Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ പീഡന പരാതി: നടപടിയെടുക്കണമെന്ന് ഹൈക്കോടതി

Kerala-High-Court-2

കൊച്ചി∙ വ്യാജ പീഡനക്കുറ്റം ആരോപിച്ചു യുവാവിനെ പൊലീസ് കേസില്‍ കുടുക്കിയ പരാതിക്കാരിക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പീഡനക്കേസുകളില്‍ പരാതിക്കാരിയുടെ മൊഴിക്കു കോടതി നല്‍കുന്ന പ്രാധാന്യം കണക്കിലെടുത്ത്, വ്യാജ പരാതികളിലും നടപടി ഉണ്ടാകണമെന്നു ജസ്റ്റിസ് സുനില്‍ തോമസ് നിര്‍ദേശിച്ചു. പീഡനക്കേസ് റദ്ദാക്കാനും യുവതിക്കെതിരെ അന്വേഷണം നടത്താനും പൊലീസിനു ഹൈക്കോടതി നിര്‍ദേശം നല്‍കി.

2013ല്‍ തിരുവനന്തപുരം ശ്രീകാര്യം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണു ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. വിവാഹവാഗ്ദാനം നല്‍കി ഒപ്പം താമസിച്ചയാള്‍ പീഡിപ്പിച്ച ശേഷം വഞ്ചിച്ച് ഉപേക്ഷിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇതോടെ കേസില്‍ പ്രതിയായ യുവാവ്, നാലുവര്‍ഷത്തിനു ശേഷം നിയമനടപടികള്‍ അവസാനിപ്പിക്കാനായി ഹൈക്കോടതിയെ സമീപിച്ചു. കേസ് ഒത്തുതീര്‍ക്കാനായി ഇരുവരും തമ്മില്‍ 2016ല്‍ ഉ‌ണ്ടാക്കിയ കരാറും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കരാര്‍ പരിഗണിക്കാന്‍ തയാറാകാതെ കേസിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു.

തുടര്‍ന്ന് കണ്ടെത്തിയ പ്രധാന കാര്യങ്ങള്‍ ഇങ്ങനെ:

∙ യുവാവും യുവതിയും തമ്മില്‍ കണ്ടുമുട്ടുന്നതിന് മുന്‍പേ യുവതി മറ്റു ചില വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അവയില്‍ ഒന്നില്‍നിന്നു നിയമപ്രകാരം മോചനം നേടിയിട്ടുമില്ല. അങ്ങനെയിരിക്കെ യുവാവിനു നിയമപ്രകാരം തന്നെ വിവാഹം ചെയ്യാനാവില്ലെന്നു പരാതിക്കാരിക്കു ബോധ്യമുണ്ടായിരുന്നു. അപ്പോള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വാദം നിലനില്‍ക്കില്ല.
∙ ഇരുവരും തമ്മില്‍ ശാരീരികബന്ധമുണ്ടായതു പരസ്പര സമ്മതപ്രകാരമായിരുന്നു.
∙ കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നും തന്റെ അമ്മയുടെ നിര്‍ദേശപ്രകാരമാണു പരാതി നല്‍കിയതെന്നും യുവതി നേരത്തെ നിലപാട് അറിയിച്ചിരുന്നു. ഇങ്ങനെ പരാതിയില്‍ ഉന്നയിച്ചതെല്ലാം വെറും കളവാണെന്ന നിഗമനത്തിലേക്കു കോടതിയെത്തി.

പീഡനം സംബന്ധിച്ച പരാതികളില്‍ ഇരയുടെ മൊഴിക്കു കോടതികള്‍ നല്‍കുന്ന പ്രാധാന്യം വലുതാണ്. ഈ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതിനെ ഗൗരവമായി കാണമെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതിയുടെ ഉത്തരവ്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചു പരാതിക്കാരിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാനാണു തിരുവനന്തപുരം റേഞ്ച് ഐജിക്കുള്ള നിര്‍ദേശം.

related stories