Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കൈപൊക്കണോ രഹസ്യവോട്ടെടുപ്പു വേണോ’; കോൺഗ്രസ് വിഷയത്തിൽ പിബിയിൽ തർക്കം

ജോമി തോമസ്
sitaram-yechury പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വാർത്താസമ്മേളനം നടത്തുന്നു (ഫയൽ ചിത്രം)

ഹൈദരാബാദ്∙ കോൺഗ്രസിനോടുള്ള നിലപാടു വ്യക്തമാക്കാൻ കൈപൊക്കണമോ രഹസ്യവോട്ടെടുപ്പു വേണോ – ഇപ്പോൾ സിപിഎം പാർട്ടി കോൺഗ്രസിലെ പ്രധാന തർക്കവിഷയം ഇതാണ്. കരട് പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കു മറുപടി തയാറാക്കാൻ ഇന്ന് ഉച്ചതിരിഞ്ഞു മൂന്നിനു പൊളിറ്റ് ബ്യൂറോ ചേരുമ്പോൾ പരിഗണിക്കേണ്ടിവരുന്ന പ്രധാന വിഷയവും ഇതാണെന്ന സ്ഥിതിയായി. രഹസ്യ വോട്ടെടുപ്പു വേണമെന്ന നിലപാടിൽ യച്ചൂരിപക്ഷം ഉറച്ചുനിൽക്കുന്നു. പതിവു രീതിയായ കൈപൊക്കൽ മതിയെന്ന് കാരാട്ട്പക്ഷം.

ആശങ്കയുള്ളവർക്കുവേണ്ടി

കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും യച്ചൂരിയുടെ നിലപാടിനെ അനുകൂലിക്കുന്നവരുണ്ട്. എന്നാൽ‍, അവർക്കു നിലപാടു പരസ്യമായി പറഞ്ഞാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ആശങ്കയുണ്ടെന്നാണു യച്ചൂരിപക്ഷക്കാർ പറയുന്നത്. പാർട്ടിയെ സംബന്ധിച്ച നിർണായക തീരുമാനമാണ് എടുക്കേണ്ടത്. അതു കരടു പ്രമേയത്തിനുള്ള മറ്റു ഭേദഗതികൾ പോലെ കൈപൊക്കി പാസാക്കാവുന്നതല്ല. ഒാരോ പ്രതിനിധിക്കും ബാഹ്യ സമ്മർദ്ദ വിധേയമായല്ലാതെ, സ്വതന്ത്രമായി നിലപാടു വ്യക്തമാക്കാൻ സാധിക്കണം.

പാർട്ടി കോൺഗ്രസിനെ സംബന്ധിച്ചു പാർട്ടി ഭരണഘടനയുടെ 14ാം വകുപ്പു വിശദമായി പറയുന്നു. അതിൽ, കേന്ദ്ര കമ്മിറ്റിയിലേക്കു രഹസ്യവോട്ടെടുപ്പാണു നിർദ്ദേശിച്ചിട്ടുള്ളത്. വോട്ടെടുപ്പു നടത്താത്തത് ആരും തർക്കം ഉന്നയിക്കാതെ പേരുകൾ അംഗീകരിക്കുന്നതുകൊണ്ടാണ്. ഇവിടെ, പാർട്ടി കരടു പ്രമേയത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന നിലപാടിനെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പരസ്യമായി ചോദ്യം ചെയ്യുന്നു. പാർട്ടിയുടെ രാഷ്ട്രീയ നയമെന്നതു കേന്ദ്ര കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിനേക്കാൾ പതിന്മടങ്ങു ഗൗരവമുള്ളതാണ്. രഹസ്യ വോട്ടെടുപ്പു വേണമെന്ന് മഹാരാഷ്ട്ര, പഞ്ചാബ്, ഒഡീഷ, ബിഹാർ, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുമുണ്ടെന്നും യച്ചൂരിപക്ഷം വാദിക്കുന്നു.

പതിവു തുടർന്നാൽ മതി

പാർട്ടി കോൺഗ്രസിൽ രഹസ്യവോട്ടെടുപ്പു നടത്തുന്ന രീതിയില്ലെന്നാണു കാരാട്ട്പക്ഷത്തിന്റെ വാദം. ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല. കൈപൊക്കി നിലപാടു വ്യക്തമാക്കുന്ന രീതി മാറ്റാൻ തക്കതായ കാരണമില്ല.

എന്നാൽ‍, പതിവു രീതി മതിയെന്നു കാരാട്ടുംകൂട്ടരും വാശിപിടിക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണു യച്ചൂരിയും കൂട്ടരും പറയുന്നത്. സമ്മേളന പ്രതിനിധികൾ സ്വതന്ത്രമായി നിലപാടു പറയുന്നതിനെ കാരാട്ടുംകൂട്ടരും ഭയക്കുന്നുവെന്നും. തങ്ങൾ യച്ചൂരിക്കൊപ്പമാണെന്നും പരസ്യമായി നിലപാടെടുക്കുക എളുപ്പമല്ലെന്നും കേരളത്തിൽനിന്നു ചില പ്രതിനിധികൾ യച്ചൂരിയെക്കണ്ടു വ്യക്തമാക്കിയിരുന്നു.

പാർട്ടി കോൺഗ്രസിനു മുന്നോടിയായി ചേർന്ന കേന്ദ്ര കമ്മിറ്റിയിലും പിന്നീടു പാർട്ടി കോൺഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റിയിലും വിഷയം ചർച്ചയ്ക്കുവന്നിരുന്നു. രഹസ്യവോട്ടെടുപ്പു വേണ്ടെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. കേന്ദ്ര കമ്മിറ്റി ചേർന്നതു പാർട്ടി കോൺഗ്രസിനു മുൻപാണെന്നും പ്രതിനിധികൾ ആവശ്യമുന്നയിച്ചതു ചർച്ചയ്ക്കിടെയാണെന്നും യച്ചൂരിപക്ഷം വാദിക്കുന്നു.

related stories