കോഴിക്കോട്∙ പേരാമ്പ്രയിൽ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ സിപിഎമ്മുകാരെത്തി മോചിപ്പിച്ചു. ബോംബേറു കേസിലെ പ്രതി സുധാകരനെയാണു ജീപ്പിൽനിന്നു ബലമായി ഇറക്കിക്കൊണ്ടുപോയത്. പേരാമ്പ്ര ബസ് സ്റ്റാൻഡിലാണു സംഭവം. സംഭവത്തിൽ കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
സഹകരണ ബാങ്കിൽ സെക്യൂരിറ്റി ജിവനക്കാരനാണു സുധാകരൻ. പേരാമ്പ്രയിലെ ശിവജി സേന പ്രവർത്തകരുടെ വീടിനു നേരെ കഴിഞ്ഞയാഴ്ചയാണു ബോംബേറുണ്ടായത്. ഈ കേസിൽ ആദ്യമായാണ് ഒരാളെ അറസ്റ്റു ചെയ്യുന്നത്. ബോംബേറിനു പിന്നിൽ സിപിഎമ്മാണെന്നു നേരത്തെ ആരോപണം ഉണ്ടായിരുന്നു. എന്നാൽ സിപിഎം ഇത് നിഷേധിച്ചു.