Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാജ്പേയിക്കു നാടിന്റെ സ്മരണാഞ്ജലി; ചിതാഭസ്മം തിരുവല്ലത്ത് നിമജ്ജനം ചെയ്തു

Vajpayee-Ashes മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം വിജെടി ഹാളിൽ പൊതുദർശനത്തിനു വച്ചപ്പോൾ ഗവർണർ പി.സദാശിവം പുഷ്പാർച്ചന നടത്തുന്നു. പി.ജെ.കുര്യൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള എന്നിവർ സമീപം.

തിരുവനന്തപുരം∙ മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിക്കു സ്മരണാഞ്ജലി അർപ്പിച്ചു തലസ്ഥാനനഗരി. 

വാജ്േപയിയുടെ ചിതാഭസ്മം തിരുവല്ലം പരശുരാമക്ഷേത്രത്തിലെ സ്നാനഘട്ടിൽ നിമജ്ജനം ചെയ്യുന്നതിനു മുന്നോടിയായി വിജെടി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രണാമമർപ്പിക്കാൻ വിവിധ മേഖലകളിൽനിന്നുള്ള നൂറുകണക്കിനു പേരെത്തി. 

ലോകം മുഴുവൻ ആദരവോടെ കണ്ട നേതാവായിരുന്നു വാജ്‌പേയിയെന്നു ഗവർണർ ജസ്റ്റിസ് പി.സദാശിവം അനുസ്മരിച്ചു. കടുത്ത രാഷ്ട്രീയ ശത്രുത പുലർത്തിയവർ പോലും വാജ്‌പേയിയോടു സ്‌നേഹപൂർവമാണ് ഇടപെട്ടത്. അറിവും കഴിവും അദ്ദേഹം രാജ്യത്തിനു സമർപ്പിച്ചുവെന്നും ചിതാഭസ്മത്തിൽ പുഷ്പാർച്ചന നടത്തി ഗവർണർ പറഞ്ഞു. 

ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു വാജ്‌പേയിയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. 

കൈകാര്യം ചെയ്ത ഓരോ പദവിക്കും അദ്ദേഹം മഹത്വം പകർന്നു. പ്രധാനമന്ത്രിയായിരുന്നപ്പോൾ കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവമായ നിലപാടുകളാണു വാജ്പേയി സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രിയായിരിക്കെ, ലോക്സഭാ ഉപാധ്യക്ഷസ്ഥാനം എതിർപ്പുകളെ മറികടന്നു കോൺഗ്രസിനു നൽകിയതു മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ.കുര്യൻ അനുസ്മരിച്ചു. പ്രതിപക്ഷത്തിന്റെ താൽപര്യങ്ങൾക്കു വിലകൽപിച്ചിരുന്നു എന്നതിനു തെളിവായിരുന്നു ഉപാധ്യക്ഷസ്ഥാനം നൽകിയ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എംപിമാരായ ശശി തരൂർ, സുരേഷ് ഗോപി, റിച്ചാർഡ് ഹേ, എംഎൽഎമാരായ കെ.മുരളീധരൻ, വി.എസ്.ശിവകുമാർ, ഒ.രാജഗോപാൽ, ബിജെപി ദേശീയ ജന. സെക്രട്ടറി മുരളീധർ റാവു, സംസ്ഥാന പ്രസിഡന്റ്, പി.എസ്.ശ്രീധരൻ പിള്ള, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദൻ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ഡോ. ജി.മാധവൻ നായർ, ഡോ. ടി.പി.ശ്രീനിവാസൻ, കെ.അയ്യപ്പൻപിള്ള, ഡോ. ഡി.ബോബുപോൾ, ടി.പി.സെൻകുമാർ, കെ.രാമൻപിള്ള, രാജൻ ബാബു, എസ്.സേതുമാധവൻ തുടങ്ങിയവർ വാജ്പേയിയെ അനുസ്മരിച്ചു. തുടർന്നു ചിതാഭസ്മം പുഷ്ാലംകൃതമായ വാഹനത്തിൽ തിരുവല്ലത്തേക്കു കൊണ്ടുപോയി. സ്നാനഘട്ടിലെ പ്രത്യേക പൂജാകർമങ്ങൾക്കു ശേഷം നിമജ്ജനചടങ്ങ് നടന്നു. 

കഴിഞ്ഞ 29നു കാസർകോട് നിന്ന് ആരംഭിച്ച നിമജ്ജനയാത്ര വിവിധ ജില്ലകളിലൂടെ സഞ്ചരിച്ചാണു തിരുവനന്തപുരത്ത് എത്തിയത്.