Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏപ്രിലിൽ മലയാളികൾ ഏറ്റവും അധികം വായിച്ചത്; അറിയാം നാലു മിനിറ്റിൽ

ദുരൂഹമരണങ്ങളും കൊലപാതകങ്ങളും നൊമ്പരപ്പെടുത്തിയ ഏപ്രിൽ. പോയ മാസത്തിൽ മനോരമ ഓൺലൈനിൽ മലയാളികൾ ഏറ്റവുമധികം വായിച്ച, ചർച്ച ചെയ്ത, അഭിപ്രായങ്ങൾ പങ്കുവച്ച കേരള വാർത്തകൾ ഏതൊക്കെയാണ്...?

ആ മരണങ്ങൾ കൊലപാതകം തന്നെ!

കണ്ണൂരിലെ പിണറായിയിൽ ദുരൂഹസാഹചര്യത്തിൽ നാലുമാസത്തിനിടെ കുടുംബത്തിലെ മൂന്നു പേർ മരിച്ച സംഭവത്തിൽ പ്രതിയായ വീട്ടമ്മയെ അറസ്റ്റ് ചെയ്തു. പടന്നക്കര വണ്ണത്താംവീട്ടിൽ സൗമ്യയാണ് (28) അറസ്റ്റിലായത്. മാതാപിതാക്കളായ കുഞ്ഞിക്കണ്ണൻ(80), ഭാര്യ കമല(65), മകൾ ഐശ്വര്യ(ഒൻപത്) എന്നിവർ എലിവിഷം അകത്തു ചെന്നു മരിച്ച സംഭവത്തിലാണു സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഛർദിയും വയറ്റിലെ അസ്വസ്ഥതകളും മൂലമുണ്ടായ മരണങ്ങൾ എന്ന നിലയിൽ പരിഗണിക്കപ്പെട്ട സംഭവം നാട്ടുകാരുടെ ഇടപെടലിനെത്തുടർന്നാണു കൊലപാതകമാണെന്നു തെളിഞ്ഞത്.

ആർജെ കൊലപാതകം

കിളിമാനൂർ മടവൂരിലെ മുൻ റോഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം, ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താർ നൽകിയ ക്വട്ടേഷനാണെന്നു തെളിഞ്ഞു. രാജേഷും സത്താറിന്റെ ഭാര്യയായ നൃത്ത അധ്യാപികയുമായുള്ള ബന്ധം മൂലം ഇവരുടെ കുടുംബജീവിതത്തിൽ പ്രശ്നമുണ്ടാവുകയും ദമ്പതികൾ വേർപിരിയുകയും ചെയ്തിരുന്നു. ഇതാണു രാജേഷിനോടുള്ള പകയ്ക്കു കാരണമായതെന്ന് പ്രതികൾ മൊഴി നൽകി.

ദുരൂഹമായി വിദേശവനിതയുടെ മരണം

കാണാതായ ലാത്‌വിയൻ വനിതയുടെ മൃതദേഹം ഒരുമാസത്തിനുശേഷം കോവളത്തെ കണ്ടൽക്കാടിനുള്ളിൽ കണ്ടെത്തി. അവരെ തിരഞ്ഞ് ഭർത്താവും സഹോദരിയും കേരളമൊട്ടാകെ അന്വേഷണം നടത്തവെയാണ് മൃതദേഹം കണ്ടെത്തിയത്. ആയുർവേദ ചികിൽസയ്ക്കായി ഫെബ്രുവരിയിലാണു വിദേശവനിതയും സഹോദരിയും കേരളത്തിലെത്തിയത്. പോത്തൻകോട്ട് ആയുർവേദ ചികിൽസയ്ക്കിടെ മാർച്ച് 14നാണ് അവരെ കാണാതായത്. ചികിൽസാ കേന്ദ്രത്തിൽനിന്ന് ഓട്ടോറിക്ഷയിൽ കോവളം വരെ അവര്‍ എത്തിയതായി സ്ഥിരീകരിച്ചിരുന്നു. ബലപ്രയോഗത്തിനിടെയാണ് വിദേശ വനിത മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കസ്റ്റഡി മരണം

വരാപ്പുഴയിൽ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് പൊലീസിന്റെ മർദ്ദനമേറ്റ് പിന്നീട് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനം. വീടു കയറി ആക്രമിച്ചതിനെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലാണ് ആളുമാറി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ശ്രീജിത്തിന്റെ അടിവയറ്റിൽ കനത്ത ക്ഷതമേറ്റെന്നും ജനനേന്ദ്രിയത്തിൽ രക്തം കട്ടപിടിക്കുന്ന രീതിയിൽ പരുക്കേറ്റുവെന്നും ചെറുകുടൽ മുറിഞ്ഞുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റൂറൽ എസ്പി എ.വി. ജോർജിന്റെ സ്ക്വാഡിലെ അംഗങ്ങളാണ് കേസിൽ പ്രതികളെന്നു കണ്ടെത്തിയതിനെത്തുടർന്ന് എസ്പിയെ സ്ഥലം മാറ്റിയിരുന്നു. വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെയും മറ്റു പൊലീസുകാരെയും അറസ്റ്റിലായിരുന്നു.

