Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി സർക്കാരിനൊപ്പം ‘സ്വച്ഛ’മായി ഇന്റേൺഷിപ്; പ്രതിഫലമുണ്ട്, മാർക്കും!

Narendra Modi

ന്യൂഡൽഹി∙ സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ് 2018 പ്രോഗ്രാമിൽ പങ്കെടുക്കാൻ യുവാക്കളെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഇൻസന്റീവ്, യുജിസി വക ക്രെഡിറ്റ് പോയിന്റ് തുടങ്ങിയ ആനുകൂല്യങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സമൂഹത്തിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പിനായി വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇന്റേൺഷിപ്പിൽ പങ്കെടുക്കുന്ന ഏറ്റവും മികച്ച വിദ്യാർഥികൾക്ക് ദേശീയ തലത്തിൽ പുരസ്കാരങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ, ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇതിനു പുറമെ, ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവച്ച കായിക താരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഗോൾഡ് കോസ്റ്റ് ഗെയിംസിൽ വനിതാ താരങ്ങളുടെ പ്രകടനം പ്രത്യേക പരാമർശം അർഹിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

റമസാൻ മാസം ആഗതമാകുന്ന പശ്ചാത്തലത്തിൽ പ്രവാചകൻ മുഹമ്മദിനെയും ബുദ്ധപൂർണിമയുടെ പശ്ചാത്തലത്തിൽ ശ്രീബുദ്ധനെയും പ്രധാനമന്ത്രി മൻ കി ബാത്തിൽ അനുസ്മരിച്ചു. വിജ്ഞാനത്തിലും ദയയിലും വിശ്വസിച്ചിരുന്ന വ്യക്തിയാണ് പ്രവാചകനായ മുഹമ്മദെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഹോദര്യത്തിന്റെയും സമത്വത്തിന്റെയും പാതയിലൂടെ ചരിക്കാൻ പഠിപ്പിട്ട വ്യക്തിയാണ് പ്രവാചകനെന്നും മോദി അനുസ്മരിച്ചു.

സമാനമായിരുന്നു ബുദ്ധന്റെയും പഠനങ്ങൾ. സമാധാനം, ഐക്യം, സാഹോദര്യം എന്നിവയിലായിരുന്നു ബുദ്ധന്റെ ശ്രദ്ധ. ഇന്നത്തെ കാലത്ത് ലോകത്തിന് ഏറ്റവും അത്യന്താപേഷിതമായ മൂല്യങ്ങൾ ഇവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

related stories