Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണം: ജമാഅത്തെ ഇസ്‌ലാമി

Jamaat-E-Islami-Maulana-Jalaluddin-Umri ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീർ മൗലാന സയ്യിദ് ജലാലുദ്ദീൻ ഉമരി (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ഇന്ത്യയുടെ ജനാധിപത്യ, മതേതര, ഫെഡറൽ സ്വഭാവങ്ങൾ നഷ്ടപ്പെടുകയാണെന്ന ആശങ്ക വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനെ ചെറുക്കാൻ ജനാധിപത്യ, മതേതര കക്ഷികൾ എല്ലാ അഭിപ്രായ വ്യത്യാസവും മാറ്റിവച്ചു രംഗത്തിറങ്ങണമെന്നു ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീർ മൗലാന സയ്യിദ് ജലാലുദ്ദീൻ ഉമരിയും അസി. അമീർ മൗലാന നുസ്രത്ത് അലിയും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു സുപ്രീം കോടതി പോലും പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിലെ ബിജെപി സർക്കാർ പുലർത്തുന്നതു ഫെഡറൽ വിരുദ്ധ നയങ്ങളാണ്. ഇന്ത്യയുടെ മതേതര, ജനാധിപത്യ പാരമ്പര്യം നഷ്ടപ്പെടുന്നതു വൻ ദുരന്തമാകും. രാജ്യത്ത‌ിലെ മഹാഭൂരിപക്ഷം ജനങ്ങളും മതേതര, ജനാധിപത്യ മൂല്യങ്ങളെ നെഞ്ചോടു ചേർത്തു പിടിക്കുന്നവരാണ്. 

ജമാഅത്തെ ഇസ്‌ലാമി ഒരു കാരണവശാലും രാജ്യവിരുദ്ധവും വർഗീയവുമായ പ്രവർത്തനങ്ങളിൽ ഏർപെട്ടിട്ടില്ല. സംഘടനയുടെ ഭരണഘടന വായിച്ചാൽ ഇക്കാര്യം ബോധ്യമാകും. ജമാഅത്തിനെ നിരോധിക്കണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയിൽ ഒരു ഹർജി നിലനിൽക്കുന്നുണ്ട്. ഇതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ജമാഅത്തിന്റെ പേരിൽ അത്തരം ആരോപണങ്ങള്‍ നിലനിൽക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. കേസിനെ നിയമപരമായും ജനാധിപത്യപരമായും നേരിടും.

അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ ഒാഫിസിൽ പ്രദർശിപ്പിച്ചിരിക്കുന്ന മുഹമ്മദലി ജിന്നയുടെ ചിത്രം എടുത്തു മാറ്റണമെന്ന ആവശ്യപ്പെടുന്നവർ അനാവശ്യമായി വിവാദം സൃഷ്ടിക്കുകയാണ്. 80 വർഷമമായി ഈ ചിത്രം അവിടെയുണ്ട്. ജിന്നയുടെ മാത്രമല്ല, ഗാന്ധിജി, മദർ  തെരേസ, സി.വി.രാമൻ, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങളും അവിടെയുണ്ട്. യൂണിയൻ ആജീവനാന്ത അംഗത്വം നൽകുന്നവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് അവിടത്തെ പാരമ്പര്യമാണ്. ഇതിൽ പ്രതിഷേധമുള്ളവർ കോലാഹലം സൃഷ്ടിക്കാതെ കോടതിയെ സമീപിക്കുകയാണു വേണ്ടതെന്നും ജലാലുദ്ദീൻ ഉമരി പറഞ്ഞു.