Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാശത്ത് ഇന്ത്യൻ വിമാനങ്ങൾ നേർക്കുനേർ; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

UK GATEWAY

മുംബൈ∙ ദൈവം നൽകിയതു പോലൊരു മുന്നറിയിപ്പായിരുന്നു അത്! ബംഗ്ലദേശിന്റെ തലസ്ഥാനമായ ധാക്കയുടെ ആകാശത്ത് ഇന്ത്യൻ വിമാനങ്ങൾ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇൻഡിഗോ എയർബസ് എ320വും എയർ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900ഡിയുമാണ് ആകാശത്തു നേർക്കു നേർ വന്നത്. ഇക്കഴിഞ്ഞ മേയ് രണ്ടിനായിരുന്നു സംഭവം. ‘ഗുരുതരം’ എന്നു വിശേഷിപ്പിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോഴാണു പുറത്തു വരുന്നത്. ഇതിന്മേൽ അന്വേഷണവും ആരംഭിച്ചു.

ഇരുവിമാനങ്ങളും നേർക്കു നേർ എത്തിയപ്പോൾ ഓട്ടമാറ്റിക്കായി ലഭിച്ച മുന്നറിയിപ്പു സന്ദേശമാണ് വൻ ദുരന്തമൊഴിവാക്കാൻ പൈലറ്റുമാരെ സഹായിച്ചത്. വിമാനങ്ങൾ തമ്മിൽ വെറും 700 മീറ്റർ മാത്രം വ്യത്യാസമുള്ളപ്പോഴായിരുന്നു ‘അലർട്’ ലഭിച്ചത്.  എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സാധാരണ ഗതിയിൽ വിമാനങ്ങൾ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട അകലം ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

കൊൽക്കത്തയിൽ നിന്ന് അഗർത്തലയിലേക്കു പോകുകയായിരുന്നു ഇൻഡിഗോയുടെ 6ഇ892 വിമാനം.  അഗർത്തലയിൽ നിന്നു കൊൽക്കത്തയിലേക്കുള്ള യാത്രയിലായിരുന്നു എയർ ഡെക്കാന്റെ ഡിഎൻ602 വിമാനം. 9000 അടി ഉയരത്തിൽ നിന്ന് അഗർത്തലയിലേക്കുള്ള ലാൻഡിങ്ങിനൊരുങ്ങുകയായിരുന്നു എയർ ഡെക്കാന്റെ വിമാനം. അതേസമയം ഇൻഡിഗോ ആകട്ടെ കൊൽക്കത്തയിൽ നിന്നു ടേക്ക് ഓഫിനു ശേഷം പറന്നുയരുകയായിരുന്നു. ഇത് 8300 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു വിമാനത്തിലെ ട്രാഫിക് കൊളിഷൻ എവോയ്ഡൻസ് സിസ്റ്റം(ടിസിഎഎസ്) മുന്നറിയിപ്പു നൽകിയത്. തുടർന്ന് ഇരുവിമാനത്തിലെയും പൈലറ്റുമാർ വിമാനം സുരക്ഷിത അകലത്തിലേക്കു മാറ്റുകയായിരുന്നു.

സംഭവം ഇൻഡിഗോ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എഎഐബി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിര്‍ദശം ലഭിച്ച ഉയരത്തിലായിരുന്നെന്നാണ് ഇൻഡിഗോയുടെ വാദം. സംഭവത്തിനു പിന്നാലെ ഇക്കാര്യം കമ്പനിയെയും അഗർത്തല എയർ ട്രാഫിക് കൺട്രോളിലും പൈലറ്റ് അറിയിച്ചെന്നും ഇൻഡിഗോ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി എയർ ഡെക്കാനും സ്ഥിരീകരിച്ചു.