Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടിയിൽ‍ വിഭാഗീയതയുടെ അഴിഞ്ഞാട്ടം: സിപിഐ റിപ്പോർട്ട്

cpi-party-congress-flag-hoisting-1 സിപിഐ പാർട്ടി കോൺഗ്രസിനു കൊല്ലം കടപ്പാക്കട സി.കെ. ചന്ദ്രപ്പൻ നഗറിൽ പതാക ഉയർത്തുന്നു. ചിത്രം: മനോരമ

കൊല്ലം ∙ രാഷ്ട്രീയ അഭിപ്രായവ്യത്യാസമെന്ന പേരിൽ പാർട്ടിയിൽ‍ വിഭാഗീയതയെന്ന അർബുദത്തിന്റെ അഴിഞ്ഞാട്ടമാണു നടക്കുന്നതെന്നു സിപിഐയുടെ കരട് സംഘടനാ റിപ്പോർട്ട്. പാർട്ടിയുടെ പലവിധങ്ങളായ ദൗർബല്യങ്ങളെക്കുറിച്ചു തുറന്ന സ്വയംവിമർശനമാണു റിപ്പോർട്ടിലുള്ളത്. സിപിഐയുടെ 23–ാം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനം ഇന്നു തുടങ്ങും. 

വിഭാഗീയതയെക്കുറിച്ച് റിപ്പോർട്ട് പറയുന്നത്:

∙ വിഭാഗീയത പാർട്ടിയെ ദുർബലപ്പെടുത്തുകയാണ്. ഈ രോഗം ആദ്യഘട്ടത്തിലേ തിരി‍ച്ചറിഞ്ഞ് ഉൾപാർട്ടി ജനാധിപത്യത്തിലൂടെ ഭേദമാക്കാം.

∙ അഹംഭാവം, പദവി മോഹം, ഇഷ്ടാനിഷ്ടങ്ങൾ, ചില സഖാക്കളോടുള്ള ദേഷ്യം, കാലങ്ങളായുള്ള വിഭാഗീയതയുടെ തുടർച്ച, വിമർശനത്തോടുള്ള അസഹിഷ്ണുത തുടങ്ങിയവയാണു കാരണങ്ങൾ. 

∙ വിഭാഗീയതയെ ബുദ്ധിപൂർവം രാഷ്്ട്രീയമായ അഭിപ്രായഭിന്നതയുടെ മൂടുപടം അണിയിക്കുകയാണ്. നയപരമായ ഭിന്നതയാണു കാരണമെങ്കിൽ വിഭാഗീയത രാഷ്ട്രീയ ചർച്ചയിലൂടെ പരിഹരിക്കാനാവും. എന്നാൽ, സ്വാർഥതാൽപര്യങ്ങളാണു കാരണമെങ്കിൽ പരിഹാരം സാധ്യമല്ല. 

∙ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ തത്വങ്ങൾ പ്രയോഗിക്കുകയാണു വിഭാഗീയതയെന്ന അർബുദം ഭേദമാക്കാനുള്ള മികച്ച മരുന്ന്. 

ജയിക്കാനറിയാത്ത പാർട്ടി

പാർലമെന്ററി ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങൾ പാർട്ടിക്ക് ഇപ്പോഴും അറിയില്ലെന്നു റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ‘തിരഞ്ഞെടുപ്പിനെ മറ്റേതു സാധാരണ നടപടിയെയും എന്നതുപോലെ പരിഗണിക്കുന്നു. ആവശ്യമായ ഒരുക്കങ്ങളില്ല. ചെറിയ ഗ്രൂപ്പ് യോഗങ്ങൾ നടത്തും, കവലകളിലും കോർണർ യോഗങ്ങൾ നടത്തും. രണ്ടും മൂന്നും ലക്ഷം വോട്ടർമാരുള്ള മണ്ഡലങ്ങളിൽ പത്തോ ഇരുപതിനായിരമോ ലഘുലേഖകൾ വിതരണം ചെയ്യും. എന്നിട്ടു ജനം നമുക്ക് വോട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കും. ഈ മനോഭാവം മാറണം.’

കേരളത്തിലെ പാർ‍ട്ടിയുടെ തിരിച്ചറിവ്

വീടുകൾതോറും കയറിയുള്ള പണപ്പിരിവിന്റെ കാര്യത്തിൽ ഏറ്റവും മികച്ചതു കേരളത്തിലെ പാർട്ടിയാണെന്നു സിപിഐ സംഘടനാ റിപ്പോർട്ട് പറയുന്നു. ‘ഒരാഴ്ച മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് പണപ്പിരിവിനിറങ്ങിയതുകൊണ്ടു വിപ്ലവം വൈകാൻ പോകുന്നില്ലെന്ന് അവർ ശരിയായി വിലയിരുത്തുന്നു. പാർട്ടി ഫണ്ട് പിരിവിനിറങ്ങുമ്പോൾ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചും പാർട്ടിയെക്കുറിച്ചും ജനത്തിനുള്ള വിലയിരുത്തൽ മനസിലാക്കാനും അവർക്കു സാധിക്കുന്നു.’ പാർട്ടി യോഗങ്ങൾക്കു കെട്ടുന്ന ബാനറുകളിൽ മാർക്സിന്റെയും എംഗൽസിന്റെയും ലെനിന്റെയും മാത്രമല്ല, ഇന്ത്യയിലെ രക്തസാക്ഷികളുടെ ചിത്രങ്ങളും നൽകണമെന്നു റിപ്പോർട്ട് ആവശ്യപ്പെടുന്നു.