Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരുവിൽ വോട്ടിനു ‘സൗജന്യ’മഴ; മസാലദോശ, കോഫി, ഇന്റർനെറ്റ് ഡേറ്റ

masala-dosa-with-logo

ബെംഗളൂരു ∙ മസാലദോശ, ഫിൽറ്റർ കോഫി, ഇന്റർനെറ്റ് ഡേറ്റ... വോട്ട് ചെയ്തു മഷിയടയാളം കാണിച്ചാൽ ഇവയൊക്കെ ഇന്നു സൗജന്യമാണ്. എല്ലായ്പ്പോഴും പോളിങ്ങിൽ പിന്നിലുള്ള ബെംഗളൂരുവിൽ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ വ്യാപാര സ്ഥാപനങ്ങളും വിവിധ സംഘടനകളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്.

നൃപതുംഗ റോഡിലെ നിസർഗ ഹോട്ടലാണ് വോട്ടർ തിരിച്ചറിയൽ കാർഡും വിരലിലെ മഷിയടയാളവും കാണിക്കുന്ന കന്നി വോട്ടർമാർക്കു സൗജന്യദോശ വാഗ്ദാനം ചെയ്തിരിക്കുന്നത്. മറ്റു വോട്ടർമാർക്ക് ഫിൽറ്റർ കോഫിയും. സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ഒരുകൂട്ടം കോളജ് വിദ്യാർഥികളാണ് ഇത്തരമൊരാശയം മുന്നോട്ടുവച്ചതെന്ന് ഹോട്ടലുടമ കൃഷ്ണരാജ് പറഞ്ഞു.

ബെംഗളൂരുവിലെ പ്രമുഖ ഹോട്ടൽശൃംഖല വാസുദേവ് അഡിഗയും ഇന്നു വോട്ടർമാർക്കു സൗജന്യ കോഫി വാഗ്ദാനം ചെയ്തിട്ടുണ്ട്. വോട്ടവകാശം വിനിയോഗിക്കുന്നവർക്കു രാജാജി നഗർ സെക്കൻഡ് സ്റ്റേജിലെ സൈബർ കഫേ ഉടമ ഇന്നു സൗജന്യമായി ഇന്റർനെറ്റ് നൽകും. ഇതിനു പുറമെ വോട്ടർമാർക്ക് അടുത്ത ബിബിഎംപി തിരഞ്ഞെടുപ്പുവരെ മറ്റുപല കിഴിവുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കന്നി വോട്ടർമാർ ഉൾപ്പെടെ പുതിയ തലമുറ തിരഞ്ഞെടുപ്പിനോടു മുഖംതിരിക്കുന്ന സാഹചര്യത്തിൽ അവരെ സമ്മതിദാനം വിനിയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ബെംഗളൂരുവിലെ മറ്റു ചില വ്യാപാര സ്ഥാപനങ്ങളും സലൂണുകളും ആശുപത്രികളും സമാന വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

നഗരത്തിലെ പോളിങ് ശതമാനം കൂട്ടുന്നതിനൊപ്പം യുവതലമുറയ്ക്കു തിരഞ്ഞെടുപ്പു രാഷ്ട്രീയത്തോട് ആഭിമുഖ്യം ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി ഒട്ടേറെ സംഘടനകളും രംഗത്തുണ്ട്.

related stories