Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൻഷൻ പ്രായം 58: കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗം ചേരും

KSRTC കെഎസ്ആർടിസി ബസ്.

തിരുവനന്തപുരം ∙ പെൻഷൻ പ്രായം 58 ആക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗം വൈകാതെ ചേരും. കടുത്ത സാമ്പത്തിക പ്രതിസന്ധി താൽക്കാലികമായി മറികടക്കാനാണു പെൻഷൻ പ്രായം ഉയർത്തുന്നത്. ഈ ആഴ്ച ഡയറക്ടർ ബോർഡ് യോഗം ചേരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന (സിഎംഡി) എ.ഹേമചന്ദ്രനെ സർക്കാർ സ്ഥലം മാറ്റിയതോടെ ഈ നീക്കം ഉപേക്ഷിച്ചു.

പുതിയ സിഎംഡി ടോമിൻ തച്ചങ്കരി തിങ്കളാഴ്ചയാണു ചുമതലയേറ്റത്. വിഷയത്തെക്കുറിച്ചു പഠിച്ച ശേഷം തച്ചങ്കരിയുടെ നേതൃത്വത്തിലാകും തീരുമാനമെടുക്കുക. കെഎസ്ആർടിസിയെ ബാധിക്കുന്ന നയതീരുമാനങ്ങൾ എടുക്കുന്നതു ഡയറക്ടർ ബോർഡ് ആണ്. പെൻഷൻ പ്രായം 60 ആക്കുന്നതിനു സർക്കാർ നേരത്തെ തത്വത്തിൽ ധാരണയിൽ എത്തിയിരുന്നു. കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിൽ തീരുമാനം കെഎസ്ആർടിസിക്കു വിടാൻ മന്ത്രിസഭ ധാരണയിൽ എത്തുകയായിരുന്നു.

ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കാൻ ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങൾക്കു സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണു കെഎസ്ആർടിസിയെത്തന്നെ ചുമതലപ്പെടുത്തിയത്. ഇതോടെ കെഎസ്ആർടിസിയുടെ പ്രതിമാസ പെൻഷൻ ബാധ്യതയിൽ രണ്ടു വർഷത്തേയ്ക്കു വർധനയുണ്ടാവില്ലെന്നാണു പ്രതീക്ഷ. നിലവിൽ പെൻഷൻ നൽകാൻ 78 കോടി രൂപയാണു വേണ്ടത്.

വിരമിക്കുന്നവരുടെ പെൻഷൻ തുകയ്ക്കു പുറമേ ഗ്രാറ്റുവിറ്റി, മറ്റു പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ അടക്കമുള്ള തുകയും രണ്ടു വർഷത്തേയ്ക്കു നൽകേണ്ടി വരില്ല. എന്നാൽ, ജീവനക്കാരുടെ ഡിഎ വർധനയും ഗ്രേഡ് ഉയർത്തലും അടക്കം നടപ്പാക്കുമ്പോൾ ഇതിനേക്കാൾ കൂടുതൽ തുക നൽകേണ്ടി വരും. പെൻഷൻ പ്രായ വർധന നിലവിൽ വന്നാൽ കെഎസ്ആർടിസിയിൽ രണ്ടു വർഷത്തേയ്ക്കു പുതിയ നിയമനം നടക്കില്ല.