Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദലിത് വീടുകളിലെ ‘ഭക്ഷണ നാടകം’ അവസാനിപ്പിക്കണം: ബിജെപിയോട് മോഹൻ ഭാഗവത്

Mohan Bhagwat ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.

മുംബൈ∙ ദലിതരുടെ വീടുകളിൽ പോയി ഭക്ഷണം കഴിച്ച് ബിജെപി നടത്തുന്ന ‘നാടകം’ അവസാനിപ്പിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇത്തരം നാടകങ്ങൾക്കു പകരം സ്വാഭാവികമായ ഇടപെടലുകളിലൂടെ മാത്രമേ ജാതിപരമായ വേർതിരിവുകൾ അവസാനിപ്പിക്കാനാകൂ. ബിജെപി നേതാക്കൾ ദലിതരെ സ്വന്തം വീടുകളിലേക്കു ക്ഷണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുംബൈയിൽ‌ ദലിത് വിഭാഗക്കാരുടെ ഉന്നമനവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുമ്പോഴാണു ബിജെപിയെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി ഭാഗവത് രംഗത്തെത്തിയത്. യോഗത്തിൽ പങ്കെടുത്ത വിഎച്ച്പി വർക്കിങ് പ്രസിഡന്റ് അലോക് കുമാറും ഭാഗവതിന്റെ അഭിപ്രായത്തെ പിന്താങ്ങിയെന്നാണു റിപ്പോർട്ട്.

‘ദലിതരുടെ വീടുകളിൽ സന്ദർശനം നടത്തുന്നതുകൊണ്ടു മാത്രമായില്ല. ദലിതരെ നമ്മുടെ വീടുകളിലേക്കും ക്ഷണിക്കണം. അവർ നമ്മെ സ്വീകരിക്കുന്നതുപോലെ അവരെ സ്വീകരിക്കാൻ നമ്മളും തയാറാകണം. അഷ്ടമി നാളിൽ ദലിത് പെൺകുട്ടികളുടെ വീട്ടിൽ പോയി അവരെ നാം ആദരിക്കാറുണ്ട്. എന്നാൽ, നമ്മുടെ പെൺമക്കളെ ദലിതരുടെ ഭവനങ്ങളിലേക്ക് അയയ്ക്കാൻ നാം സന്നദ്ധരാകുമോ? – ഭാഗവത് ചോദിച്ചു.

ദലിത് വിഭാഗക്കാരെ ബിജെപിയിലേക്ക് ആകർഷിക്കാനായി ‘ഗ്രാമ സ്വരാജ് അഭിയാൻ’ പദ്ധതി കഴിഞ്ഞ മാസമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതി പ്രകാരം എല്ലാ ബിജെപി മന്ത്രിമാരും എംപിമാരും 50 ശതമാനത്തിനു മുകളിൽ ദലിത് ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ സന്ദർശനം നടത്തി അവർക്കൊപ്പം ഭക്ഷണം കഴിക്കണം. ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ളവർ ദലിത് ഭവനങ്ങൾ സന്ദർശിച്ച് അവർക്കൊപ്പം ഭക്ഷണം കഴിക്കാറുണ്ട്.

ബിജെപിയുടെ ഈ ‘പരിപാടി’ കൊണ്ടു പാർട്ടിക്കു തിരഞ്ഞെടുപ്പിൽ ഒരു നേട്ടവും ഉണ്ടാകില്ലെന്ന് എംപി ഉദിത് രാജ് കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു. ബിജെപി നേതാക്കളുടെ ഇത്തരം സന്ദർശനങ്ങൾ ദലിത് വിഭാഗക്കാരുടെ അപകർഷതാബോധം വർധിപ്പിക്കാനേ ഉപകരിക്കൂ. ദലിതരുടെ ഭവനങ്ങൾ സന്ദർശിച്ച് അവർക്കൊപ്പം ഭക്ഷണം പങ്കിട്ട രാഹുൽ ഗാന്ധിയുടെ നീക്കമാണു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിയിലേക്കു നയിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനിടെ, ദലിത് ഭവനത്തിൽ സന്ദർശനത്തിനെത്തിയ ഉത്തർപ്രദേശിലെ ബിജെപി മന്ത്രി സുരേഷ് റാണ, വീട്ടിൽനിന്ന് ഭക്ഷണവും വെള്ളവും കൊണ്ടുവന്നതു വലിയ വിവാദമായിരുന്നു. എന്നാൽ, ഭക്ഷണം ഗ്രാമവാസികൾ തന്നെ തയാറാക്കിയതാണെന്നു വ്യക്തമാക്കി റാണ ആരോപണങ്ങൾ തള്ളി.

related stories