Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദ പാർക്ക്: അപകടം വിവരിച്ച് വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയത് രണ്ടു തവണ; ഒന്നിലും നടപടിയില്ല

Anwar's-Park

കൂടരഞ്ഞി ∙ കക്കാടംപൊയിലിൽ പി.വി. അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലായിരുന്ന വിവാദ വാട്ടർ തീം പാർക്ക് ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാരണം അപകടാവസ്ഥയിലാണെന്ന് രണ്ടു തവണ വില്ലേജ് ഓഫിസർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടും നടപടി ഇല്ല.

ജൂൺ 13, 14 തീയതികളിൽ പാർക്കിന് സമീപം രണ്ടിടത്ത് ഉരുൾപൊട്ടൽ ഉണ്ടായപ്പോഴാണ് വില്ലേജ് ഓഫിസർ കലക്ടർക്ക് ആദ്യ റിപ്പോർട്ട് നൽകിയത്. തുടർന്ന് പാർക്കിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ ദുരന്തനിവാരണവിഭാഗം നിർദേശം നൽകി. എന്നാൽ പിന്നീട് വിശദമായ പരിശോധനകളൊന്നും ഉണ്ടായില്ല.

ജൂൺ 17ന് പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. പിന്നാലെ റൈഡുകൾക്കായി സ്ഥാപിച്ച ജലസംഭരണിയിലെ വെള്ളം തുറന്നുവിടാൻ പഞ്ചായത്ത് ഉത്തരവിട്ടു. നാലു കുളങ്ങളിലായി രണ്ടര ലക്ഷത്തിലേറെ ലീറ്റർ വെള്ളം സംഭരിച്ചിരുന്നു. കുളത്തിനു സമീപം അന്ന് വിള്ളൽ കണ്ടെത്തിയിരുന്നു.

ജൂൺ‌ 30ന് പാർക്കിന് പഞ്ചായത്ത് നൽകിയ ലൈസൻസിന്റെ കാലാവധി അവസാനിച്ചു. ഓഗസ്റ്റ് 15ന് പാർക്കിന് സമീപത്ത് എട്ടിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വില്ലേജ് ഓഫിസർ വീണ്ടും തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയെങ്കിലും നടപടി വന്നില്ല. ഉരുൾപൊട്ടൽ വിവരം ഇത്തവണയും പാർക്ക് അധികൃതർ മറച്ചുവയ്ക്കുകയായിരുന്നു.

ജനറേറ്റർ റൂമിനോട് ചേർന്നും പാർക്കിന്റെ സംരക്ഷണമതിലിനടത്തും ജലസംഭരണിയുടെ സമീപവുമെല്ലാം ഉണ്ടായ ഉരുൾപൊട്ടൽ വില്ലേജ് ഓഫിസർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.