Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവ മാസ്‌റ്റർമൈൻഡ്: ഫിനാലെയിൽ 50 പ്രോജക്ടുകൾ

jacob-philip-jippu-jacob-and-achuth-shankar ഡോ. ജേക്കബ് ഫിലിപ്പ്, ഡോ. ജിപ്പു ജേക്കബ്, ഡോ. അച്യുത്ശങ്കർ എസ്.നായർ എന്നിവർ പ്രോജക്ടുകൾ തിരഞ്ഞെടുക്കുന്നു.

കോട്ടയം∙ മലയാള മനോരമ - ഐബിഎസ് യുവ മാസ്‌റ്റർമൈൻഡിൽ 50 പ്രോജക്ടുകൾ അവസാന റൗണ്ടിലേക്ക്. മൂവായിരത്തോളം പ്രോജ്കട് നിർദേശങ്ങളിൽനിന്ന് കേരള സർവകലാശാല കംപ്യൂട്ടേഷനൽ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്‌സ് വകുപ്പുമേധാവി ഡോ. അച്യുത്ശങ്കർ എസ്.നായർ, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്റർ മുൻ ഡയറക്ടർ ഡോ. ജേക്കബ് ഫിലിപ്പ്, അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് കോ ഓർഡിനേറ്ററും പ്രഫസറുമായ ഡോ. ജിപ്പു ജേക്കബ് എന്നിവരാണ് പ്രോജക്ടുകൾ തിര‍ഞ്ഞെടുത്തത്.

ശാസ്‌ത്രവും സാങ്കേതികവിദ്യയും സമൂഹത്തിന്റെ പുരോഗതിക്കും പ്രശ്നപരിഹാരങ്ങൾക്കുമായി ഉപയോഗപ്പെടുത്താൻ വിദ്യാർഥികൾ ശ്രമിക്കുന്നുണ്ടെന്നു ജൂറി വിലയിരുത്തി. തിരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകൾ പൂർത്തിയാക്കാനുള്ള മാർഗനിർദേശവും ചെലവിന്റെ ഒരു ഭാഗവും യുവ മാസ്റ്റർമൈൻഡ് നൽകും.

ഫിനാലെയിലെത്തിയ ടീം പ്രതിനിധികളുമായുള്ള അഭിമുഖം നാളെ കോട്ടയം മലയാള മനോരമ കേന്ദ്ര ഓഫിസിൽ നടക്കും. ടീമുകളെ നേരിട്ട് അറിയിച്ചിട്ടുണ്ട്. 2019 ജനുവരി 19ന് കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ 50 പ്രോജക്ടുകൾ പ്രദർശിപ്പിക്കും. 20ന് ജേതാക്കളെ പ്രഖ്യാപിക്കും. അവസാന റൗണ്ടിലെത്തിയ പ്രോജക്ടുകൾ: www.manoramaonline.com/education