Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയൽക്കിളികളുടെ ലോങ്മാർച്ച് തടയാൻ സിപിഎം ശ്രമം; വേദി നിഷേധിച്ചെന്ന് ആക്ഷേപം

Keezhattoor-Vayalkili കീഴാറ്റൂർ വയൽ.

കണ്ണൂർ∙ കീഴാറ്റൂർ സമര ഐക്യദാർഢ്യസമിതിയുടെ ലോങ്മാർച്ച് പ്രഖ്യാപന സമ്മേളനത്തിനു സിപിഎം ഇടപെടലിനെത്തുടർന്നു വേദി നിഷേധിച്ചതായി ആരോപണം. ശനിയാഴ്ച ലോങ്മാർച്ച് പ്രഖ്യാപിക്കാനിരിക്കെ രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് അവസാന നിമിഷം ഹാൾ നിഷേധിച്ചെന്നാണു പരാതി. കീഴാറ്റൂരിലെ വയൽക്കിളികൾ അടക്കം സംസ്ഥാനത്തെ ദേശീയപാത വികസനത്തിൽ പരാതിയുള്ള മുഴുവൻ സംഘടനകളും ഭൂവുടമകളും ചേർന്നു സെക്രട്ടേറിയറ്റ് വളയുന്നതിനുള്ള ലോങ്മാർച്ച് വ്യാഴാഴ്ചത്തെ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.

സിപിഎം സമ്മർദത്തെ തുടർന്നാണു ഡിവൈഎഫ്എൈ ജില്ലാ കമ്മിറ്റി അംഗം കൂടിയായ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഹാൾ നിഷേധിച്ചതെന്നാണ് ആക്ഷേപം. ഏപ്രിൽ 23നാണു ഐക്യദാർഢ്യസമിതി ഹാൾ ഏർപ്പെടുത്തിയത്. ഹാൾ ബുക്കിങ്ങിനു സമീപിച്ചപ്പോൾ പരിപാടി എന്താണെന്നു കൃത്യമായി സൂചിപ്പിച്ചിരുന്നതായി കീഴാറ്റൂർ ഐക്യദാർഢ്യസമിതി സി. ശശി പറയുന്നു. പണം നൽകാനൊരുങ്ങിയപ്പോൾ മുൻകൂർ തുക കൈപ്പറ്റുന്ന രീതിയില്ലെന്നും പരിപാടി നടത്തിക്കഴിഞ്ഞതിനുശേഷം മാത്രം അടച്ചാൽ മതിയെന്നും ഓഫിസ് ജീവനക്കാർ പറഞ്ഞു. എന്നാൽ പരിപാടി നടക്കാനിരിക്കുന്നതിന്റെ തലേദവിസം വിളിച്ച് ഹാൾ നൽകാനാകില്ലെന്ന് അറിയിക്കുകയായിരുന്നു.

എന്നാൽ സർക്കാരിനെതിരെയുള്ള പരിപാടിക്കു സ്പോർട്സ് കൗൺസിൽ ഹാൾ കൊടുക്കാറില്ലെന്നു ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.കെ. വിനീഷ് പറഞ്ഞു. സർക്കാർ പരിപാടികൾ, കായികവികസന പരിപാടികൾ, സന്നദ്ധ സംഘടനകളുടെ പരിപാടികൾ എന്നിവയ്ക്കു മാത്രമേ ഹാൾ വിട്ടുകൊടുക്കാറുള്ളൂ. രാഷ്ട്രീയ പാർട്ടികൾക്കോ രാഷ്ട്രീയ പരിപാടികൾക്കോ നൽകാറില്ല. ഹാൾ ലഭിക്കാൻ നേരത്തെ സെക്രട്ടറിക്കു കത്തു നൽകി പണം അടയ്ക്കണം. എന്നാൽ കീഴാറ്റൂർ സമരക്കാർ വെറുതെ വാക്കാൽ മാത്രമേ ആവശ്യം പറഞ്ഞിരുന്നുള്ളൂ. പണം അടച്ചിരുന്നില്ല. വ്യാഴാഴ്ച അടിയന്തരമായ മറ്റൊരു യോഗം ഉള്ളതിനാൽ ഹാൾ നൽകാൻ പ്രയാസമാണെന്നും വിനീഷ് പറഞ്ഞു.

അതേസമയം, സ്പോർട്സ് കൗൺസിൽ ഹാൾ നിഷേധിക്കപ്പെട്ടെങ്കിലും നഗരത്തിലെ തന്നെ മറ്റൊരു ഹാളിലേക്കു സമര സമിതി പരിപാടി മാറ്റിയിട്ടുണ്ട്. കണ്ണൂർ കാൽടെക്സിലെ ഈക്കോസ് ഹാളിൽ രാവിലെ 10.30നു സമരസമിതിയുടെ യോഗം ചേരും. ലോങ് മാർച്ചിന്റെ തീയതി, മാർച്ച് കടന്നു പോകുന്ന വഴികൾ, മുദ്രാവാക്യം അടക്കമുള്ള കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമാകുമെന്നാണു സൂചന. നേരത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ കീഴാറ്റൂരിൽ നേരിട്ടെത്തി വയൽക്കിളികളോട് ലോങ്മാർച്ചിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.