവും ശത്രുതയും സൃഷ്ടിക്കാനുള്ള പ്രവണത വ്യാപകമാണ്. ഈ പ്രചാരണം വിശ്വസിക്കുന്നവർ വസ്തുത എന്താണെന്ന് അന്വേഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ സ്ഥാപനങ്ങളുടെ നിലവാരത്തകർച്ചയെച്ചൊല്ലി ജനങ്ങൾ വിലപിക്കുകയാണെന്നു ഗവർണർ പി.സദാശിവം പറഞ്ഞു. ഈ സ്ഥാപനങ്ങളിലെ നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും അവഗണിക്കപ്പെടുകയാണ്. പുതിയ പ്രശ്നങ്ങൾ നേരിടാൻ പുതിയ പ്രതിഷേധ മാർഗങ്ങളും വിയോജിപ്പുകളും ആവശ്യമായി വരും. പക്ഷേ അവയൊന്നും ജനാധിപത്യ സ്ഥാപനങ്ങളുടെ അടിസ്ഥാനപരമായ അന്തസ്സിനെ അവഗണിച്ചുകൊണ്ടായിരിക്കരുത്. നിയമനിർമാണ സഭകളിലെ അംഗങ്ങളുടെ അവകാശങ്ങൾ ലംഘിക്കുകയുമരുത്. നിയമസഭകൾക്ക് അവയുടേതായ വ്യക്തമായി നിർവചിക്കപ്പെട്ട നടത്തിപ്പു രീതികളുണ്ട്. ജനാധിപത്യത്തിന്റെ പേരിൽ അതിനെ അട്ടിമറിക്കാൻ കഴിയില്ല. ഭാവിയിലെ നിയമസഭാംഗങ്ങൾക്കു വേണ്ടി ഉന്നതമായ നിലവാരം പുലർത്താൻ നിലവിലുള്ള അംഗങ്ങൾക്കു ബാധ്യതയുണ്ടെന്നും ഗവർണർ പറഞ്ഞു.

സർക്കാരുകൾ ഭരണഘടനാപരമായ ബാധ്യത പാലിക്കുകയും മൗലികാവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുമ്പോഴാണ് ഇന്ത്യയെന്ന ആശയം സജീവമാകുന്നതെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. സാധാരണക്കാരന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർദേശിച്ചു.

related stories