Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഗ്വേല്‍ ഡയസ് കാനൽ; മസിലുപിടിക്കാത്ത കമ്യൂണിസ്റ്റുകാരൻ

കെ.കെ.മനോജ്കുമാർ
miguel-diaz-canel മിഗ്വേല്‍ ഡയസ് കാനൽ

നാട്ടുകാരോടൊപ്പം സെൽഫിയെടുക്കാനും അമേരിക്കയിൽനിന്നെത്തിയ രാഷ്ട്രീയനേതാക്കൾക്കൊപ്പം മാധ്യമങ്ങൾക്കു മുന്നിൽ ഫോട്ടോയ്ക്കു പോസ് ചെയ്യാനും മടിയില്ലാത്ത മിഗ്വേല്‍ ഡയസ് കാനലിനെ മസിലുപിടിത്തമില്ലാത്ത കമ്യൂണിസ്റ്റുകാരനെന്നു വിശേഷിപ്പിച്ചാൽ അധികപ്പറ്റാവില്ല. വിപ്ലവാനന്തര ക്യൂബയിലെ ജനകീയ സംഗീതത്തിന്റെ ഇരട്ടപ്പേരായ ലോസ് വാൻ വാനിന്റെ പാട്ടുകൾ ആസ്വദിക്കുന്ന, ഔപചാരികതയില്ലാതെ ആരോടും അടുത്തിടപഴുകുന്ന കാനാൽ പക്ഷേ, നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമെന്നു തെറ്റിദ്ധരിക്കുകയുമരുത്.

ബറാക് ഒബാമയുടെ ഭരണകാലത്തു യുഎസുമായി ക്യൂബ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചപ്പോൾ റൗൾ കാസ്ട്രോയും പാർട്ടിയും വിപ്ലവപാത കയ്യൊഴിയുകയാണെന്നു മിഗ്വേൽ സംശയിച്ചു. പ്രതിവിപ്ലവ പദ്ധതികളെ മുളയിലേ നുള്ളുന്നതിനു വേണ്ടിവന്നാൽ മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്നു ചിന്തിച്ചു. ഇത്തരം കമ്യൂണിസ്റ്റ് വരട്ടുതത്വവാദ ചിന്തകൾ പൊതുസമൂഹം ചർച്ച ചെയ്തപ്പോഴും ലിബറൽ സമീപനത്തിന്റെ മേലങ്കി നിലനിർത്തുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.

വില്ല ക്ലാരയിലെ പ്ലാസെറ്റാസിൽ ഫാക്ടറി തൊഴിലാളിയുടെ മകനായി 1960 ഏപ്രിൽ 20 ന് ജനിച്ച മിഗ്വേൽ, ലാസ് വില്ലാസിലെ സെൻട്രൽ സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക് എൻജിനീയറിങിൽ ബിരുദം നേടിയ ശേഷം മൂന്നുവർഷം സൈനികസേവനമനുഷ്ഠിച്ചു. 1985 ൽ സെൻട്രൽ സർവകലാശാലയിൽ അധ്യാപകനായി. രണ്ടുവർഷത്തിനു ശേഷം വില്ല ക്ലാരയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ യുവജനവിഭാഗം സെക്രട്ടറി എന്ന നിലയിൽ പാർട്ടി പ്രവർത്തനങ്ങൾക്കായി നിക്കരാഗ്വയിലേക്കു പോയി. 1993 ൽ വില്ല ക്ലാരയിലെ പാർട്ടിയുടെ ഒന്നാം സെക്രട്ടറി.

ഇക്കാലയളവിൽ നാട്ടിൻപുറത്തുകൂടി സൈക്കിളിൽ ചുറ്റിയടിച്ച് സാധാരണക്കാരന്റെ പ്രയാസങ്ങൾ നേരിട്ടു മനസ്സിലാക്കിയ യുവാവ്, സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്നു പ്രതിസന്ധിയിലായ രാജ്യത്ത് അച്ചടക്കവും പാർട്ടി ഐക്യവും നിലനിർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ചു കാസ്ട്രോ സഹോദരന്മാരുടെ വലംകയ്യായി. പത്തു വർഷം സജീവമായി പ്രവർത്തിച്ചതിന്റെ അംഗീകാരമെന്നോണം അദ്ദേഹത്തെ വടക്കൻ സംസ്ഥാനമായ ഹോൾഗുവിനിലെ പാർട്ടി സെക്രട്ടറിയുടെ ചുമതലയേൽപ്പിച്ചു. ക്യൂബയ്ക്കു തലസ്ഥാനമായ ഹവാന പോലെ പ്രധാനമാണ് ഹോൾഗുവിൽ. ആ വർഷം തന്നെ രാജ്യത്തെ പാർട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോയിലെത്തി.— രാജ്യത്തെയും പാർട്ടിയെയും നയിക്കുന്ന 14 നേതാക്കളിൽ ഒരാൾ.

2008 ൽ ഫിദൽ കാസ്ട്രോ അധികാരം ഒഴിഞ്ഞശേഷം പ്രസിഡന്റായ സഹോദരൻ റൗൾ, അടുത്ത കൊല്ലം മിഗ്വേലിനെ ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതലയുടെ മന്ത്രപദം ഏൽപ്പിച്ചു. 2012 മാർച്ച് 22 ന് വൈസ് പ്രസിഡന്റാക്കി. അൻപത്തിയേഴുകാരനായ മിഗ്വേലിനെ പിൻഗാമിയാക്കാനുള്ള എൺപത്താറുകാരനായ റൗളിന്റെ തീരുമാനം ക്യൂബയുടെ ചരിത്രത്തിലെ പുതുയുഗപ്പിറവിയാണെന്നതിൽ സംശയമില്ല. ഭാരിച്ച ആ ഉത്തരവാദിത്തം ചുമലിലേറ്റുമ്പോൾ, മുന്നിലെ പാത ഒട്ടും സുഗമമല്ലെന്നു മിഗേലിനും അറിയാം.

യുഎസുമായുള്ള സംഘർഷവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണു പ്രധാന വെല്ലുവിളികൾ. രാജ്യത്തു നിലനിൽക്കുന്ന രണ്ടുതരം നാണയങ്ങൾ സമത്വം എന്ന അടിസ്ഥാന വിപ്ലവ സങ്കൽപത്തിനു വെല്ലുവിളിയുയർത്തുന്നു. ചെറുപ്പക്കാരനായ ഭരണാധികാരി രാജ്യത്തെ സമൃദ്ധിയിലേക്കു നയിക്കുമെന്ന യുവാക്കളുടെ പ്രതീക്ഷയാണ് മറ്റൊരു ഘടകം. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ആധുനികതയുടെ വാതായനങ്ങൾ തുറന്നു കിട്ടുമെന്ന പ്രതീക്ഷയിലാണവർ. ആ ജന്നാലകളിലൂടെ എത്തുന്ന പുത്തൻ ചിന്തകളുടെയും ജനാധിപത്യത്തിന്റെയും കാറ്റ് വിപ്ലവജ്വാലകൾ അണയ്ക്കുമോ?

സ്ത്രീ പുരുഷ ബന്ധത്തിൽ അക്ഷരാർഥത്തിൽ വിപ്ലവം സൃഷ്ടിച്ച ക്യൂബയുടെ പുതിയ പ്രസിഡന്റിന്റെ ആദ്യഭാര്യ മാർത്ത. ഇവരിൽ രണ്ടു മക്കളുണ്ട്. പിന്നീടു ലിസ് കുസ്റ്റയെ വിവാഹംചെയ്തു.