Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലസ്ഥാനത്ത് പൊലീസിന്റെ 233 സിസിടിവികൾ കണ്ണടച്ചു; ആരുമറിഞ്ഞില്ല!

cctv-control-room Representational Image

തിരുവനന്തപുരം∙ നഗരത്തിൽ പൊലീസിന്റെ 233 നിരീക്ഷണ ക്യാമറകൾ ബുധനാഴ്ച കണ്ണടച്ചത് 12 മണിക്കൂറിലേറെ. നിയമലംഘകർ‌ അറിയാതിരുന്നതിനാൽ മറ്റു പ്രശ്നങ്ങളുണ്ടായില്ല. ഉച്ചകഴിഞ്ഞയുടൻ തകരാർ പരിഹരിച്ചു ക്യാമറകൾ പ്രവർത്തനക്ഷമമാക്കി. ബുധനാഴ്ച പുലർച്ചെ ഒന്നിനാണു ക്യാമറകൾ കൂട്ടത്തോടെ പണിമുടക്കിയത്. ഈ സമയം നഗരത്തിലെ ചില വൈദ്യുതി ലൈനുകളിൽ അമിതമായി വൈദ്യുതി പ്രവഹിച്ചതാണു കാരണമെന്നു പൊലീസ് പറയുന്നു.

ഇതോടെ ക്യാമറകളിൽനിന്നു സർവറിലേക്കും പൊലീസ് കൺട്രോൾ റൂമിലെ നിരീക്ഷണ സംവിധാനത്തിലേക്കുമുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. കൺട്രോൾ റൂമിൽ ഒരു ദൃശ്യങ്ങളും ലഭ്യമായില്ല. അമിതവേഗം ഉൾപ്പെടെയുള്ള ഗതാഗത നിയമ ലംഘനങ്ങൾ, കുറ്റവാളികളെ കണ്ടുപിടിക്കൽ, സാമൂഹ്യ വിരുദ്ധ പ്രവർത്തനം എന്നിങ്ങനെ എല്ലാത്തിനും സിറ്റി പൊലീസിന്റെ പ്രധാന ആശ്രയം ഈ ക്യാമറാ ദൃശ്യങ്ങളാണ്. കേസ് അന്വേഷണത്തിനു പോലും പലപ്പോഴും തുമ്പുണ്ടാകുന്നത് ഇതിലെ ദൃശ്യങ്ങൾ വഴിയാണ്.

പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടു യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കാനുള്ള പ്രവർത്തനം നടന്നു. കെൽട്രോൺ, സിഡാക് എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉച്ചകഴിഞ്ഞപ്പോൾ ശരിയാക്കി. ഇപ്പോൾ പഴയപടി ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ ലഭ്യമാണെന്നു പൊലീസ് അധികൃതർ അറിയിച്ചു. ബൈക്ക് റേസിങ് പാതയായി മാറിയ കവടിയാർ– വെള്ളയമ്പലം റോഡിൽ സിറ്റി പൊലീസിന്റെ പത്ത് അധുനിക ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും ബുധനാഴ്ച ആരെയും പിടികൂടിയില്ല.

ഇവയുടെ പ്രവർത്തനം പരീക്ഷണ ഘട്ടത്തിലാണെന്നും വ്യാഴാഴ്ച മുതൽ ഇവിടെ മരണപ്പാച്ചിൽ നടത്തുന്ന ബൈക്ക് യാത്രികർ കുടുങ്ങുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ തിരക്കേറിയ കേശവദാസപുരം– പട്ടം റോഡിൽ രാവിലെ ഒൻപതോടെ ചില മോട്ടോർ ബൈക്ക് സംഘങ്ങൾ പന്തയ റേസിങ് ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ഈ സമയം വാഹനമോടിക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയാണു വലത്തു നിന്നും ഇടത്തു നിന്നും ബൈക്കുകൾ വെട്ടിച്ചു കയറ്റുന്നത്.