Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമസഭാ സമ്മേളനം ജൂൺ നാലു മുതൽ; ഗവർണറോടു ശുപാർശ ചെയ്യും

Kerala Legislative Assembly

തിരുവനന്തപുരം∙ നിലവിലുള്ള ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളും മറ്റും പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം ജൂൺ നാലു മുതൽ വിളിച്ചു ചേർക്കുന്നതിനു ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. സമ്മേളനം 21 വരെ നീളാനാണ് സാധ്യത. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പരിഗണിക്കാനാവാതെ കാലാവധി അവസാനിച്ച 13 ഓർഡിനൻസുകൾ പുനർവിജ്ഞാപനം ചെയ്തിരുന്നു. നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്തു കൊണ്ടുള്ള ഓർഡിനൻസുകളാണ് ഇവ. പുറമേ മന്ത്രിസഭ അംഗീകരിച്ച പുതിയ ബില്ലുകളും നിയമസഭയുടെ പരിഗണനയ്ക്കു വരാനിടയുണ്ട്.

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ, കേരള ഹൈക്കോടതി നിയമ ഭേദഗതി, കേരള അബ്കാരി നിയമഭേദഗഗതി, തിരുവിതാംകൂർ -കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ നിയമ ഭേദഗതി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിയമ ഭേദഗതി, സംസ്‌കൃത സർവകലാശാല നിയമഭേദഗതി, കോഴിക്കോട് സർവകലാശാല (സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും താൽക്കാലിക ബദൽ ക്രമീകരണം) നിയമ ഭേദഗതി, കേരള സർവകലാശാലാ നിയമ ഭേദഗതി, കേരള പഞ്ചായത്ത്‌രാജ് നിയമ ഭേദഗതി, കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി, കേരള ജലസേചനവും ജലസംരക്ഷണവും നിയമ ഭേദഗതി, എപിജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാലാ നിയമ ഭേദഗതി, കേരള പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) നിയമ ഭേദഗതി ബിൽ തുടങ്ങിയവയാണ് നിയമസഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്കു വരിക. ഇവയിൽ ഭൂരിപക്ഷവും പാസാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. ഏതൊക്കെ ബില്ലുകൾ അവതരിപ്പിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതു നിയമസഭയുടെ കാര്യോപദേശക സമിതിയാണ്.