Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയകാലത്ത് ഒഴുക്കിവിട്ട വെള്ളത്തിന്റെ അളവ് പ്രസിദ്ധീകരിക്കണം: വി.ഡി. സതീശൻ

കൊച്ചി ∙ പ്രളയകാലത്തു കേരളത്തിലെ ഡാമുകളിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റെയും പുറത്തുവിട്ട വെള്ളത്തിന്റെയും അളവ് (ഫ്ളോ ചാർട്ട്) പ്രസിദ്ധീകരിക്കാൻ വൈദ്യുതി ബോർഡ് തയാറാവണമെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എംഎൽഎ ആവശ്യപ്പെട്ടു. കേരളത്തിലുണ്ടായതു മനുഷ്യനിർമിത ദുരന്തമാണെന്ന് ആവർത്തിച്ച അദ്ദേഹം, പ്രളയ ദിനങ്ങളിൽ എത്ര യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചെന്ന വിവരം പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. ഡാമുകളിലെ ഷട്ടറുകൾ തുറന്ന ഗേറ്റ് കീപ്പർമാർക്ക് വൈദ്യുതി ബോർഡ് എന്തു സാങ്കേതിക സഹായമാണു നൽകിയതെന്നറിയാൻ ജനങ്ങൾക്കു താൽപര്യമുണ്ട്, ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ‘പ്രളയവും ഡാം സുരക്ഷയും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ വിഷയാവതരണം നടത്തി സതീശൻ പറഞ്ഞു. 

മഴ അതിതീവ്രമാകുമെന്നു മുന്നറിയിപ്പു ലഭിച്ചിട്ടും ഡാമിലെ വെള്ളത്തിന്റെ അളവു കുറയ്ക്കാൻ കൂട്ടാക്കാതിരുന്ന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കുടപിടിച്ചു. ജൂലൈ 17നു പെയ്ത മഴയിൽ മാത്രം ഡാമിലെ വെള്ളത്തിന്റെ അളവിൽ 7% വർധനയുണ്ടായി. കാലാവസ്ഥാ മുന്നറിയിപ്പ് വൈദ്യുതി ബോർഡ് അവഗണിച്ചതാണു കേരളം പ്രളയത്തിൽ മുങ്ങാൻ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

മഴ തീവ്രമാകും മുൻപുതന്നെ ഡാമുകളിലെ വെള്ളം തുറന്നുവിടാൻ അവസരം ലഭിച്ചതാണെന്നും ആ അവസരം വിനിയോഗിക്കാൻ കഴിയാതെപോയതാണു വെള്ളപ്പൊക്കം പ്രളയമായി മാറാൻ കാരണമെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രസിഡന്റ് കെ.പി. ധനപാലൻ അധ്യക്ഷനായി. മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, കെ. ബാബു, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ്, ഹൈബി ഇൗഡൻ എംഎൽഎ, കെ.പി. ഹരിദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ്, ടോണി ചമ്മണി, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുൻ ഡയറക്ടർ എസ്. സുദേവൻ, കോൺഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് വി. സുധീർകുമാർ, ജനറൽ സെക്രട്ടറി എ. ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ.എൻ. മോഹനൻ എന്നിവർ പ്രസംഗിച്ചു. 

related stories