Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിക്കാൻ കൊതിച്ച ഷാനവാസ്

M.I. Shanavas എം.ഐ. ഷാനവാസ്

കൊച്ചി ∙ രോഗം മൂർച്ഛിച്ചു മരണം തെറ്റായി പ്രവചിച്ച ഘട്ടത്തിൽ ഷാനവാസ് അന്വേഷിച്ചത് ഒരൊറ്റ കാര്യമായിരുന്നു – ഇനിയെത്രകാലം താൻ ജീവിക്കും. പിന്നീട് അതിനൊരു കാരണവും അദ്ദേഹം ഹൃദയത്തിന്റെ ഭാഷയിൽ പറഞ്ഞു– ജീവിക്കാൻ അത്രയേറെ കൊതി തോന്നുന്നു. തനിക്കു കരളിൽ കാൻസറാണെന്ന് ഡോക്ടർമാർ വിധിയെഴുതിയ ദിവസം അടുത്ത നേതാക്കളായ ആന്റണിയെയും ചെന്നിത്തലയെയും വിവരമറിയിക്കാൻ സഹോദരൻ ഡോ. ജുനൈദിനെ ചുമതലപ്പെടുത്തിയ ഷാനവാസ് രാത്രി മുഴുവൻ ഇന്റർനെറ്റ് പരതി ഉറക്കമിളച്ചിരുന്നു തേടിയത് ഒരേയൊരു കാര്യം മാത്രം– കരളിൽ കാൻസർ വന്നാൽ എത്രകാലം ജീവിക്കും. എന്നാൽ കാലം അദ്ദേഹത്തിന് കാത്തുവച്ചത് രണ്ടാം പിറവിയായിരുന്നു. 8 വർഷം മുമ്പായിരുന്നു അത്.

ആദ്യ പരിശോധനയിൽ കണ്ടെത്തിയ ‘കരളിലെ കാൻസർ’ അടുത്ത പരിശോധനയിൽ കാൻസറേ അല്ലെന്നു തെളിഞ്ഞപ്പോഴാണ് രണ്ടാം ജന്മം കിട്ടിയത്. ആദ്യ പരിശോധനയിൽ പറ്റിയ പിശക് ഷാനവാസിനെ ഏറെ തളർത്തി. എല്ലാറ്റിന്റെയും തുടക്കം ഒരു പരിശോധനയിൽ നിന്നായിരുന്നു. മുടങ്ങാതെ പാലിച്ചുവന്ന റമസാൻ നോമ്പിനിടെ ഒരു തവണ തൂക്കത്തിൽ 7 കിലോയുടെ കുറവ്. ഒരാഴ്‌ചയ്‌ക്കുശേഷം വീണ്ടും ഒരു കിലോകൂടി കുറഞ്ഞു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്‌കാൻ പരിശോധനയിലാണ് വയറ്റിൽ മുഴപോലെ എന്തോ കണ്ടെത്തിയതും ശസ്‌ത്രക്രിയ തീരുമാനിച്ചതും. ഈ ശസ്ത്രക്രിയയ്ക്കിടെ ഡോക്‌ടർമാർ കരളിൽ അസാധാരണ വളർച്ച കണ്ടെത്തി. ഈ ഭാഗം കോശപരിശോധനയ്ക്ക് (ബയോപ്‌സി) കൊടുത്തു. റിപ്പോർട്ട് വൈകാതെ വന്നു - കാൻസർ.

ഇതിനിടെ, ബയോപ്‌സിക്കു കൊടുത്ത സ്‌പെസിമെൻ ഷാനവാസിന്റെ സഹോദരൻ ഡോ. ജുനൈദിനു കിട്ടി. ജുനൈദ് അത് എറണാകുളം ജനറൽ ആശുപത്രിയിലെ ലാബിൽ വീണ്ടും പരിശോധിപ്പിച്ചു. അപ്പോഴാണ് ആദ്യ പരിശോധനയിൽ തെറ്റുപറ്റിയെന്നു വ്യക്തമായത്. പിറ്റേന്ന് ലേക്‌ഷോർ ആശുപത്രിയിൽ 4 പതോളജിസ്‌റ്റുകൾ ഒരേസമയം നടത്തിയ പരിശോധനയിലും രോഗമില്ലെന്നു സ്ഥിരീകരിച്ചു.

ആദ്യ പരിശോധനയുടെ അടിസ്‌ഥാനത്തിൽ കീമോ തെറപ്പി ഉൾപ്പെടെ ചികിൽസ തുടങ്ങാനിരിക്കെയാണ് രണ്ടാമത്തെ ഫലം വന്നത്. എന്നാൽ, ഷാനവാസിനു മാത്രം വിശ്വാസമായില്ല. മുംബൈയിൽ ടാറ്റ കാൻസർ സെന്ററിൽകൂടി പരിശോധിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. എ.കെ. ആന്റണി ഗുലാം നബി ആസാദ് വഴി മുംബൈയിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി. ടാറ്റ സെന്ററിൽ നടത്തിയ പരിശോധനയിലും രോഗമില്ലെന്നു തെളിഞ്ഞു.

കൊച്ചി നോർത്ത് റെയിൽവേ സ്‌റ്റേഷന് എതിർവശത്തെ ആനി തയ്യിൽ റോഡിലെ ഫ്ലാറ്റിലേക്കു തിരിച്ചെത്തിയ ഷാനവാസ് തുടർന്ന് 8 വർഷവും പൊതുരംഗത്ത് സജീവമായിരുന്നു. കേരളത്തിലെ ഓരോ രാഷ്ട്രീയചലനത്തിലും എം.ഐ. ഷാനവാസ് എന്ന നേതാവിന്റെ വിശകലനത്തിനു കേരളം കാതോർത്തുവെന്നതും നേര്.

5 തോൽവികൾക്കു ശേഷമൊരു ചരിത്രജയം

കൊച്ചി ∙ 5 തവണ നേരിട്ട തോൽവികൾക്കുശേഷം വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്ന് എം.ഐ. ഷാനവാസ് ആദ്യജയം നേടിയപ്പോൾ അതു ചരിത്രവുമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമെന്നതായിരുന്നു ആ റെക്കോർഡ്. 1993 ൽ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിൽ എസ്. ശിവരാമൻ നേടിയ 1,32,652 വോട്ടിന്റെ ഭൂരിപക്ഷമാണ് 2009 ൽ 1,53,439 വോട്ട് ലീഡ് നേടി ഷാനവാസ് മറികടന്നത്.

1987 ലും 1991 ലും വടക്കേക്കരയിൽനിന്നും 1996 ൽ പട്ടാമ്പിയിൽനിന്നും നിയമസഭയിലേക്കും, 1999 ലും 2004 ലും ചിറയിൻകീഴിൽ നിന്നു ലോക്‌സഭയിലേക്കുമാണ് ഷാനവാസ് മത്സരിച്ചു പരാജയത്തിന്റെ രുചിയറിഞ്ഞത്. യുഡിഎഫിന്റെ ഉറച്ചകോട്ടയായ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നെങ്കിലും എൻസിപി സ്‌ഥാനാർഥിയായി കെ. മുരളീധരൻ വന്നപ്പോൾ എല്ലാവരും ഭൂരിപക്ഷത്തിൽ കുറവു കണക്കുകൂട്ടി. എന്നാൽ അതെല്ലാം തെറ്റിച്ചാണ് ഷാനവാസ് വൻ ഭൂരിപക്ഷം നേടിയത്.