Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കടക്കു പുറത്ത്’ കാസർകോടും; മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ മാധ്യമങ്ങൾക്ക് ഇടമില്ല

Pinarayi-Vijayans-Programme-Venue പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന ഹാളിനു പുറത്ത് കൂടിനിൽക്കുന്ന മാധ്യമപ്രവർത്തകർ.

കാഞ്ഞങ്ങാട്∙ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചർച്ചയിൽനിന്നു മാധ്യമ പ്രവർത്തകരെ പുറത്താക്കി. കാഞ്ഞങ്ങാട്ട് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ലയൻസ് ക്ലബ് ഹാളിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. മുഖ്യമന്ത്രിയുമായുള്ള മുഖാമുഖമായിരുന്നു പ്രധാന പരിപാടി. ജില്ലയിലെ വിവിധ മേഖലകളിലെ പ്രമുഖരാണു ചർച്ചയിൽ പങ്കെടുത്തത്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽനിന്ന് മാധ്യമ പ്രവർത്തകരെ അകറ്റി നിർത്താൻ പൊലീസിന് ഉൾപ്പെടെ നേരത്തേതന്നെ നിർദേശം ലഭിച്ചതായാണു വിവരം. കാസർകോടു ജില്ലയിൽ നിന്നുള്ള മന്ത്രി ഇ.ചന്ദ്രശേഖരനാണ് മാധ്യമ പ്രവർത്തകർ പുറത്തു പോകണമെന്നു മൈക്കിലൂടെ ആവശ്യപ്പെട്ടത്.

മന്ത്രി പറഞ്ഞതിനുശേഷവും പുറത്തിറങ്ങാതിരുന്ന മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി തന്നെ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഇതോടെ, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷൻ വി.വി. രമേശൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ എന്നിവർ മാധ്യമ പ്രവർത്തകരുടെ അടുത്തെത്തി പുറത്തു പോകണമെന്ന് രഹസ്യമായി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ചിത്രമെടുക്കാനും റിപ്പോർട്ട് തയാറാക്കാനും മാത്രമേ മാധ്യമ പ്രവർത്തകരെ അനുവദിച്ചുള്ളൂ.

മുഖ്യമന്ത്രിയുടെ പരിപാടിയിൽനിന്ന് പുറത്താക്കിയ നടപടിയിൽ മാധ്യമപ്രവർത്തകർ പ്രധിഷേധം രേഖപ്പെടുത്തി. ജില്ലയിലെ ചില സമ്പന്നരെ ഉൾപ്പെടുത്തി സിപിഎം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമപ്രവർത്തകരെ ഇറക്കി വിട്ടതു വസ്തുതകൾ മറച്ചു വയ്ക്കാനാണെന്ന് മാധ്യമപ്രവർത്തകർ ആരോപിച്ചു.

related stories