Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെലവുചുരുക്കൽ ജനത്തിനു മാത്രം; 20 ലക്ഷത്തിന്റെ കാറുകൾ വാങ്ങാൻ സർക്കാർ

Kerala Secretariat സെക്രട്ടേറിയറ്റ് മന്ദിരം (ഫയൽ ചിത്രം: മനോരമ)

തിരുവനന്തപുരം∙ ധന വകുപ്പിന്റെ നിയന്ത്രണം നിലനിൽക്കേ പുതിയ മൂന്നു കാറുകൾ കൂടി വാങ്ങാൻ മന്ത്രിസഭാ തീരുമാനം. സർക്കാരിന്റെ ചെലവുചുരുക്കൽ നടപടികൾക്കിടെയാണു പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നത്. രാജ്ഭവന്റെ ആവശ്യത്തിനാണ് ഇതിലൊന്ന്. ജയിൽ ഡിജിപി, പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ എന്നിവർക്കാണു മറ്റു രണ്ടെണ്ണം. 20 ലക്ഷത്തിലേറെ രൂപയാണ് ഒരു കാറിന്റെ വില.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവുചുരുക്കലിന്റെ ഭാഗമായാണു പുതിയ കാറുകൾക്കും മറ്റും നിയന്ത്രണം വേണമെന്നു ധനവകുപ്പ് നിർദേശിച്ചത്. എന്നാൽ വകുപ്പു മേധാവികൾ, പൊലീസ്, നിയമ നിർവഹണ ഏജൻസികൾ, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാർ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപന മേധാവികൾ എന്നിവർക്കു വാഹനം വാങ്ങാൻ സർക്കാർ ഉത്തരവിൽ ഇളവുണ്ടെന്നാണു പറയുന്ന ന്യായം.

വിജിലൻസ് അഡീഷനൽ ലീഗൽ അഡ്വൈസർ നിയമനം

വിജിലൻസ് അഡീഷനൽ ലീഗൽ അഡ്വൈസർ നിയമനം പിഎസ്‌സിക്കു വിടുന്നതു സംബന്ധിച്ച തീരുമാനം മൂന്നാം തവണയും മന്ത്രിസഭ മാറ്റിവച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി ഈ വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും തീരുമാനം നീണ്ടുപോവുകയാണ്. വിജിലൻസ് അഡീഷനൽ ലീഗൽ അഡ്വൈസർ നിയമനം പിഎസ്‌സിക്കു വിടുന്നതിൽ ഭരണമുന്നണിയിലെ ചിലർക്ക് എതിർപ്പുള്ളതിനാലാണു തീരുമാനം നീളുന്നതെന്ന് ആക്ഷേപമുണ്ട്.

അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്ന മാതൃകയിലാണ് ഈ നിയമനം നടത്തേണ്ടതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഈ നിയമനം പിഎസ്‌സിക്കു വിടുന്നതു നയ തീരുമാനം ആണെങ്കിലും ഇതേവരെ എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തിട്ടില്ല. ആഭ്യന്തര വകുപ്പ് നേരിട്ടാണ് ഇതുവരെ തസ്തികയിൽ നിയമനം നടത്തിയിരുന്നത്. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യ പ്രകാരമാണു നിയമനം പിഎസ്‌സിക്കു വിടാൻ ആലോചിക്കുന്നത്.

വിജിലൻസ് കേസുകളിൽ സർക്കാരിനു നിയമോപദേശം നൽകുന്ന പ്രധാന ചുമതല നിർവഹിക്കുന്ന ഇവരെ മാറിവരുന്ന സർക്കാരുകൾ നേരിട്ടു നിയമിക്കുന്നതു ശരിയല്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. സർക്കാർ തീരുമാനം എടുത്താൽ നിയമനം ഏറ്റെടുക്കാൻ തയാറാണെന്നു പിഎസ്‌സി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, തലശേരി എന്നിവിടങ്ങളിലായി ആറു വിജിലൻസ് കോടതികളാണുള്ളത്.

മറ്റു തീരുമാനങ്ങൾ

∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിക്കു ക്യാംപസ് സ്ഥാപിക്കുന്നതിനു കണ്ണൂർ എടയ്ക്കാട്ട് 5.64 ഏക്കർ ഭൂമി വാങ്ങി നൽകും. ഇതിനായി 5.47 കോടി രൂപ അനുവദിച്ചു.
∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് ജീവനക്കാർക്ക് 2014 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം.
∙ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ ദ ഹെറിറ്റേജ് ഓഫ് കോസ്റ്റൽ കേരള പ്രവർത്തനം ആരംഭിക്കുന്നതുവരെ പ്രഫ. കേശവൻ വെളുത്താട്ടിനെ പുനർനിയമന വ്യവസ്ഥയിൽ മുസിരിസ് പ്രൊജക്ട് ലിമിറ്റഡിൽ കൺസൽട്ടന്റായി നിയമിച്ചു.