സർക്കാരിനെതിരെ സുപ്രീം കോടതിയുടെ ‘സ്റ്റേ’

കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ച് സുപ്രീംകോടതി. സംസ്ഥാനത്തിന്റെ ഓർഡിനൻസ് സ്റ്റേ ചെയ്ത സുപ്രീംകോടതി, പ്രവേശനം നേടിയ 180 വിദ്യാർഥികളെയും പുറത്താക്കണമെന്നും നിർദേശിച്ചു. കോടതി വിധി മറികടക്കാൻ സംസ്ഥാനം ശ്രമിക്കരുത്. ഉത്തരവു ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി പറഞ്ഞു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി പരിഗണിച്ചാണു കോടതി നിർദേശം. കോടതി വിധിക്കു പിന്നാലെ ഗവർണറും ബിൽ തള്ളി.

മന്ത്രി ‘വടി’യെടുത്തു; ഡോക്ടർമാർ സമരം പിൻവലിച്ചു

സർക്കാർ ഡോക്ടർമാരും ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും തമ്മിലുള്ള ചർച്ചയ്ക്കു പിന്നാലെ ഡോക്ടർമാർ സമരം പിൻവലിച്ചു. മൂന്നു ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ (എഫ്എച്ച്സി) വൈകിട്ട് ആറു വരെ ഒപി ആകാമെന്നു കെജിഎംഒഎ അറിയിച്ചു. ‘ആർദ്രം’ പദ്ധതിയുമായി സർക്കാർ ഡോക്ടർമാർ സഹകരിക്കും. ഡോക്ടർമാർ അവധിയെടുക്കുമ്പോൾ പകരം സംവിധാനം ഒരുക്കാനും ചർച്ചയിൽ തീരുമാനമായി.

വാട്സാപ് ഹർത്താൽ

സമൂഹമാധ്യമങ്ങളിലൂടെ ജനകീയ ഹർത്താലെന്നപേരിൽ അപ്രഖ്യാപിത സംസ്ഥാന ഹർത്താൽ ആഹ്വാനം ചെയ്ത സംഭവം കാര്യമായി അന്വേഷിച്ച് പൊലീസ്. കഠ്‌വയിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തെത്തുടർന്നാണ് ഹർത്താലിന് ആഹ്വാനം ഉണ്ടായത്. ഹർത്താലിന്റെ പേരിൽ അക്രമങ്ങൾ നടത്തിയവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം സ്വദേശിയും ശിവസേന പ്രവര്‍ത്തകനുമായ അമര്‍നാഥ് ബൈജു ആണ് അപ്രഖ്യാപിത ഹര്‍ത്താലിന്റെ ആസൂത്രകനെന്നു പൊലീസ് കണ്ടെത്തി.

ചെങ്ങന്നൂരോട്ട്

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മേയ് 28ന്. മേയ് 31ന് വോട്ടെണ്ണൽ. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ചെങ്ങന്നൂരിൽ കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. മൂന്നു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇവിടെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ (എൽഡിഎഫ്), കെപിസിസി നിർവാഹക സമിതി അംഗം ഡി. വിജയകുമാർ (യുഡിഎഫ്), ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.എസ്. ശ്രീധരൻ പിള്ള (എൻഡിഎ) എന്നിവരാണു മുഖ്യ സ്ഥാനാർഥികൾ.

സിപിഎം – സിപിഐ പാർട്ടി കോൺഗ്രസുകൾ

സിപിഎമ്മിന്റെ 22ാം പാർട്ടി കോൺഗ്രസ് ഹൈദരാബാദിലും സിപിഐയുടെ 23ാം പാർട്ടി കോൺഗ്രസ് കൊല്ലത്തും നടന്നു. ഇരു പാർട്ടികളുടെയും ദേശീയ സമ്മേളനത്തിൽ മാറ്റുരച്ചതും തന്ത്രങ്ങൾ മെനഞ്ഞ് മുഖ്യധാരയിൽ നിന്നതും കേരള ഘടകങ്ങളാണ്.