Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടകം ബോട്ട് ക്ലബ്ബിന് പുതുജീവനേകി നെഹ്റു ട്രോഫി മത്സര വള്ളംകളി

nehru-trophy-winners-image ആലപ്പുഴ പുന്നമടക്കായലിൽ നടന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പായിപ്പാടൻ ചുണ്ടൻ തുഴഞ്ഞ കുമരകം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ക്യാപ്റ്റൻ ജയിംസുകുട്ടി ജേക്കബ് മന്ത്രി തോമസ് ഐസക്കിൽ നിന്നു ട്രോഫി ഏറ്റുവാങ്ങുന്നു. ചിത്രം: മനോരമ

കുമരകം ∙ നെഹ്റു ട്രോഫി മത്സര വള്ളംകളിയിൽ നാട്ടകം ബോട്ട് ക്ലബ്ബിന് ഉയർത്തെഴുന്നേൽപ്. വർഷങ്ങളായി നെഹ്റു ട്രോഫി മൽസരത്തിൽ പങ്കെടുക്കാതെ മാറിനിൽക്കാറുള്ള നാട്ടകം ബോട്ട് ക്ലബ്ബിലെ തുഴക്കാർ ഇത്തവണ വെപ്പ് ഒന്നാം ഗ്രേഡായ അമ്പലക്കടവൻ വള്ളത്തിൽ വിജയം നേടിയാണു തങ്ങളുടെ സാന്നിധ്യം പുന്നമടയിൽ അറിയിച്ചത്. ഒരുമാസത്തിലേറെയുള്ള പരിശീലനത്തുഴച്ചിലിനു ശേഷമാണ് അമ്പലക്കടവൻ വള്ളത്തിൽ മൽസരത്തിനു പോയി വിജയം നേടിയത്. പ്രമുഖ വെപ്പ് വള്ളങ്ങളായ ചെത്തിക്കടവൻ, പുളിക്കത്തറ ഷോട്ട്, കോട്ടപ്പറമ്പൻ എന്നിവയെ പരാജയപ്പെടുത്തിയാണ് അമ്പലക്കടവന്റെ  വിജയം. ബിനോ കെ. തോമസ് ക്യാപ്റ്റനും സോണി കോയിത്തറ ക്ലബ് പ്രസിഡന്റുമാണ്. അടുത്ത വർഷം ചുണ്ടനിൽ തുഴയുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു ക്ലബ് ഭാരവാഹികൾ പറഞ്ഞു.

കുമരകം ടീമുകൾക്ക് നിരാശ

നെഹ്റു ട്രോഫി വള്ളംകളി മൽസരത്തിൽ കുമരകം ടീമുകൾക്കു നിരാശ. 5 ചുണ്ടൻ വള്ളങ്ങൾ മൽസരത്തിനു പോയെങ്കിലും എൻസിഡിസിയുടെ ചമ്പക്കുളം ചുണ്ടൻ മാത്രമാണു സമയത്തിന്റെ അടിസ്ഥാനത്തിൽ ഫൈനൽ മത്സരത്തിന് അർഹത നേടിയത്. ഫൈനൽ മത്സരത്തിൽ ചമ്പക്കുളത്തിനു മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

കുമരകം ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻ ഹീറ്റ്സ് മൽസരത്തിൽ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും സമയം കൂടുതൽ എടുത്തതിനാൽ ഫൈനൽ മൽസരത്തിൽ നിന്നു പുറത്തായി. ആദ്യമായാണു നെഹ്റു ട്രോഫി മൽസരത്തിനു കുമരകത്തു നിന്ന് 5 ചുണ്ടൻ വള്ളങ്ങൾ പോകുന്നത്. ഇതിൽ ഏതെങ്കിലും ചുണ്ടൻ നെഹ്റു ട്രോഫി നേടുമെന്ന വിശ്വാസത്തിലായിരുന്നു വള്ളംകളി പ്രേമികൾ.

തിരുവാർപ്പ് സ്വദേശിയായ ജയിംസുകുട്ടി ജേക്കബ് (മനോരമ, കോടിമത) ക്യാപ്റ്റനായ പായിപ്പാട് ചുണ്ടൻ നെഹ്റു ട്രോഫി നേടിയെന്നതു മാത്രമാണ് ആശ്വാസം. ‌2016ൽ ജയിംസുകുട്ടി ക്യാപ്റ്റനായി കുമരകം വേമ്പനാട് ബോട്ട് ക്ലബ് കാരിച്ചാൽ ചുണ്ടനിൽ മത്സരിച്ചു നെഹ്റു ട്രോഫി നേടിയിരുന്നു.