Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കളെ സർക്കാർ സ്കൂളിൽ പഠിപ്പിക്കണം; രക്ഷിതാക്കളുടെ തള്ളിക്കയറ്റം സംഘർഷത്തിൽ കലാശിച്ചു

tagore-vidyaniketan-taliparamba-2 തളിപ്പറമ്പ് ടഗോർ വിദ്യാനികേതനിൽ വിദ്യാർഥികളുടെ പ്രവേശനത്തിനായി എത്തിയവർ.

തളിപ്പറമ്പ്∙ ടാഗോർ വിദ്യാനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി രക്ഷിതാക്കളുടെയും കുട്ടികളുടെയും തള്ളിക്കയറ്റം സംഘർഷത്തിൽ കലാശിച്ചു . ഒടുവിൽ നിലവിലുള്ള 120 സീറ്റുകളിൽ പ്രവേശനം നടത്താനും ബാക്കിയുള്ളവരിൽനിന്ന് അപേക്ഷാഫോം വാങ്ങിവയ്ക്കുവാനും തീരുമാനമായി. രാവിലെ എത്തി ആദ്യം ക്യൂവിൽനിന്ന 120 പേർക്കാണു പ്രവേശനം നൽകിയത്. എന്നാൽ നിരവധി പേർ പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് കെഎസ്‌യു - എംഎസ്എഫ് പ്രവർത്തകർ സംഭവത്തിൽ ഇടപെടുകയായിരുന്നു.

സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിനു വരുന്ന ആരെയും തിരിച്ചയയ്ക്കരുതെന്ന ഉത്തരവു ചൂണ്ടിക്കാട്ടി എല്ലാവർക്കും പ്രവേശനം നൽകണമെന്ന് അവർ വാദിച്ചു. പുറത്തുള്ളവരെ സ്കൂൾ കെട്ടിടത്തിനകത്തേക്കു കയറ്റാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണു സംഘർഷം ഉടലെടുത്തത്. പൊലീസും കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ തമ്മിലും ഉന്തും തള്ളും സംഘർഷവും നടന്നു. ചില പ്രവർത്തകർക്കു പരുക്കേറ്റിട്ടുണ്ട്. ഇതേത്തുടർന്ന് എല്ലാവരിൽനിന്നും അപേക്ഷാഫോം വാങ്ങുവാനും സ്കൂളിലെ സൗകര്യങ്ങൾക്കനുസരിച്ചു തീരുമാനമെടുക്കാനും ധാരണയായി. നാളെ സ്കൂളിൽ എട്ടാം ക്ലാസിലെ പ്രവേശനവും നടക്കുന്നുണ്ട്. ഇതിൽ 60 സീറ്റാണുള്ളത്.

Taliparamaba Tagore Vidyaniketan HSS Protest പ്രതിഷേധം നടത്തുന്ന കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ.

മക്കൾക്കു പ്രവേശനം വേണം; തലേന്നു രാത്രിതന്നെ സ്കൂളിൽ തമ്പടിച്ച് രക്ഷിതാക്കൾ

സർക്കാർ വിദ്യാലയത്തിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ തലേദിവസം രാത്രി തന്നെ സ്കൂളിലെത്തി തമ്പടിച്ച വാർത്തയാണ് തളിപ്പറമ്പ് ടഗോർ വിദ്യാനികേതൻ ഗവ ഹയർ സെക്കൻഡറി സ്കൂളിനു പറയാനുള്ളത്. ഇന്നു നടന്ന അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനാണു ബുധനാഴ്ച രാത്രി തന്നെ രക്ഷിതാക്കൾ എത്തിയത്. രാത്രി 18 പേരാണ് ഇന്നു രാവിലെ ആറേമുക്കാലോടെ ഇത് 200ൽ ഏറെയായി.

ഇത്രയും കാലം പ്രവേശന പരീക്ഷയിലൂടെയാണ് ഇവിടെ പ്രവേശനം നടത്തിയിരുന്നത്. നിരന്തര പരാതികളുടെ അടിസ്ഥാനത്തിൽ ഇത്തവണ പ്രവേശന പരീക്ഷ നിർത്തലാക്കിയിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ സ്ഥിരമായി നൂറ് ശതമാനം വിജയം നേടുന്ന സ്പെഷൽ സ്കൂളാണിത്. 50 ശതമാനത്തിലേറെ പേർക്കെങ്കിലും ഡിസ്റ്റിങ്ഷനും ലഭിക്കും. അധ്യാപകർക്കു പ്രത്യേക അലവൻസ് ലഭിക്കുന്ന സംസ്ഥാനത്തെ ഏക വിദ്യാലയമാണിത്. കലക്ടർ ചെയർമാനായ സമിതിയാണു സ്കൂൾ പ്രവർത്തനം നിയന്ത്രിക്കുന്നത്.