Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിതാവിന്റെ മദ്യപാനം മൂലം പഠനം ഉപേക്ഷിച്ചവർ 15%

Class room

പത്തനംതിട്ട ∙ സംസ്ഥാനത്തു 15% പേർ സ്കൂൾ പഠനം നിർത്താൻ കാരണം പിതാവിന്റെ മദ്യപാനശീലം മൂലം വീട്ടിലുണ്ടായ സംഘർഷങ്ങളെന്നു വിദ്യാഭ്യാസ വകുപ്പിന്റെ സർവേ റിപ്പോർട്ട്. അച്ഛനും അമ്മയും വഴക്കിട്ടു പിരിഞ്ഞു ജീവിക്കുന്നതിനാലും 10% പേർക്കു പഠനം ഉപേക്ഷിക്കേണ്ടിവന്നു. 2015–16, 2016–17 കാലയളവിൽ സംസ്ഥാനത്തെ സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽനിന്ന് പഠനം ഉപേക്ഷിച്ചു പോയ കുട്ടികളുടെ വീട്ടിൽ നേരിട്ടെത്തിയായിരുന്നു സർവേ. 4% വിദ്യാർഥികൾ വിവാഹത്തെ തുടർന്നും 4% യാത്രാദുരിതം മൂലവും 2% ലഹരി ഉപയോഗം മൂലവും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടും പഠനം നിർത്തി.

പഠനം ഉപേക്ഷിച്ചവരിൽ 50% വിദ്യാർഥികളുടെയും രക്ഷിതാക്കൾ നിരക്ഷരരോ പ്രൈമറി വിദ്യാഭ്യാസം മാത്രം ഉള്ളവരോ ആണ്. കൊഴിഞ്ഞുപോയ വിദ്യാർഥികളിൽ 55 % പേർ കോളനി പ്രദേശത്തുനിന്നുള്ളവരാണ്. ഒന്നാം ക്ലാസിൽ തന്നെ പഠനം ഉപേക്ഷിച്ചവർ 2015–16ൽ 2046 പേരും 2016–17ൽ 764 പേരും 2017–18ൽ 369 പേരുമാണ്. വരും വർഷങ്ങളിൽ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനായി പ്രത്യേക പദ്ധതികൾ വകുപ്പ് നടപ്പാക്കുന്നുണ്ട്.

∙ കൊഴിഞ്ഞുപോക്ക്

2015–16
സർക്കാർ–3966
എയ്ഡഡ്–4032
ആകെ – 7998

2016–17
സർക്കാർ–3499
എയ്ഡഡ്–3611
ആകെ–7110

2017–18
കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ വിവരം ശേഖരിച്ചപ്പോൾ 3700 വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചു.

∙ പഠനമുപേക്ഷിച്ചവരിൽ 40 % പേരും സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ അംഗങ്ങൾ. വീട്ടിൽ അംഗങ്ങൾ കൂടുതലായതിനാൽ പണമില്ലാതെ പഠനം നിർത്തിയവർ.