Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേതാക്കൾക്കെതിരായ പീഡന ആരോപണം തള്ളി കോൺഗ്രസ്

oommen-chandy-saritha

തിരുവനന്തപുരം∙ ഉമ്മൻചാണ്ടിക്കും കെ.സി. വേണുഗോപാലിനുമെതിരായുള്ള ആരോപണം തള്ളി കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി. ഈ സമുന്നത നേതാക്കൾക്കെതിരെ രാഷ്ട്രീയനീക്കമാണു സർക്കാരിന്റേതെന്നു യോഗം വിലയിരുത്തിയെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പരാതിക്കാരിയുടെ വിശ്വാസ്യതയെക്കുറിച്ച് ആലോചിക്കണം. എത്ര വഞ്ചനക്കേസുകളിലാണ് അവർ പെട്ടിരിക്കുന്നത്? ആരോപണം ഉന്നയിച്ചാൽ 10 കോടി തരാമെന്ന് ഒരു സിപിഎം നേതാവ് വാഗ്ദാനം ചെയ്തിരുന്നെന്നും അവർ നേരത്തെ പറഞ്ഞിരുന്നു.

മുൻ സുപ്രീം കോടതി ജഡ്ജി അരിജിത് പസായത്ത് ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം കേസെടുക്കരുതെന്നാണു സർക്കാരിനു നിയമോപദേശം നൽകിയത്. അന്വേഷണത്തിനു മേൽനോട്ടം വഹിച്ച രാജേഷ് ദിവാനും കേസെടുക്കാനുള്ള നിർദേശം നിരാകരിച്ചു. ഇപ്പോൾ ബ്രൂവറി, ഡിസ്റ്റിലറി കേസുകളിലും പ്രളയാനന്തര പുനർനിർമാണത്തിലും ശബരിമലയിലുമെല്ലാം പരാജയപ്പെട്ട സർക്കാർ ജനശ്രദ്ധ തിരിക്കാൻ പഴയ കേസ് പൊടി തട്ടിയെടുത്തിരിക്കുന്നു.മഹാപ്രളയത്തെക്കാൾ വലിയ ദുരന്തമാണ് ഈ സർക്കാരെന്ന് ഇതോടെ തെളിഞ്ഞെന്നും മുല്ലപ്പള്ളി പറഞ്ഞു.