Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീയര്‍ വിതരണത്തിൽ ക്രമക്കേട്; സ്വകാര്യ കമ്പനിയ്ക്ക് 75 ലക്ഷം രൂപ‍ പിഴ

beer-liquor

തൃശൂർ∙ ബവ്റിജസ് കോര്‍പറേഷന് ബീയര്‍ വിതരണം ചെയ്തതില്‍ ക്രമക്കേട് നടത്തിയ സ്വകാര്യ കമ്പനിയ്ക്ക് 75 ലക്ഷം രൂപ‍ പിഴ. സപ്ലൈ ഓര്‍ഡറില്‍ തിരുത്തല്‍ വരുത്തിയാണ് തൃശൂര്‍ ആസ്ഥാനമായ സാബ് മില്ലര്‍ ഇന്ത്യ  തട്ടിപ്പ് നടത്തിയത്. സ്വന്തം ബ്രാന്‍ഡുകള്‍ പരമാവധി വിറ്റഴിക്കുകയായിരുന്നു തിരിമറിക്ക് പിന്നിലെ ലക്ഷ്യം. 

നാലു പ്രധാന ബ്രാന്‍ഡുകളുടെ വിതരണമാണ് സാബ്മില്ലര്‍ ഇന്ത്യ കരാറെടുത്തിരിക്കുന്നത്. സ്റ്റോക്ക് എത്തിക്കേണ്ട ഗോഡൗണിന്റ പേരും ബ്രാന്‍ഡും അളവും അതാത് സമയം ബവ്കോ വിതരണകമ്പനികള്‍ക്ക് തയാറാക്കി നല്‍കും. ഇങ്ങനെ നല്‍കിയ പട്ടികയിൽ ഗോഡൗണിന്റ പേര് തിരുത്തിയാണ് ക്രമക്കേട് നടത്തിയത്. അതായത് നെടുമങ്ങാട് ഗോഡൗണില്‍ സപ്ലൈ ചെയ്യണ്ടതിന് പകരം രേഖകള്‍ തിരുത്തി സ്റ്റോക്ക് തൃശൂര്‍ ഗോഡൗണില്‍ വിതരണം ചെയ്തു. ബീയര്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രദേശങ്ങളില്‍, കമ്പനി വിതരണം ചെയ്യുന്ന ബ്രാന്‍ഡുകള്‍, പരാമവധി ‌എത്തിച്ച് ലാഭം കൊയ്യുകയായിരുന്നു ലക്ഷ്യം. 

മൂന്നുമാസത്തിനിടയില്‍ 527 തവണ കമ്പനി  ബീയര്‍ സപ്ലൈ ചെയ്തു. ഇതില്‍ ഇരുനൂറിലധികം തവണയും സ്റ്റോക്ക് മറ്റിടങ്ങളിലേക്ക് മറിച്ചുകൊടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. ബവ്കോ ആസ്ഥാനത്തുള്ള കമ്പനിപ്രതിനിധിയാണ് സപ്ലൈ ഓര്‍ഡര്‍ തിരുത്തി തൃശൂരിലെ കമ്പനിയിലേക്ക് അയച്ചത്. അവിടെയുള്ള എക്സൈസ് ഉദ്യോഗസ്ഥന്‍ ഈ പട്ടിക പരിശോധിച്ച് ഉറപ്പുവരുത്തിയാണ് സാധനങ്ങള്‍ കയറ്റിവിട്ടത്.

രേഖകളിലെ തുടര്‍ച്ചയായ തിരുത്തല്‍ ഈ ഉദ്യോഗസ്ഥന്‍ കണ്ടില്ലെന്നാണ് ബവ്കോയുടെ വിശദീകരണം. കമ്പനിക്കെതിരെ  പൊലീസില്‍ പരാതി നല്‍കിയതിന് പുറമെയാണ് 75 ലക്ഷം രൂപ പിഴ ഈടാക്കിയത്.